എക്സട്രീം 125ആറുമായി (Xtreme 125R) പ്രീമിയം 125സിസി സെഗ്മെന്റിലേക്ക് കുതിച്ചു കയറാൻ ഹീറോ മോട്ടോകോർപ് (Hero MotoCorp). ഹീറോ വേൾഡ് 2024 പരിപാടിയിലാണ് കമ്മ്യൂട്ടർ മോട്ടോർ സൈക്കിളായ എക്സട്രീം 125ആറിനെ ഹീറോ ലോഞ്ച് ചെയ്യുന്നത്.
ഗ്ലാമർ, സൂപ്പർ സ്പ്ലെൻഡർ എക്സ്ടിഇസി, ഗ്ലാമർ എക്സ്ടിഇസി, സൂപ്പർ സ്പ്ലെൻഡർ എന്നിങ്ങനെ നാല് കമ്മ്യൂട്ടർ 125സിസി മോട്ടോർ ബൈക്കുകൾ ഹീറോ നേരത്തെ തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈ വിഭാഗത്തിൽ കമ്പനിയുടെ ആദ്യത്തെ സ്പോർട്ടി മോട്ടോർ ബൈക്കാണ് എക്സ്ട്രീം. വിപണിയിൽ ടിവിഎസ് റൈഡർ 125ന് ഒത്ത എതിരാളിയായിരിക്കും എക്സ്ട്രീം എന്നാ ബൈക്ക് ആരാധകർ കരുതുന്നത്. ഹീറോയുടെ പതിവ് കമ്മ്യൂട്ടർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫാഷനബിൾ ഡിസൈനാണ് ഹിറോ എക്സ്ട്രീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരും ബ്രാൻഡിൽ നിന്ന് പ്രതീക്ഷിക്കാത്ത ഡിസൈനാണ് എക്സ്ട്രീമിൻേറത്.
95,000 രൂപ മുതലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. സിംഗിൾ ചാനൽ എബിഎസ് സൗകര്യമുള്ളതാണ് ഏറ്റവും ഉയർന്ന മോഡൽ.
എക്സ്ട്രീം ഡിഎൻഎയിലേക്ക് വരികയാണെങ്കിൽ മാസ് ലുക്ക് നൽകാൻ എല്ലായിടത്തും എൽഇഡി ടച്ച് ഉണ്ട്. എൽഇഡി ഘടിപ്പിച്ച ഡിആർഎല്ലും, ഇൻഡികേറ്ററും, ടെയിൽ ലാംപ് സെക്ഷനും പ്രൊജക്ടർ ഹെഡ്ലൈറ്റും ഈ വിഭാഗത്തിൽ തന്നെ ആദ്യമാണ്. കൊബാൾട്ട് ബ്ലൂ, ഫയർസ്റ്റോം റെഡ്, സ്റ്റാലിയോൺ ബ്ലാക്ക് നിറങ്ങളിൽ ഐബിഎസ്, എബിഎസ് എന്നിങ്ങനെ രണ്ട് വെരിയന്റുകളിലാണ് ഹീറോ
എക്സ്ട്രീം 125 ആറിനെ പുറത്തിറക്കുന്നത്.
എക്സ്ട്രീം 125 ആറിന് കരുത്ത് നൽകുന്നത് സിംഗിൾ സിലണ്ടർ സ്പ്രിന്റ് ഇബിടി എൻജിനാണ്. എൻജിന് എക്സ്ട്രാ കരുത്ത് നൽകാൻ 5-സ്പീഡ് ഗിയർ ബോക്സുമുണ്ട്. 5.9 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലേക്ക് കടക്കാൻ എക്സ്ട്രീമിന് കഴിയും. ഭേദപ്പെട്ട ഇന്ധനക്ഷമതയും എക്സ്ട്രീം അവകാശപ്പെടുന്നു. ലിറ്ററിന് 66 കിലോമീറ്റർ ആണ് എക്സ്ട്രീമിന്റെ ഇന്ധനക്ഷമത.
ഭാരം കുറവാണെങ്കിലും കരുത്തിൽ ഒട്ടും കുറവില്ലാത്ത ഡയമണ്ട് ഫ്രെയിമിന് 37 മില്ലിമീറ്റർ ഫ്രണ്ട് സസ്പെൻഷനും 7 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോ ഷോക്കുമുണ്ട്. ഷോവയുമായി പങ്കാളിത്തതോടെ വികസിപ്പിച്ച സസ്പെൻഷൻ വണ്ടിയെ മറ്റൊരു ലെവലലിലേക്ക് ഉയർത്തുന്നു. കോളുകൾക്കും എസ്എംഎസ് അറിയിപ്പിനും ബ്ലൂടൂത്ത് കണക്ടിവിട്ടിയുമുണ്ട്.