ക്രിസ്തുമസ്-പുതുവത്സര സീസണിൽ കേരളം കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. ഡിസംബർ 22-31 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 കോടി രൂപയുടെ അധിക വിൽപ്പനയാണ് ഈ സീസണിലുണ്ടായത്. റെക്കോർഡ് മദ്യ വിൽപ്പനയാണ് ഈ സീസണിലുണ്ടായത്.
പുതുവത്സര തലേന്ന് വൈകീട്ട് മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട്ലെറ്റിൽ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവി പുരം ഔട്ട്ലെറ്റിൽ 77.06 ലക്ഷത്തിന്റെ മദ്യവും ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റിൽ 76.06 ലക്ഷത്തിന്റെ മദ്യവും വിറ്റു. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ 73 ലക്ഷം രൂപയുടെ മദ്യവിൽപ്പനയും പയ്യന്നൂർ ഔട്ട്ലെറ്റിൽ 71 ലക്ഷം രൂപയുടെ മദ്യവിൽപ്പനയും നടന്നു.
ക്രിസ്തുമസിലും റെക്കോർഡ് വിൽപ്പന
ക്രിസ്തുമസ് സീസണിൽ മാത്രമായി 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ വിറ്റുപോയത്. ക്രിസ്തുമസ് ദിനത്തിൽ മാത്രം കേരളം കുടിച്ചത് 70.73 കോടിയുടെ രൂപയുടെ മദ്യമാണ്.
കഴിഞ്ഞ തവണ 69.55 കോടി രൂപയുടെ മദ്യം വിറ്റിരുന്ന സ്ഥാനത്താണിത്. മൂന്ന് ദിവസത്തെ വെയർ ഹൗസ് വിൽപ്പന ഉൾപ്പടെ കണക്കാക്കിയാൽ 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വർഷമിത് 210.35 കോടി രൂപയായിരുന്നു.
ഡിസംബർ 22ന് ഇത്തവണ 75.70 കോടി രൂപയുടെ മദ്യ വിൽപ്പനയും 23ന് 84.04 കോടി രൂപയുടെ മദ്യ വിൽപ്പനയും നടന്നു. ക്രിസ്തുമസ് തലേന്ന് 63.85 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടിയിലാണ് ഇത്തവണത്തെ റെക്കോർഡ് വിൽപ്പന നടന്നത്.