ടെസ്ലയുടെ (Tesla) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി അടുത്ത വർഷം ഗുജറാത്തിൽ നിർമിക്കാൻ ഏകദേശ ധാരണയായി. ഇതോടെ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ മാർക്കറ്റിലേക്ക് വരാനുള്ള വഴിതെളിഞ്ഞു.
ഇന്ത്യയിൽ ടെസ്ലയുടെ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിക്ക് വേണ്ടിയുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഈ മാസം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിസിനസുകൾക്ക് വളരാൻ പറ്റിയ കേന്ദ്രമായാണ് ഗുജറാത്തിനെ കണക്കാക്കുന്നത്.
വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഗുജറാത്തിൽ നിർമാണ ഫാക്ടറിയുണ്ട്. സാനന്ദ്, ബെച്ചരാജി, ദോലേറ തുടങ്ങിയ സ്ഥലങ്ങളാണ് ഫാക്ടറി നിർമാണത്തിനായി ടെസ്ല കണ്ടെത്തിയ പ്രദേശങ്ങളെന്നാണ് റിപ്പോർട്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട ഗുജറാത്ത് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല.
ഇലോൺ മസ്ക് ഗുജാറത്തിൽ നിക്ഷേപത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞിരുന്നു. ഗുജറാത്ത് സർക്കാരിന്റെ നയങ്ങളും തുറമുഖ സൗകര്യങ്ങളും ടെസ്ലയുടെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറിയുടെ വളർച്ചയ്ക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.