ഇ-കൊമേഴ്സ് ഷിപ്പിംഗ് പ്ലാറ്റ് ഫോമായ ഷിപ്പ്റോക്കറ്റിനെ ഏറ്റെടുക്കാൻ പോകുകയാണെന്ന റിപ്പോർട്ട് തള്ളി സൊമാറ്റോ. 2 ബില്യൺ ഡോളറിന് ഷിപ്പ്റോക്കറ്റിനെ സൊമാറ്റോ വാങ്ങുമെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊമാറ്റോ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു. ഡീൽ സംഭവിച്ചിരുന്നെങ്കിൽ രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയിൽ നടക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഏറ്റെടുപ്പായിരിക്കുമായിരുന്നു ഇത്.
പ്രചരണം വിപണിയിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് മറുപടിയുമായി മുന്നോട്ടുവന്നതെന്ന് സൊമാറ്റോ പറഞ്ഞു. ഇത്തരം വിവരങ്ങളുടെ സത്യാവസ്ഥ ഏപ്പോഴും പരിശോധിക്കണമെന്ന് സൊമാറ്റോ നിക്ഷേപകരോട് അഭ്യർഥിച്ചു. നിലവിൽ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഏറ്റെടുക്കലുകൾ ഇപ്പോൾ പദ്ധതിയിലില്ലെന്നും കമ്പനി അറിയിച്ചു.
ഈ വർഷം ഓഹരിയിൽ മെച്ചപ്പെട്ട റിട്ടേണുകളുണ്ടാക്കാൻ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നു. ഏപ്രിലിന് ശേഷം 27.25% ഓഹരി നേട്ടമുണ്ടായി. അഞ്ച് മാസം ഈ നേട്ടം തുടർന്നുകൊണ്ടുപോകാനും സൊമാറ്റോയ്ക്ക് സാധിച്ചു.
ഈ വർഷം ഇതുവരെ ഓഹരിയിൽ 108% ആണ് റിട്ടേണുണ്ടാക്കിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 251 കോടി രൂപയുടെ നഷ്ടത്തിൽ കൂപ്പുക്കൂത്തിയ സൊമാറ്റോ ഈവർഷം അതേ സമയത്ത് 36 കോടി രൂപ നേട്ടമുണ്ടാക്കി. ജൂണിന് ശേഷം 2 കോടി രൂപയുടെ ലാഭമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു.