എഐ (നിർമിത ബുദ്ധി) സിറ്റിയായി മാറാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ തലസ്ഥാനം ലഖ്നൗ. എഐ ആവാസവ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി വളരാനുള്ള ഒരുക്കത്തിലാണ് ലഖ്നൗ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്നതിലും ആവാസ വ്യവസ്ഥ ഒരുക്കുന്നതിലും മുന്നേറാൻ ലഖ്നൗവിന് സാധിച്ചിട്ടുണ്ട്. ഇതാണ് ലഖ്നൗവിനെ എഐ സിറ്റിയാകുന്നതിലേക്കെത്തിച്ചത്.
യുപി ഇലക്ടോണിക്സ് കോർപ്പറേഷനാണ് എഐ സിറ്റി പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുക. എഐ സിറ്റി നിർമിക്കാനും മറ്റുമായി റിയൽ എസ്റ്റേറ്റ് ഡെവലപ്പറെ അന്വേഷിക്കുന്നുണ്ട്.
എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലകളിലും എഐ സാങ്കേതിക വിദ്യ ഏറ്റവുമധികം ഉപയോഗിക്കുന്ന മെഡ്ടെക്കിലും ശ്രദ്ധയൂന്നികൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങൾ ലഖ്നൗവിന്റെ പ്രത്യേകതയാണ്.
അത്യാധുനിക സാങ്കേതിക വിദ്യ, ഗവേഷണ-പഠന സംവിധാനങ്ങൾ എന്നിവ ലഖ്നൗവിലെ എഐ സിറ്റിയിലുണ്ടാകുമെന്ന് യുപി ഇലക്ട്രോണിക്സ് കോർപ്പറേഷൻ പുറത്തുവിട്ട താത്പര്യപത്രത്തിൽ പറയുന്നു. പദ്ധതിക്ക് വേണ്ടി നഡർഗഞ്ച് വ്യവസായിക മേഖലയിൽ 40 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചു. ഭൂമിയേറ്റെടുപ്പ് പോലുള്ള പ്രശ്നങ്ങളില്ലാത്ത പ്രദേശമാണ് സർക്കാർ ഇതിനായി വകയിരുത്തിയത്.
വിവിധ സാമ്പത്തിക പദ്ധതികളിൽ നിന്നാണ് എഐ സിറ്റിക്കാവശ്യമായ സാമ്പത്തിക പിന്തുണ കണ്ടെത്തുന്നത്. 25% വരെ ഒറ്റത്തവണ കോപെക്സ് പിന്തുണയും ഇതിലുൾപ്പെടും. ഐടി പാർക്കിന് 20 കോടി രൂപവരെയും ഐടി സിറ്റിക്ക് 100 കോടി വരെയുമാണ് കോപെക്സ് പിന്തുണ ലഭിക്കുക. എഐ സിറ്റിയിൽ തന്നെ താമസ സൗകര്യവും ഒരുക്കാനും ലക്ഷ്യം വെക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനങ്ങളുമുണ്ടാകും.
ലഖ്നൗ ഐഐടിയിലാണ് എഐ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നത്.
ഇവിടെ 15 എഐ, മെഷീൻ ലേണിംഗ് സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ പിന്തുണ നൽകുന്നു. ഇന്നൊവേഷനും എൻട്രപ്രണർഷിപ്പിനും വളരാനുള്ള സാഹചര്യമാണ് ഇവിടെ ഒരുക്കുന്നത്. പ്ലഗ് ആൻഡ് പ്ലേ ഇൻഫ്രാസ്ട്രക്ചറിലായിരിക്കും ഇവിടെ ഓഫീസ് പണിയുക. ഇൻകുബേറ്റർ, സ്റ്റാർട്ടപ്പ്, കോർപ്പറേറ്റ് എന്നിവയ്ക്ക് വേണ്ടി ഗ്രേഡ് എ നിലവാരമുള്ള ഓഫീസ് മുറികളും നിർമിക്കും.