സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവന്ന് ദുബായ്.
മീഡിയ പ്രവർത്തനത്തിന് കീഴിൽ
ഭേദഗതി അനുസരിച്ച് മീഡിയുമായി ബന്ധപ്പെട്ട് എല്ലാ ഉള്ളടക്കങ്ങളുടെയും നിർമാണം, വിതരണം, അച്ചടി, പ്രസിദ്ധീകരണം എന്നിവ മീഡിയാ പ്രവർത്തനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. സൗജന്യമായോ അല്ലാതെയോ ചെയ്യുന്ന ഓഡിയോ, വീഡിയോ, ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് എന്നിവയും മീഡിയാ പ്രവർത്തനത്തിന് കീഴിൽ വരും. ഇത്തരം മീഡിയാ പ്രവർത്തനങ്ങൾക്ക് ലൈസൻസും പെർമിറ്റും നൽകുന്നതും ഇനി ഭേദഗതി അടിസ്ഥാനമാക്കിയായിരിക്കും.
യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
പാലിക്കേണ്ട മാനദണ്ഡങ്ങൾ- ഇസ്ലാം അടക്കമുള്ള എല്ലാ മതവിഭാഗങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം പുലർത്തണം. യുഎഇയുടെ പരമാധികാരം, ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ മാനിക്കണം. യുഎഇയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. സാമൂഹിക ഐക്യമോ ദേശീയതയെയോ ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിയമം നിഷ്കർഷിക്കുന്നു. യുഎഇയുടെ നിയമ-സാമ്പത്തിക സംവിധാനങ്ങളോട് നിരുത്തരവാദിത്വപരമായി പെരുമാറരുതെന്നും നിയമം പറയുന്നു.
സിനിമ ആരൊക്കെ കാണണമെന്ന് നിശ്ചയിക്കും
നിയമം അനുസരിച്ച് സിനിമാ പ്രദർശനം അടക്കമുള്ള കാര്യങ്ങൾക്ക് പെർമിറ്റ് നൽകുന്നത് യുഎഇ മീഡിയാ കൗൺസിൽ ആയിരിക്കും. പുസ്തകങ്ങൾ, വീഡിയോ ഗെയിംസ്, സിനിമാ നിർമാണം തുടങ്ങിയ കലാപ്രവർത്തനങ്ങളെല്ലാം മീഡിയ കണ്ടന്റ് റേറ്റിംഗ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഏതൊക്കെ പ്രായക്കാർക്ക് ഏതൊക്കെ സിനിമ കാണാമെന്ന് റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും.
സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകാനും മീഡിയ ഉള്ളടക്കം നൽകുന്നതിനും കൗൺസിലിന്റെ അനുവാദം വേണം. മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും ബന്ധപ്പെട്ട അതോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ 12 മാസത്തെ കാലാവധിയും സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്.