നീറ്റ്, ജെഇഇ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സതീ (SATHEE) പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികൾക്ക് പഠനസഹായം നൽകാനാണ് സെൽഫ് അസസ്മെന്റ്, ടെസ്റ്റ് ആൻഡ് ഹെൽപ് ഫോർ എൻട്രൻസ് എക്സാമിനേഷൻ എന്ന പേരിൽ മന്ത്രാലയം പോർട്ടൽ ലോഞ്ച് ചെയ്തത്.
കാൺപൂർ ഐഐടിയുടെ സഹകരണത്തോടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പോർട്ടൽ വികസിപ്പിച്ചത്. എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന ഓപ്പൺ ലേണിംഗ് പ്ലാറ്റ്ഫോമാണ് സതീ എന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പഠിക്കാൻ 60,000 ചോദ്യങ്ങൾ
ഏതു മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ആശ്രയിക്കാൻ പറ്റുന്നതാണ് സതീ പോർട്ടൽ. വിദ്യാർഥികളെ സഹായിക്കാൻ എഐ ടൂൾ സംയോജിപ്പിച്ചാണ് സതീ വികസിപ്പിച്ചിരിക്കുന്നത്. മത്സര പരീക്ഷകളുടെ ഏതുഘട്ടത്തിൽ വേണമെങ്കിലും സതീയുടെ സേവനം പ്രയോജനപ്പെടുത്താം. മത്സര പരീക്ഷ വിജയിച്ച മുതിർന്ന വിദ്യാർഥികൾ ചോദ്യോത്തരങ്ങൾ ചർച്ച ചെയ്യുന്ന സെഷനും മറ്റും സതീയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻസിഇആർടി കരിക്കുലം അടിസ്ഥാനമാക്കിയാണ് വീഡിയോ ലെക്ചർ ക്ലാസുകളും ലൈവ് സെഷനുകളും തയ്യാറാക്കിയിരിക്കുന്നത്. സതീയിലുള്ള 60,000 ചോദ്യങ്ങളും വിദ്യാർഥികൾക്ക് പഠനവേളയിൽ ഉപകരിക്കും. ഐഐടി, AIIMS തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തന്നെയാണ് ക്ലാസുകളെടുക്കുന്നത്.