രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ വിശ്വാസം അർപ്പിച്ച് നിക്ഷേപം നടത്തുന്നത് നിരവധി പേരാണ്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നവരിൽ ഏറ്റവും മുൻപന്തിയിലാണ് രത്തൻ ടാറ്റ. എന്നാൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെയും മറ്റും വളർച്ച തിരിച്ചറിഞ്ഞ് സിനിതാരങ്ങളടക്കമുള്ളവർ ഇപ്പോൾ നിക്ഷേപവുമായി മുന്നോട്ട് വരുന്നുണ്ട്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, പ്രിയങ്ക ചോപ്ര എന്നിങ്ങനെ നിരവധി പേർ നിക്ഷേപ ലോകത്തേക്ക് ചുവടുവെച്ച് കഴിഞ്ഞു. ഈ വർഷം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയ, എന്റർപ്രണർമാരായ കുറച്ച് താരങ്ങളെ പരിചയപ്പെടാം. ഒപ്പം എങ്ങനെയാണ് അവർ നിക്ഷേപകരായതെന്നും.
സച്ചിൻ തെണ്ടുൽക്കർ (Sachin Tendulkar)
ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഇപ്പോൾ ക്രിക്കറ്റ് കളത്തിലല്ല സെഞ്ച്വറികൾ വാരുന്നത് ബിസിനസിലാണ്. ഇന്ത്യയുടെ ജഴ്സിയഴിച്ച സച്ചിൻ പിന്നാലെ ബിസിനസ്മാന്റെ കോട്ടിട്ടു. നിക്ഷേപവും എന്റർപ്രണർഷിപ്പുമാണ് സച്ചിന്റെ ഇപ്പോഴത്തെ പിച്ച്.
സച്ചിന്റെ നിക്ഷേപം ലഭിച്ച സ്റ്റാർട്ടപ്പുകളാണ് സ്മാഷ് എന്റർടെയ്ൻമെന്റ് (Smaaash Entertainment), ജെറ്റ്സിന്തസിസ് (JetSynthesys), ഇന്റർനാഷണൽ ടെന്നീസ് പ്രീമിയർ ലീഗ് (International Tennis Premier League) എന്നിവ. ഏറ്റവും അവസാനമായി സച്ചിൻ നിക്ഷേപം നടത്തുന്ന സ്റ്റാർട്ടപ്പാണ് ആസാദ് എൻജിനിയറിംഗ് (Azad Engineering). 2023ലാണ് ആസാദ് എൻജിനിയറിംഗ് സച്ചിൻ നിക്ഷേപം നടത്തുന്നത്. സ്റ്റാർട്ടപ്പിന്റെ ശക്തമായ പോർഫോളിയോ അവതരിപ്പിക്കാൻ സാധിച്ചിടത്താണ് ഫൗണ്ടേഴ്സിന് സച്ചിനെ ബിസിനസ്സിലേക്ക് ആകർഷിക്കാനായത്.
ആലിയ ഭട്ട് (Alia Bhatt)
2023 ആലിയ ഭട്ടിന് സംബന്ധിച്ച് നല്ല വർഷമാണ്. ബോക്സ് ഓഫീസിൽ തരംഗമുണ്ടാക്കിയ സിനിമകൾ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നേട്ടങ്ങൾ നിരവധി. ഈ വർഷം തന്നെയാണ് ആലിയ മാതൃ-ശിശു സംരക്ഷണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാൻഡിന്റെ ഭാഗമാകുന്നതും. കുട്ടികൾക്ക് വേണ്ടി സുസ്ഥിരവും പ്രകൃതിയോടു ഇണങ്ങുന്നതുമായ കുഞ്ഞുടുപ്പുകളാണ് സൂപ്പർ ബോട്ടംസ് (SuperBottoms) എന്ന ബ്രാൻഡിൽ ആലിയ ഭട്ട് പുറത്തിറക്കുന്നത്. പല്ലവി ഉത്തഗിയാണ് (Pallavi Utagi) സൂപ്പർ ബോട്ടംസിന്റെ ഫൗണ്ടറും സിഇയും. ആലിയയുടെ എഡ്-എ-മമ്മ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റിലയൻസ് ബ്രാൻഡ്സുമായി ചർച്ച പുരോഗമിക്കുകയാണ്. മികച്ച സ്റ്റാർട്ടപ്പുകളെ മെന്റർ ചെയ്യുന്ന നെറ്റ് വർക്കുകളിലൂടെയാണ് പല സ്റ്റാർട്ടപ്പുകളും സെലിബ്രിറ്റികളിലേക്ക് എത്തുന്നത്.
ദീപികാ പദുകോൺ (Deepika Padukone)
നിക്ഷേപക ലോകത്തേക്കുള്ള ദീപികാ പദുകോണിന്റെ വരവറിയിച്ച വർഷമാണ് 2023. ബ്ലൂ ടോകയ് കോഫീ റോസ്റ്റേഴ്സ് (Blue Tokai Coffee Roasters) ആണ് ദീപികയുടെ നിക്ഷേപം ലഭിച്ച കമ്പനി. എത്ര തുകയാണ് നിക്ഷേപം നടത്തിയതെന്ന് ഇരു കൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. ദീപികയുടെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച കെഎ എന്റർപ്രൈസാണ് സ്റ്റാർട്ടപ്പിൽ ഫണ്ടിംഗ് നടത്തുന്നത്.
നയൻതാര (Nayanthara)
മലയാളസിനിമയിലൂടെ വന്ന് തെന്നിന്ത്യയും ബോളിവുഡും കീഴടക്കിയ നടിയാണ് നയൻതാര. എന്റർപ്രണർഷിപ്പിലേക്കും നിക്ഷേപങ്ങളിലേക്കും നയൻതാര കടന്നുവന്നത് ഈ വർഷമാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചായ് വാലെയിലാണ് നയൻതാര ആദ്യ നിക്ഷേപം നടത്തിയത്. തൊട്ടുപിന്നാലെ ലിപ് ബാം കമ്പനിയും ലോഞ്ച് ചെയ്തു.
നയൻസ്കിൻ (9Skin ) എന്ന പേരിൽ സ്കിൻകെയർ ബ്രാൻഡും ഫെമി9 എന്ന പേരിൽ സാനിറ്ററി നാപ്കിൻ ബ്രാൻഡും താരം തുടങ്ങിയിട്ടുണ്ട്. സൂപ്പർ ബ്രാൻഡായ ദ ഡിവൈൻ ഫുഡ്സിലും നയൻതാര നിക്ഷേപം നടത്തിയിരുന്നു.
അനുഷ്ക ശർമ (Anushka Sharma)
സിനിമയാണെങ്കിലും നിക്ഷേപമാണെങ്കിലും സ്വന്തം കൈയൊപ്പ് പതിപ്പിക്കമെന്ന് നിർബന്ധമുള്ളയാളാണ് അനുഷ്ക ശർമ. കുട്ടികൾക്ക് വേണ്ടി സിറിലും റെഡി ടു ഈറ്റ് ഭക്ഷണവും നിർമിക്കുന്ന സ്ലർപ്പ് ഫാമിലാണ് (Slurrp Farm) അനുഷ്ക ശർമ നിക്ഷേപം നടത്തിയത്. ഇതിന് മുമ്പ് മില്ലെയിലും (Mille) ഫണ്ടിംഗ് നടത്തിയിട്ടുണ്ട്. കൂടാതെ സ്വന്തമായി നഷ് (Nush) എന്ന പേരിൽ തുണിത്തരങ്ങളുടെ ബ്രാൻഡും ക്ലീൻ സ്ലേറ്റ് ഫിലിംസ് (Clean Slate Filmz) എന്ന പേരിൽ സിനിമാ നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു.
രാംചരൺ തേജ (Ram Charan Teja)
തെന്നിന്ത്യൻ സിനിമയിൽ രാംചരൺ എന്ന പേര് തന്നെ ആളെ കൂട്ടുന്ന ഒരു ബ്രാൻഡാണ്. സിനിമയിൽ നേടിയ വിജയം ബിസിനസിലും രാംചരൺ നേടുന്നുണ്ട്. ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടർബോ മെഗാ എയർവേയ്സിൽ നല്ലൊരു ശതമാനം ഓഹരി രാംചരണിന് സ്വന്തമാണ്. ഹൈദരബാദിലെ പോളോ ക്ലബിലും മറ്റും നിക്ഷേപവുമുണ്ട്.
സംരംഭകരോട്, വാല്യു ക്രിയേഷനും ഫണ്ട് നേടുന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. സെലിബ്രിട്ടികളെ അവരുടെ ഹാങ്ഔട്ട് ഏരിയകളിൽ, അത് ഇൻസ്റ്റാഗ്രാംപോലുള്ള പ്ലാറ്റ്ഫോമുകളാകാം, കണ്ടെത്താനും കണക്റ്റ് ചെയ്യാനും കഴിയുന്നവരിൽ പലർക്കും അവരുടെ സ്റ്റാർട്ടപ് ആശയം പങ്കുവെക്കാൻ അവസരം കിട്ടാറുണ്ട്. കേവലം പരിചയത്തിൽ നിന്ന് ഫണ്ടിംഗിലേക്ക് കടക്കുക അസാധ്യമാകും, അവിടെയാണ് ശക്തമായ പോർഫോളിയോ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നത്.