അടുത്ത വർഷം ജീവനക്കാരെ പിരിച്ചുവിട്ട് പകരം എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യയിലേക്ക് കൂടുതൽ സ്റ്റാർട്ടപ്പുകൾ മാറുമെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ രാജ്യത്ത് വിവിധ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 15,000 ജീവനക്കാരെയാണ്. 2024ൽ കണക്ക് ഇതിലും ഉയരുമെന്നാണ് വിലയിരുത്തുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതൽ കമ്പനികൾ അടുത്ത വർഷം എഐ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. ജീവനക്കാരെ വെട്ടിച്ചുരുക്കുകയും ചെയ്യും.


വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു പ്രവണതയ്ക്ക് പേടിഎം തുടക്കമിടുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻസ്, മാർക്കറ്റിംഗ് ടീമിലെ ജീവനക്കാരുടെ എണ്ണം കുറച്ച് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെന്ന് കമ്പനി പറഞ്ഞു. ഇതുവഴി ജീവനക്കാർക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ 10-15% വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 1,000 പേരെ പിരിച്ചു വിടാനാണ് പേടിഎമ്മിന്റെ തീരുമാനം.

കാഷ് ബേണുകളേ വിട
എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ പേടിഎമ്മിന്റെ പാതയിൽ തന്നെയാണ് മിക്ക സ്റ്റാർട്ടപ്പുകളും. വെഞ്ചർ കാപ്പിറ്റലും സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളും അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വർഷമാണ് 2023. അതുകൊണ്ട് തന്നെ ഉയർന്ന കാഷ് ബേൺ മോഡലുകളോട് വിടപറയാൻ മിക്ക സ്റ്റാർട്ടപ്പുകൾ തീരുമാനിച്ച് കഴിഞ്ഞു.

പകരം സുസ്ഥിര വളർച്ചയ്ക്ക് കാര്യക്ഷമവും ചെറുതുമായ ബിസിനസാണ് സ്റ്റാർട്ടപ്പുകൾ ലക്ഷ്യം വെക്കുന്നത്. ശക്തമായ അടിത്തറയും മികച്ച മൂല്യവുമുള്ള ബിസിനസുകളോടാണ് നിക്ഷേപകർക്ക് ഇപ്പോൾ താത്പര്യം. അതിനാൽ 2021ലുണ്ടായ ഫണ്ടിംഗ് ബൂം വരും വർഷങ്ങളിൽ സ്റ്റാർട്ടപ്പുകൾ പ്രതീക്ഷിക്കുന്നില്ല. 2021ൽ ഉയർന്ന മൂല്യത്തോടെ ഫണ്ട് സമാഹരിച്ച ബൈജൂസ് അടക്കമുള്ള പല സ്റ്റാർട്ടപ്പുകളുടെയും മൂല്യമിടിയുന്നത് എല്ലാവരും കണ്ടതാണ്. ഇത്തരം സംഭവങ്ങളാണ് സ്റ്റാർട്ടപ്പുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഈ ഘട്ടത്തിൽ എഐ സാങ്കേതിക വിദ്യയാണ് കൂടുതൽ ഉപകരിക്കുക എന്നാണ് കമ്പനികൾ വിലയിരുത്തുന്നത്. കമ്പനികളുടെ തീരുമാനം എത്ര പേരുടെ ജോലി കളയുമെന്ന് അടുത്ത വർഷം കാണാം. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version