സവാള കൂടുതൽ കാലം ഗുണനിലവാരത്തോടെ സൂക്ഷിക്കാൻ സംവിധാനവുമായി ഭാഭാ ആറ്റോമിക് റിസേർച്ച് സെന്റർ (BARC). റേഡിയേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശിതീകരണ സംവിധാനത്തിലൂടെ സവാളയുടെ സംവരണ കാലാവധി വർധിപ്പിക്കുകയാണ് ഭാഭാ ആറ്റോമിക് റിസേർച്ച് സെന്റർ.
ഇതുവഴി ഏഴരമാസം വരെ സവാള കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. സവാള ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നത് കർഷകർക്ക് ആശ്വാസമാകും.
നാസിക്ക് ലാസൽഗാവിലെ ക്രുഷാക്ക് ഫുഡ് ഇറേഡിയേഷൻ കേന്ദ്രത്തിൽ 250 ടൺ സവാള സംഭരിക്കാൻ സാധിക്കും. മാമ്പഴം, തക്കാളി തുടങ്ങിയവയും ക്രുഷാക്കിലെ ഇറേഡിയേഷൻ കേന്ദ്രത്തിൽ ഇറേഡിയേറ്റ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്.
വിലക്കയറ്റം പിടിച്ചു നിർത്താൻ
കർഷകർക്കും ഉപഭോക്താക്കൾക്കും ഒരേ പോലെ ഉപകാരപ്രദമാണ് ഇറേഡിയേറ്റ് സംവിധാനം. വിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താനും കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഇതുവഴി സാധിക്കും. സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപഭോക്തൃ വകുപ്പ്, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഡിപ്പാർട്മെന്റ് ഓഫ് കൺസ്യൂമർ അഫയേഴ്സ് എന്നിവരുമായി ബാർക് കരാറിലേർപ്പെട്ടിരുന്നു.
ലാസൽഗാവിലെ കേന്ദ്രത്തിൽ 1,000 ടൺ സവാള സംഭരിച്ചിട്ടുണ്ട്. 2002ലാണ് വിളവെടുത്ത കാർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ബാർക് സംഭരണ കേന്ദ്രം പണിയുന്നത്.