2047 ഓടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത് 4,500 വന്ദേ ഭാരത് ട്രെയിനുകൾ. ഇതോടെ ഇന്ത്യയിലെ ട്രാക്കുകളിൽ ഓടുന്ന നിലവിലെ ട്രെയിനുകൾ വന്ദേ ഭാരതിന് വഴിമാറും. മൂന്നു വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഓടിത്തുടങ്ങും. ഗുജറാത്തിലാകും ആദ്യ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറങ്ങുക. ഇതോടെ റയിൽവെയുടെ വരുമാനം കുത്തനെ വർധിക്കും എന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ കുതിപ്പിനൊപ്പം ചീറിപ്പായാൻ കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകൾ 2047 ഓടെ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്രെയിനുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവന്നു ഇന്ത്യൻ റെയിൽവേയും കാർബൺ ബഹിർഗമനം കുറയ്ക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമാകുകയാണ്. റെയിൽവേയുടെ മുഖച്ഛായ മാറാനും വരുമാനം കുതിക്കാനും വന്ദേ ഭാരത് കാരണമാകും.
നിലവിൽ രാജ്യത്ത് 34വന്ദേ ഭാരത് ട്രെയിനുകൾ ആണ് ഓടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നു കേന്ദ്ര ഉരുക്കു- വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സൂചന നൽകിയിട്ടുണ്ട്. സൂറത് വഴിയുള്ള അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിൻ പാത സമയബന്ധിതമായി പൂർത്തിയാകുമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അടുത്തിടെ സൂചിപ്പിച്ചിരുന്നു.
2013-14 ലെ റെയിൽവേക്കായുള്ള ബജറ്റ് വിഹിതം 29,000 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഇത് 2.40 ലക്ഷം കോടി രൂപയാണെന്ന് സിന്ധ്യ ചൂണ്ടിക്കാട്ടി.
ഒരു വന്ദേഭാരത് ട്രെയിൻ നിർമിക്കാൻ 100 കോടി രൂപയിൽ അധികമാണ് ചെലവ് എന്ന് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി വ്യക്തമാക്കുന്നു. ഒരു ട്രെയിനിന് 104.35 കോടി രൂപയാണു ചെലവെന്നാണ് ഔദ്യോഗിക മറുപടി.
8 മോട്ടർ കോച്ചുകൾ, 2 ഡ്രൈവിങ് ട്രെയിലർ കോച്ചുകൾ, 2 നോൺ ഡ്രൈവിങ് ട്രെയിലർ കോച്ചുകൾ, 4 ട്രെയിലർ കോച്ചുകൾ എന്നിവയുൾപ്പെട്ട 16 കോച്ചുകൾ വീതമുള്ള ഒരു ട്രെയിനിന്റെ നിർമാണ ചെലവാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി പുറത്തുവിട്ടത്.
യാത്രക്കാരുടെ ഡിമാൻഡ് ഏറുന്നു
പ്രവർത്തനമാരംഭിച്ച ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം വരുമാനം വന്ദേഭാരത് എക്സപ്രസിൽ നിന്ന് ലഭിച്ചിരുന്നു. ടിക്കറ്റ് വിൽപ്പന, കാറ്ററിംഗ്, മറ്റ് സേവനങ്ങൾ എന്നിവയിൽ നിന്നാണ് കൂടുതലും വരുമാനം .
വന്ദേഭാരത് ട്രെയിൻ ടിക്കറ്റിന് വൻ ഡിമാൻഡാണ്. നൂറ് ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ കേരളത്തിൽ ശരാശരി ആവശ്യക്കാർ 170-180 വരെയാണ്. ഇത്രയേറെ സൗകര്യങ്ങളുള്ളതിനാൽതന്നെ സ്വാഭാവികമായും മറ്റ് ട്രെയിനുകളേക്കാൾ ടിക്കറ്റ് നിരക്ക് കൂടുതലാണ് വന്ദേഭാരതിന്.
വന്ദേ ഭാരത് ട്രെയിനുകൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ആവശ്യക്കാർ വർധിച്ചു വരുന്നതിനാൽ പുതിയ പദ്ധതികൾ ദക്ഷിണ റെയിൽവേ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. യാത്രക്കാർക്കായി മികച്ച ഭക്ഷണം, യാത്രാനുഭവങ്ങൾ എന്നിവ ഉറപ്പാക്കാനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും.
2021-ൽ റെയിൽവേ, റോഡ് ഗതാഗത മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഏകോപിപ്പിച്ചതും, 10 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവിലെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നതും റയിൽവെയുടെ വികസനം മുന്നിൽ കണ്ടാണ്.