അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന് കൊച്ചി ആതിഥേയത്വം വഹിക്കും.


ഹാർട്ട് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ വിവിധ വേദികളിൽ മത്സരം സംഘടിപ്പിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷവും അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും സാധാരണ ജീവിതം നയിക്കാൻ പറ്റുമെന്ന് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. അവയവദാനം നടത്തിയവർക്കും സ്വീകരിച്ചവർക്കും നിശ്ചിത കാലയളവിന് ശേഷം സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ അറിയിക്കാൻ ഗെയിംസിലൂടെ സാധിക്കും. അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ഗെയിംസിലൂടെ ഹാർട്ട് കെയർ ഫൗണ്ടേഷൻ ലക്ഷ്യംവെക്കുന്നുണ്ട്.  


ഗെയിംസിന്റെ പ്രധാന വേദി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററാണ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും, ലുലുമാളിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), കൊച്ചി നഗരസഭ, കെഎംആർഎൽ, റീജിയണൽ സ്പോർട്സ് സെന്റർ, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്) എന്നിവരുടെ സഹകരണത്തോടയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
കരൾമാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തത് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനാണ്.

ആശംസയുമായി പ്രശസ്തർ

കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ, ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, പ്രചി ടെഹ്ലാൻ, പ്രശസ്ത ഫുഡ്‌ബോൾ താരം ഐഎം വിജയൻ, ഇന്ത്യയിലെ ആദ്യത്തെ ഹാർട്ട് ട്രാൻസ്പ്ലാന്റ് റെസിപ്പിയന്റ് പ്രീതി ഉന്നാലെ, ഫ്‌ലവേഴ്‌സ് ടിവി, 24 ന്യൂസ് ചാനൽ മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മേജർ രവി എന്നിവർ ആശംസകളറിയിച്ചു.  


ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ പ്രചാരണാർഥം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. എറണാകുളം പ്രസ് ക്ലബും കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഘടനയായ Lifok എന്നിവരും സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഏറ്റുമുട്ടി. കൂടാതെ ട്രാൻസ്പ്ലാന്റ് ഗെയിംസ് ടീം സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ ഭാഗമായി. ജെഎൽഎൻ സ്റ്റേഡിയത്തിൽ 5 കിലോമീറ്റർ റെയ്സ് വാക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ചേർന്ന് ആസ്റ്റർ മെഡിസിറ്റിയും ലിവർ കെയർ ഫൗണ്ടേഷനും ചേർന്ന് സൈക്ലോത്തോണും സംഘടിപ്പിച്ചു. മാത്രമല്ല ഓർഗൻ ട്രാൻസ്പ്ലാന്റ് ചെയ്ത കുട്ടികളുമായി കൊച്ചി വാട്ടർ മെട്രോ യാത്രയും സംഘടിപ്പിച്ചു. ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ ജഴ്‌സി കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ കൈമാറി, മെഡലുകൾ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള അനാച്ഛാദനം ചെയ്തു.
ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പങ്കെടുക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version