ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായ നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ഈ അത്യാധുനിക ബോട്ട് പരിസ്ഥിതി സൗഹൃദ സമുദ്രഗതാഗതത്തിൽ പുതിയ മാതൃക തീർക്കുകയാണ്.
![](https://channeliam.com/wp-content/uploads/2023/12/WhatsApp-Image-2023-12-14-at-3.40.57-PM.jpg)
ആലപ്പുഴയിൽ നവഗതിയുടെ പണവള്ളി യാർഡിലാണ് ബോട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ മസഗോൺ ഡോക്ക് ലിമിറ്റഡിന്റെ ജനറൽ മാനേജർ സഞ്ജയ് കുമാർ സിംഗ്, നവാൾട്ട് സി.ഇ.ഒ സന്ദിത് തണ്ടാശേരി, എംഡിഎൽ അഡീഷണൽ ജനറൽ മാനേജർ ദേവി നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹേമന്ത് രാത്തോഡ് എന്നിവർ പങ്കെടുത്തു.
സമാനതകളില്ലാത്ത പ്രവർത്തനം
കടലിൽ ചാട്ടുളി പോലെ പായുന്ന നീണ്ട മത്സ്യമായ ബരക്കുഡയുടെ പേരാണ് ഏറ്റവും വേഗമേറിയ സോളാർ-ഇലക്ട്രിക് ബോട്ടിന് നൽകിയിരിക്കുന്നത്. 12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗത ബോട്ടിനുണ്ട്. ഒറ്റ ചാർജിൽ 7 മണിക്കൂറാണ് ബോട്ടിന്റെ റേഞ്ച്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാർ പവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്. 12 പേർക്ക് യാത്ര ചെയ്യാം.
![](https://channeliam.com/wp-content/uploads/2023/12/WhatsApp-Image-2023-12-14-at-4.27.01-PM.jpg)
കാര്യക്ഷമത, ഊർജ്ജ ഉപയോഗം, പരിസ്ഥിതി സൗഹൃദം എന്നിവയിൽ സമാനതകളില്ലാത്ത പ്രവർത്തന മികവ് കാഴ്ച്ചവെക്കുന്നതാണ് ഇതെന്ന് സന്ദിത് തണ്ടാശേരി പറഞ്ഞു.കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് നവാൾട്ട്.
![](https://channeliam.com/wp-content/uploads/2023/12/image-73.jpg)
മൊബിലിറ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പായി 2023 – ബെർലിൻ സ്റ്റാർട്ട്-അപ്പ് എനർജി ട്രാൻസിഷൻ അവാർഡ്, രണ്ട് തവണ ഗുസ്താവ് ട്രൂവ് അവാർഡ് എന്നിവ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.