ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഒരു റെക്കോർഡ് നേട്ടം കൂടി കൈവരിക്കും. തുടർച്ചയായി ആറു ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയാകും നിർമലാ സീതാരാമൻ. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച ആദ്യ വനിതാ ധനമന്ത്രിയായി മാറും നിർമലാ സീതാരാമൻ. രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ധനമന്ത്രിയായ നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിന്റെ എണ്ണത്തിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായുടെ റെക്കോർഡിന് ഒപ്പമെത്തും.
2019 ജൂലൈ മുതൽ 5 സമ്പൂർണ ബജറ്റുകൾ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്.
തുടർച്ചയായി 5 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്ലി, പി ചിദംബരം, യശ്വന്ത് സിൻഹ തുടങ്ങിയവരുടെ റെക്കോർഡ് നിർമലാ സീതാരാമൻ മറികടക്കുകയും ചെയ്യും.
കേന്ദ്ര ധനമന്ത്രിയായിരിക്കെ1959-64 വർഷങ്ങളിൽ മൊറാർജി ദേശായി 5 വാർഷിക ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന 2024-25ലേക്കുള്ള ഇടക്കാല ബജറ്റ് വോട്ട് ഓൺ അക്കൗണ്ട് ആണെന്നാണ് വിവരം.
ഏപ്രിൽ-മെയിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ഭരണത്തിൽ വന്നതിന് ശേഷമായിരിക്കും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. അതുവരെ സർക്കാരിന് ഒരു നിശ്ചിത തുക ചെലവഴിക്കാൻ വോട്ട് ഓൺ അക്കൗണ്ടിൽ വ്യവസ്ഥയുണ്ട്. പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഇടക്കാല ബജറ്റിൽ നയപരമായ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കില്ല.