ഗതാഗത സംവിധാനത്തിന്റെ അഞ്ചാം തലമുറ എന്നറയിപ്പെടുന്ന ഹൈപ്പർ ലൂപ്പ് ഏഷ്യയിൽ കൊണ്ടുവരാൻ മദ്രാസ് ഐഐടി (Indian Institute of Technology) യുമായി കൈകോർക്കുകയാണ് ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസിലോർമിറ്റൽ (ArcelorMittal).
ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കമ്പനിയായ ആർസിലോർമിറ്റലും കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ആർസിലോർമിറ്റൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയും മദ്രാസ് ഐഐടി കാമ്പസിലെ ഹൈപ്പർ ലൂപ് ടെസ്റ്റിംഗ് ഫെസിലിറ്റിക്ക് ഹൈപ്പർ ലൂപ്പ് നിർമിക്കാനുള്ള ഉപകരണങ്ങൾ കൈമാറും. മദ്രാസ് ഐഐടിയിലെ ഹൈപ്പർ ലൂപ്പ് ടെസ്റ്റിംഗ് ഫെസിലിറ്റി കേന്ദ്രം ഈ വർഷം മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈപ്പർ ലൂപ്പിന് വഴി തെളിയുന്നു
ഐഐടി മദ്രാസിലെ വിദ്യാർഥികൾ അംഗങ്ങളായ ആവിഷ്കാർ ഹൈപ്പർ ലൂപ്പ് (Avishkar Hyperloop), ഐഐടി മദ്രാസുമായി ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ട്യൂടർ ഹൈപ്പർ ലൂപ്പ് (TuTr Hyperloop) എന്നിവരുമായി സഹകരിക്കാനാണ് ആർസിലോർമിറ്റലിന്റെ തീരുമാനം. ചരക്കു നീക്കത്തിനും പൊതുഗതാഗതത്തിനും ഉപയോഗിക്കാൻ പറ്റുന്ന ഹൈപ്പർ ലൂപ്പുകളാണ് ഐഐടി മദ്രാസ് വികസിപ്പിക്കാൻ ശ്രമിക്കുന്നത്. നിർമാണത്തിന് ആവശ്യമായ സ്റ്റീൽ അടക്കമുള്ള അടിസ്ഥാന സാധനങ്ങൾ കമ്പനി നൽകും. ഹൈപ്പർ ലൂപ്പിന്റെ 400 മീറ്റർ വാക്വം ട്യൂബിന് 400 ടൺ സ്റ്റീലാണ് കമ്പനി നൽകുന്നത്. എൻജിനിയറിംഗ്, ഡിസൈൻ, പ്രൊജക്ട് മാനേജ്മെന്റ് എന്നീ മേഖലകളിൽ വിദഗ്ധ സേവനവും നൽകും.
ഹൈപ്പർ ലൂപ്പ് സാങ്കേതിക വിദ്യ വാണിജ്യ തലത്തിലേക്ക് ഉയർത്താൻ ആർസിലോർമിറ്റൽ സഹായിക്കുമെന്ന് ട്യൂടർ സഹസ്ഥാപകൻ അരവിന്ദ് എസ്. ഭരത്വജ് പറഞ്ഞു.
2022ൽ ട്യൂടർ ഹൈപ്പർ ലൂപ്പ് നിർമാണത്തിന് ടാറ്റാ സ്റ്റീലുമായി കരാറിലെത്തിയിരുന്നു. ഹൈപ്പർ ലൂപ്പ് നിർമാണത്തിന് കേന്ദ്രസർക്കാരും വിവിധ സ്ഥാപനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയം ഹൈപ്പർ ലൂപ്പ് നിർമാണത്തിന് ഐഐടിക്ക് 8.34 കോടി രൂപയുടെ ഒന്നാംഘട്ട ഫണ്ടിംഗും നൽകിയിട്ടുണ്ട്.
Luxembourg-based steel giant ArcelorMittal has partnered with the Indian Institute of Technology, Madras, to establish Asia’s first Hyperloop testing facility. This collaboration aims to contribute materials and engineering expertise for the development of affordable Hyperloop technology for both passenger and cargo transportation on a large scale.