ഉത്പത്തി തുടങ്ങി ഇതുവരെയുള്ള പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളുടെ പ്രദർശനവുമായി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്ട് സയൻസും ചേർന്നാണ് കേരള അന്താരാഷ്ട്ര ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ സഞ്ചരിച്ച എച്ച്എംഎസ് ബീഗിൾ, ദിനോസറിന്റെ യഥാർഥ വലിപ്പത്തിലുള്ള അസ്ഥികൂടത്തിന്റെ മാതൃക, ഉള്ളിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന പ്രപഞ്ചത്തിന്റെ മാതൃക, ബഹിരാകാശനിലയത്തിൽ നിന്നുള്ള കാഴ്ചകൾ തുടങ്ങി നിരവധി അത്ഭുതങ്ങൾ ശാസ്ത്രോത്സവത്തിൽ ആസ്വദിക്കാം. വീടിനുള്ളിൽ നിത്യവും കാണുന്ന വസ്തുക്കൾക്കു പിന്നിലെ ശാസ്ത്രം, മനുഷ്യ ശരീരത്തിന്റെ പ്രവർത്തനം എന്നിവയെല്ലാം നേരിട്ട് കണ്ടുപഠിക്കാനും അവസരമുണ്ട്. എ.ആർ, വി.ആർ അടക്കമുള്ള സാങ്കേതിക വിദ്യകളുടെയും മറ്റും സഹായത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ കാണികൾക്ക് പുത്തൻ അനുഭവമാകും.
കേരളം കാണുന്ന ഏറ്റവും വലിയ ശാസ്ത്ര മേള
25 ഏക്കറിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടിയിൽ സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയൻസ് എക്സിബിഷൻ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ‘ലൈഫ് സയൻസ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ പ്രപഞ്ചത്തിന്റെ ഉത്പത്തി മുതൽ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും. കുറഞ്ഞത് 8 മണിക്കൂറെങ്കിലുമെടുക്കും പ്രദർശനം പൂർണമായി കാണാൻ.
ജർമൻ കോൺസുലേറ്റിന്റെ ‘എനർജി ഇൻ ട്രാൻസിഷൻ’, പസിഫിക് വേൾഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഡഗ്ലസ് ഹെർമൻ ക്യൂറേറ്റ് ചെയ്യുന്ന ‘വാട്ടർ മാറ്റേഴ്സ്’, അലിയാൻസ് ഫ്രാൻസൈസ് സജ്ജമാക്കുന്ന ‘ക്ലൈമറ്റ് ചേഞ്ച്’, ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക് ജെറം നിർമിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും യഥാർഥ മാതൃകകൾ ഉൾപ്പെട്ട ‘മ്യൂസിയം ഓഫ് മൂൺ ആൻഡ് മാഴ്സ്’, മെൽബണിലെ ബയോ മോളിക്യുലാർ അനിമേറ്ററായ ഡ്ര്യൂ ബെറിയുടെ ‘മോളിക്യുലാർ അനിമേഷൻ’, ബംഗളൂരു വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ ‘സീഡ്സ് ഓഫ് കൾച്ചർ’ എന്നിവ പ്രദർശനത്തിനുണ്ടാകും.
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, ഐസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, കെഎസ്ഐഡിസി, സിയാൽ, ഇന്ത്യൻ ഓയിൽ, കുസാറ്റ്, ഡിജിറ്റൽ സർവകലാശാല, കേരള സ്റ്റാർട്ടപ് മിഷൻ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവർ പങ്കാളികളാകും. കേരള സംസ്ഥാന ശാസ്ത്രസങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ രാത്രികാല വാനനിരീക്ഷണവും വിവിധ പ്രദർശനങ്ങളുമുണ്ടാകും.
മുതിർന്നവർക്ക് 250 രൂപയും 18 വയസ് പൂർത്തിയാകാത്തവർക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. ഭിന്നശേഷിക്കാർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. പ്രഭാഷണങ്ങൾക്കും കലാസാംസ്കാരിക പരിപാടികൾക്കും പ്രവേശനം സൗജന്യം. സ്കൂളിൽ നിന്ന് 30 പേരിൽ കുറയാത്ത വിദ്യാർഥികളുടെ സംഘത്തിന് ഒരാൾക്ക് 100 രൂപയാണ് നിരക്ക്. gsfk.org എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
ഫെഡറൽ ബാങ്ക് വഴിയും ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ചെയർമാനും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീർ ജനറൽ കൺവീനറും ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിൽ മെംബർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ ഓർഗനൈസിംഗ് സെക്രട്ടറിയുമായ സംഘാടക സമിതിയാണ് ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.