അബുദാബിയിലെ ആദ്യത്തെ ബിഎപിഎസ് (BAPS-ബാപ്സ്) ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരോഹിതരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർഥന നടത്തി.
അബുദാബിയിൽ വലിയ ആഘോഷത്തോടെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, വിവേക് ഓബ്റോയ്, പിന്നണി ഗായകൻ ശങ്കർ മഹാദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നിർമിതിയിൽ ശങ്കർ മഹാദേവൻ സന്തോഷം പ്രകടിപ്പിച്ചു. അബുദാബിയിൽ നിർമിക്കുന്ന ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രമാണ് ബോച്ചെസെൻവാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്ത ഹിന്ദു മന്ദിർ. ഇന്ത്യ-യുഎഇ സംസ്കാരങ്ങളുടെ ഇഴചേർത്താണ് ക്ഷേത്രത്തിന്റെ നിർമിതി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണിത്.
മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ആരാതി ഉഴിഞ്ഞും മറ്റും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി തുടങ്ങിയ വിശ്വ സംവാദിത മഹായജ്ഞം തുടങ്ങിയ പ്രത്യേക പൂജകൾ 21 വരെ തുടരും. ബിഎപിഎസിന്റെ ഇപ്പോഴത്തെ ആചാര്യൻ മഹന്ദ് സ്വാമീ മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും.
അബുദാബി അബുമുറൈഖയിൽ 27 ഏക്കറിലാണ് മന്ദിർ നിർമിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ ആണ് മന്ദിർ നിർമിക്കാനുള്ള സ്ഥലം കൊടുത്തത്. 108 അടി ഉയരമുള്ള ക്ഷേത്രം നിർമിച്ചത് നാഗര ശൈലിയിലാണ്.
Prime Minister Narendra Modi inaugurates the BAPS Mandir in Abu Dhabi, the first Hindu stone temple in the UAE, symbolizing a blend of Indian culture and UAE identity. The ceremony witnessed various rituals and the presence of Bollywood personalities.