ഫോക്സ്കോൺ സിഇഒയും ചെയർമാനുമായ യങ് ലിയുവിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഇത്തവണ 132 പേർക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. ആഗോള ബിസിനസ് ലീഡർ എന്ന നിലയിൽ നൽകിയ സംഭാവനകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് പത്മ വിഭൂഷൺ നൽകിയത്.
തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ ആഗോളതലത്തിൽ തന്നെ സെമികണ്ടക്ടർ നിർമാണത്തിൽ മുന്നിട്ടു നിൽക്കുന്ന കമ്പനിയാണ്. 66ക്കാരനായ ലിയു കഴിഞ്ഞ 4 പതിറ്റാണ്ടായി കമ്പനിയുടെ നെടുംതൂണായി നിലകൊള്ളുന്നു.
ഫോക്സ്കോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയത് അനുസരിച്ച് കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്ക് ലിയു നേതൃത്വം നൽകുന്നുണ്ട്. ലിയുവിന് 24 രാജ്യങ്ങളിലായി 10 ലക്ഷം ജീവനക്കാരാണ് ലിയുവിന് കീഴിൽ പ്രവർത്തിക്കുന്നത്. 2021ൽ ഫോക്സ്കോണിന്റെ വാർഷിക വരുമാനം 206 ബില്യൺ ഡോളർ കടന്നിരുന്നു.
1988ൽ തായ്വാനിൽ കംപ്യൂട്ടറുകളുടെ മദർബോർഡുകൾ നിർമിക്കുന്ന യങ് മൈക്രോ സിസ്റ്റംസ് എന്ന കമ്പനി തുടങ്ങികൊണ്ടാണ് ലിയു ബിസിനസ് രംഗത്തേക്ക് വരുന്നത്. 1995ൽ ഐസി ഡിസൈൻ കമ്പനിയും 1997ൽ എഡിഎസ്എൽ ഐസി ഡിസൈൻ കമ്പനിയും തുടങ്ങി. 1994ലാണ് യങ് മൈക്രോ സിസ്റ്റംസ് ഫോക്സ്കോണുമായി ലയിക്കുന്നത്.
ആപ്പിൾ ഐഫോണുകൾ നിർമിക്കുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ കമ്പനിയാണ് ഫോക്സ്കോൺ. ഇന്ത്യയിൽ പ്രവർത്തനം വിപുലപ്പെടുത്താൻ ഫോക്സ്കോണിന് പദ്ധതിയുണ്ട്. 40,000 പേർക്കാണ് തമിഴ്നാട്ടിൽ കമ്പനി ജോലി കൊടുക്കുന്നത്. വരും വർഷങ്ങളിൽ 1.6 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്.