ശ്രീലങ്കയിൽ മൂന്ന് എയർപോർട്ടുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരുമായി ചർച്ച നടത്തി അദാനി ഗ്രൂപ്പ്. ശ്രീലങ്കയുടെ പ്രീമിയം വിമാനത്താവളമായ കൊളംബോ ബന്ദാരനായ്കെ അന്താരാഷ്ട്ര വിമാനത്താവളം (Bandarnaike International Airport) അടക്കമുള്ളവെയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ചത്.
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ശ്രീലങ്കൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിൺ ഫെർണാഡോ പറഞ്ഞു. മാനേജ്മെന്റ് കരാറുകളിലായിരിക്കും ഏർപ്പെടുക. കൊളംബോ രത്മലാനാ വിമാനത്താവളം (Ratmalana Airport), മത്താല എയർപോർട്ട് (Mattala Airport) എന്നിവയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ച മറ്റു വിമാനത്താവളങ്ങൾ. ഏഴ് വർഷം മുമ്പ് ശൂന്യമായ അന്താരാഷ്ട്ര വിമാനത്താവളമെന്ന കുപ്രസിദ്ധി നേടിയതാണ് മത്താല എയർപോർട്ട്.
വിമാനത്താവളങ്ങളുടെ നടത്തിപ്പിന് വേണ്ടി അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയിൽ കോവിഡിന് ശേഷം വീണ്ടും കുതിപ്പുണ്ടായതോടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പിന് സർക്കാർ സ്വകാര്യ പങ്കാളിത്തം തേടുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്ക സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.48 മില്യണെത്തിയിരുന്നു. സ്വകാര്യ പങ്കാളിത്തതോടെ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതോടെ കൂടുതൽ സന്ദർശകരെ എത്തിക്കാൻ സാധിക്കും.
ചർച്ച ഫലം കണ്ടാൽ ഏവിയേഷൻ മേഖലയിൽ ഇന്ത്യയ്ക്ക് പുറത്ത് അദാനി ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭം ആയിരിക്കും ഇത്. ശ്രീലങ്കയിൽ തുറമുഖ, പുനരുപയോഗ ഊർജമേഖലയിൽ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ സാന്നിധ്യം ഉറപ്പിച്ചിരുന്നു.
Adani Group’s potential entry into overseas aviation management in Sri Lanka, negotiating to manage three airports amid a resurgence in tourism. Learn about the implications for Sri Lanka’s airport infrastructure and Adani Group’s strategic expansion plans in the aviation sector.