ചന്ദ്രനിൽ നിന്ന് പാറക്കഷ്ണങ്ങൾ കൊണ്ടുവരികയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഐഎസ്ആർഒ (ISRO). ചാന്ദ്രയാൻ-3 മിഷന്റെ വിജയത്തെ കുറിച്ച് രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ സംസാരിക്കുമ്പോഴാണ് ഇസ്റോ ചീഫ് എസ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചന്ദ്രനോടുള്ള താത്പര്യം ഇനിയും കുറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചന്ദ്രോപരിതലത്തിൽ നിന്ന് പാറക്കഷ്ണങ്ങൾ കൊണ്ടുവരികയാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞത്. എളുപ്പമല്ലെങ്കിലും ചന്ദ്രനിൽ നിന്ന് പാറക്കഷ്ണം കൊണ്ടുവരാൻ പരിശ്രമിക്കുമെന്ന് എസ്. സോമനാഥ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന മിഷൻ സങ്കീർണമായതിനാൽ മനുഷ്യരെ ഉൾപ്പെടുത്തില്ല.
ഇന്ത്യയുടെ ബഹിരാകാശ നിലയവും
ചന്ദ്രനിലെ പാറക്കഷ്ണം കൊണ്ടുവരുന്നതിനുള്ള ദൗത്യം രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത നാല് വർഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ പോലെ തന്നെ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ദൗത്യവും മുന്നേറി കൊണ്ടിരിക്കുകയാണ്. ക്രൂ മൊഡ്യൂളും സർവീസും രൂപകല്പന ചെയ്തിട്ടുണ്ട്. ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ബഹിരാകാശത്ത് നിലയം സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു കഴിഞ്ഞു. 2035ഓടെ ബഹിരാകാശ നിലയം പണിയാനാണ് ലക്ഷ്യംവെക്കുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞർക്ക് താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള നിലയമാണ് പണിയാൻ പോകുന്നത്. 2028ൽ ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ മൊഡ്യൂൾ ലോഞ്ച് ചെയ്യും. റോബോർട്ടിലാണ് ആദ്യത്തെ മൊഡ്യൂൾ പ്രവർത്തിക്കുക. 2035ഓടെയായിരിക്കും മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന നിലയം പണിയുക.