ഹക്കാ ന്യൂഡിൽസ് അടക്കം ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചിംഗ്സ് സീക്രട്ടിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിൽ ടാറ്റ വിജയം കണ്ടതായി റിപ്പോർട്ടുകൾ. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ ഈ ഏറ്റെടുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക നെസ്ലെയ്ക്കും, ഐടിസിക്കും. ഫാബ് ഇന്ത്യയുടെ ഓർഗാനിക് ഇന്ത്യയുടെ ഓഹരികളും ലക്ഷ്യമിട്ട് ടാറ്റ നീങ്ങുമ്പോൾ ഇന്ത്യൻ വിപണിയിലെ FMCG ഭീമന്മാർ ഞെട്ടലിലാണ് .
ചിംഗ്സ് സീക്രട്ടിന്റെ (Ching’s Secret) മാതൃ കമ്പനിയായ ക്യാപിറ്റൽ ഫുഡ്സിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇൻസ്റ്റന്റ് നൂഡിൽസ്, ഹക്ക നൂഡിൽസ്, സൂപ്പുകൾ, സോസുകൾ, ഷെസ്വാൻ ചട്നി, ദേശി ചൈനീസ് മസാലകൾ തുടങ്ങി ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്സ്.
ക്യാപിറ്റൽ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അജയ് ഗുപ്തയും, പ്രധാന ഓഹരിയുടമകളായ ഇൻവസ് ഗ്രൂപ്പ്, ജനറൽ അറ്റ്ലാന്റിക് എന്നിവർ 2022 ലാണ് കമ്പനിയെ വിറ്റഴിക്കാൻ തീരുമാനിച്ചത്.
ടാറ്റയുടെ ഏറ്റെടുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക നെസ്ലെയ്ക്കും, ഐടിസിക്കും ആകും. നെസ്ലെയുടെ മാഗിക്കു ബ്രാൻഡഡ് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിൽ ഏകദേശം 60 ശതമാനം വിഹിതമുണ്ട്. തൊട്ടുപിന്നിലുള്ളത് ഐടിസിയുടെ സൺഫീസ്റ്റ് യിപ്പീ ന്യൂഡിൽസ് ആണ്. ടാറ്റ ക്യാപിറ്റൽ ഫുഡ്സിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്താൽ ചൈനീസ് ഉല്പന്നങ്ങളുമായി ഇവക്കു മത്സരിക്കേണ്ടി വരും.
ക്യാപിറ്റൽ ഗുഡ്സിന് 5,500 കോടി രൂപയുടെ മൂല്യം ഉണ്ടെന്നാണ് റിപ്പോർട്ട്. കമ്പനിയെ കൂടെ കൂട്ടാനായാൽ ടാറ്റയ്ക്ക് എഫ്എംസിജി വിപണിയിൽ മികച്ച മുൻതൂക്കം ലഭിക്കുമെന്നു വിദഗ്ധർ പറയുന്നു. നെസ്ലെ, ക്രാഫ്റ്റ് ഹെയ്ൻസ് തുടങ്ങിയ മറ്റ് എഫ്എംസിജി ഭീമന്മാർക്ക് ടാറ്റയുടെ കടന്നുവരവ് വെല്ലുവിളിയാകും. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ടാറ്റ ഇതുവരെ തയ്യാറായിട്ടില്ല.
ഓർഗാനിക് ഇന്ത്യക്കായി ടാറ്റയും, ഐ ടി സി യും
ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഐ ടി സി എന്നിവർ ഫാബ് ഇന്ത്യയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഓർഗാനിക് ഇന്ത്യയുടെ Organic India ഭൂരിപക്ഷം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിലാണ്. ആയുർവേദ ആരോഗ്യ ഉൽപന്നങ്ങളിൽ വൈദഗ്ധ്യം നേടിയ കമ്പനിയാണ് ഓർഗാനിക് ഇന്ത്യ. ഏറ്റെടുക്കലിൽ ഐ ടി സി യെക്കാൾ മുൻതൂക്കം ടാറ്റക്ക് എന്നാണ് റിപോർട്ടുകൾ. ടാറ്റയുടെയും, ഓർഗാനിക് ഇന്ത്യയുടെയും വിപണിയിലെ നിക്ഷേപ ലക്ഷ്യങ്ങൾ യോജിച്ചു പോകുന്നതാണെന്നാണു വിലയിരുത്തൽ.
നിലവിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്സിന്റെ വിപണി മൂലധനം 90,671 കോടി രൂപയാണ്. ഓർഗാനിക് ഇന്ത്യയിൽ 64 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫാബ് ഇന്ത്യയ്ക്കുള്ളത്. 17 ശതമാനം ഓഹരികൾ സ്ഥാപക പ്രൊമോട്ടർമാരുടെ പക്കലും, 15 ശതമാനം പ്രേംജി ഇൻവെസ്റ്റിന്റെ കൈയ്യിലും, ബാക്കി ജീവനക്കാരുടെയും ഇഎസ്പിഎസ് ട്രസ്റ്റിന്റെയും ഉടമസ്ഥതയിലാണ്.