ഓരോ ദിവസവും കുറഞ്ഞത് 15,000 ഇന്ത്യക്കാരെങ്കിലും അറുപതാം പിറന്നാൾ ആഘോഷിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ സംഖ്യ കൂടും. UNFPA ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് 2030ഓടെ ഇന്ത്യയിൽ പ്രായമാകുന്നവരുടെ എണ്ണം 34 കോടിയിലധികം വരുമെന്നാണ് കണക്ക്.. ഒരു തലമുറ പ്രായമാകുമ്പോൾ അവരെ പരിപാലിക്കാനും സംരക്ഷിക്കാനും പ്രാപ്തമാണോ നമ്മുടെ രാജ്യം? വാർധക്യത്തിലേക്ക് നീങ്ങുന്നവർക്ക് കൈത്താങ്ങാകാൻ പുതിയ തലമുറയ്ക്ക് പറ്റുമോ?
പ്രായമാവർക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പ്
ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക വിദ്യയെ മുൻനിർത്തിയുള്ള സേവനങ്ങളും വികസിപ്പിച്ചില്ലെങ്കിൽ വാർധക്യം ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നമായി മാറും. നമ്മുടെ നാട്ടിൽ നിലവിലുള്ള കുടുംബാന്തരീക്ഷം ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ മാനസികമായും സാമ്പത്തികമായും തയ്യാറായിട്ടില്ല. ഇവിടെയാണ് വയോജനങ്ങളെ പരിപാലിക്കുന്ന സ്റ്റാർട്ടപ്പുകൾ ആശയത്തിന്റെ പ്രസക്തി. വൃദ്ധസദനവും മറ്റും പോലെ പ്രായമവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങളല്ല ഇത്തരം സ്റ്റാർട്ടപ്പുകൾ കൊണ്ട് ലക്ഷ്യം വെക്കുന്നത്. മെച്ചപ്പെട്ട ജോലിയും മറ്റും അന്വേഷിച്ച് മക്കൾ ദൂരേക്ക് പോകുമ്പോൾ പ്രായമായ രക്ഷിതാക്കളെ ആരു സംരക്ഷിക്കുമെന്നത് ആകുലതയാണ്. മറ്റു മാർഗങ്ങളില്ലാതാകുമ്പോൾ രക്ഷിതാക്കളെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന മക്കളെ ഇപ്പോഴും സമൂഹം കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ്. ഇത്തരം കുറ്റപ്പെടുത്തലുകൾക്കും ആശങ്കകൾക്കും ഇടയില്ലാതെയാക്കുകയാണ് വയോജന പരിപാലന സ്റ്റാർട്ടപ്പുകൾ. പ്രായമായവരെ ഏതെല്ലാം തരത്തിൽ പരിപാലിക്കാമെന്നാണ് വയോജനങ്ങൾക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പുകൾ ആലോചിക്കുന്നത്.
ഇന്ത്യയിൽ വയോജന പരിപാലനത്തിൽ കേന്ദ്രീകരിക്കുന്ന കുറച്ച് സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം.
സീനിയർ വേൾഡ് (Seniorworld)
പ്രായമാകുന്നതോടെ വീട്ടിൽ ഒതുങ്ങി കൂടി കഴിയാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ജോലിയിൽ നിന്ന് വിരമിച്ചവർ പ്രത്യേകിച്ചും. പരാശ്രയമില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന ചിന്താഗതിയിൽ നിന്ന് പ്രായമായവരെ മാറ്റി ചിന്തിപ്പിക്കുകയാണ് സീനിയർ വേൾഡ്. മുതിർന്നവർക്ക് സേവനം എത്തിക്കുന്നതിന് തുടങ്ങുന്ന ആദ്യ സ്റ്റാർട്ടപ്പുകളിൽ ഒന്ന്. രാഹുൽ ഗുപ്ത (Rahul Gupta), എംപി ദീപു (MP Deepu) എന്നിവർ ചേർന്നാണ് സീനിയർ വേൾഡ് സ്ഥാപിക്കുന്നത്. നിലവിൽ ഒരുലക്ഷത്തിൽ പരം ഉപഭോക്താക്കൾ സീനിയർ വേൾഡിനുണ്ട്.
പറ്റുന്ന കാര്യങ്ങൾ സ്വയം ചെയ്ത് ജീവിതം കൂടുതൽ സജീവമാക്കാൻ സീനിയർ വേൾഡ് സഹായിക്കും. മുതിർന്നവർക്ക് ആരോഗ്യത്തെ ഭയക്കാതെ യാത്ര ചെയ്യാൻ സീനിയർ വേൾഡ് സൗകര്യമൊരുക്കും. സ്മാർട്ട് ഫോണും ടച്ച് പാഡും കീറാമുട്ടിയായ പ്രായമായവർക്ക് വേണ്ടി സീനിയർ വേൾഡ് ഈസി ഫോണും അവതരിപ്പിച്ചു.
60 പ്ലസ് ഇന്ത്യ (60Plus India)
ഒരു പ്രായം കഴിഞ്ഞാൽ ആരോഗ്യത്തിൽ എപ്പോഴും ശ്രദ്ധ വേണം. 60 കഴിഞ്ഞാൽ പ്രത്യേകിച്ചും. മുതിർന്നവർക്ക് ചികിത്സാ സേവനങ്ങൾ നൽകുകയാണ് സ്റ്റാർട്ടപ്പായ 60 പ്ലസ് ഇന്ത്യ. തനിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് ഹോം കെയർ നൽകി തുടങ്ങിയ 60 പ്ലസ് ഇപ്പോൾ എല്ലാതരം മെഡിക്കൽ ആവശ്യങ്ങളും ചെയ്ത് കൊടുക്കുന്നു.
അരസി അരുൾ (Arasi Arul), ഒലി അരുൾ (Oli Arul), വിവേക് രാജ (Vivek Raja) എന്നിവർ 2021ലാണ് 60 പ്ലസ് തുടങ്ങുന്നത്. ഡോക്ടർ, നഴ്‌സ്, ഫിസിയോതൊറാപ്പിസ്റ്റ് എന്നിവരുടെ സേവനും രോഗ പരിശോധനയ്ക്ക് സാംപിൾ ശേഖരണവും 60 പ്ലസ് ഉറപ്പാക്കുന്നു. പ്രായമായവർക്ക് ആവശ്യമായ സാധനങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം വഴി വിൽപ്പനയും ചെയ്യുന്നു.
മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്, ടെലി സപ്പോർട്ട് പോലുള്ള ലളിതമായ മാർഗങ്ങൾ വഴിയുള്ള ‘സിംഗിൾ വിൻഡോ, ഗോ ടു മാർക്കറ്റ്’ നെറ്റ് വർക്കാണ് 60 പ്ലസിന്റേത്. സ്റ്റാർട്ടപ്പ് തുടങ്ങി ഒരു വർഷത്തിനുള്ളിൽ ചെന്നൈയിൽ മാത്രം 150 സേവന കേന്ദ്രങ്ങൾ തുറക്കാനായെന്ന് കമ്പനി പറയുന്നു.
ഓൾസേർവ് (Alserv)
മുതിർന്ന പൗരന്മാർക്ക് പരിചരണം ഉറപ്പാക്കുന്ന അസിസ്റ്റഡ് ലിവിംഗ് സർവീസ് കമ്പനിയാണ് ഓൾസേർവ്. തനിച്ച് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് പലവിധ സേവനങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പ് 2020 ജനുവരിയിലാണ് ചെന്നൈ ആസ്ഥാനമാക്കി ആരംഭിക്കുന്നത്. അതുൽ ജഗ്ദീഷ് (Atul Jagdish), ജഗദീഷ് രാമമൂർത്തി (Jagadish Ramamoorthy), ശരവണൻ ആദിശേഷൻ (Saravanan Adiseshan) എന്നിവർ ചേർന്നാണ് ഓൾസേർവിന് തുടക്കമിടുന്നത്.
ഭക്ഷണം, കാറ്ററിംഗ്, ആരോഗ്യം, സുരക്ഷിതത്വം, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി തുടങ്ങിയ സേവനങ്ങൾ അൽസേർവ് നൽകുന്നു. ഡോക്ടർമാർ വീട്ടിൽ വന്ന് പരിശോധിക്കാനും മറ്റും അൽസേർവ് സഹായം നൽകും. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കാനും പച്ചക്കറിയും മറ്റും വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്യും.
ഗെറ്റ് സെറ്റ് അപ്പ് (GetSetUp)
പ്രായമായവർക്ക് വേണ്ടിയുള്ള ഓൺലൈൻ കമ്യൂണിറ്റിയാണ് ഗെറ്റ് സെറ്റ് അപ്പ്. 160 രാജ്യങ്ങളിലായി 3 മില്യൺ അംഗങ്ങൾ ഗെറ്റ് സെറ്റ് അപ്പിനുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനും, ഊർജ്വസ്വലരായി പ്രവർത്തിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും ആഗ്രഹിക്കുന്നവർക്കായാണ് ഗെറ്റ് സെറ്റ് അപ്പ് പ്രവർത്തിക്കുന്നത്.
പ്രായമായവരെ മാനസികമായും ശാരീരികമായും ഊർജസ്വലരായി നിലനിർത്തുകയാണ് ഗെറ്റ് സെറ്റ് അപ്പ് ലക്ഷ്യംവെക്കുന്നത്.
വീട്ടിൽ ഒതുങ്ങി കൂടാതെ പ്രായമായവർക്ക് സമൂഹവുമായി ഇടപെഴുകാനുള്ള അവസരം സൃഷ്ടിക്കുന്നു. ഗെറ്റ് സെറ്റ് അപ്പിൽ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് തത്സമയ ക്ലാസുകളുണ്ട്. മേഖലയിൽ വിദഗ്ധരായ പ്രായമായവരാണ് ക്ലാസുകൾ എടുക്കുന്നത്. നീൽ ഡിസൂസ ( Neil Dsouza), ലോറൻസ് കോസിക് (Lawrence Kosick) എന്നിവർ ചേർന്ന് 2019ലാണ് കമ്പനി ആരംഭിക്കുന്നത്.
എൽഡർ എയ്ഡ് വെൽനെസ് (ElderAid Wellness)
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ എന്റർപ്രൈസാണ് എൽഡർ എയ്ഡ് വെൽനെസ് പ്രൈവറ്റ് ലിമിറ്റഡ്. 2015ലാണ് വന്ദന നഡിഗ് നായർ എൽഡർ എയ്ഡ് വെൽനെസ് ആരംഭിക്കുന്നത്.
ആരോഗ്യസംരക്ഷണം, പരിപാലനം തുടങ്ങി പ്രായമായവർക്ക് ആവശ്യമുള്ള പല വിധ സേവനങ്ങളാൺ എൽഡർ എയ്ഡ് നൽകുന്നത്. ഒരു വ്യക്തിക്ക് ഒരാൾ എന്ന തരത്തിലാണ് സേവനം നൽകുന്നത്. മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങി സാധനങ്ങൾ വാങ്ങാനും വൈദ്യുതി ബിൽ അടക്കാനും മറ്റും എൽഡർ എയ്ഡ് നിയോഗിക്കുന്ന കെയർ മാനേജർ സഹായിക്കും. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പഠിപ്പിക്കാനും വെറുതേ സംസാരിച്ചിരിക്കാനും കെയർ മാനേജർ ഒരുക്കമാണ്. 24 മണിക്കൂർ സേവനം ആവശ്യമില്ലാത്തവർക്ക് അത്തരം സേവനങ്ങൾക്കും ആവശ്യപ്പെടാം.
ലിവ് വിത്ത് ജോയി (Live with Joy)
വിദേശത്ത് ജോലി ചെയ്യുന്ന മക്കളുടെ രക്ഷിതാക്കൾ വേണ്ടിയുള്ളതാണ് ലിവ് വിത്ത് ജോയി. രവി അയ്യർ, പ്രേം കുമാർ പണിക്കർ, മധുമതി അയ്യർ എന്നിവർ ചേർന്നാണ് ലിവ് വിത്ത് ജോയി ആരംഭിക്കുന്നത്. തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളുവെങ്കിലും രംഗത്ത് മികച്ച സേവനമാണ് ലിവ് വിത്ത് ജോയി നൽകുന്നത്. പ്രായമായവർക്ക് കരുതലും ഒറ്റപ്പെടലിൽ കൂട്ടിരിക്കാനും ലിവ് വിത്ത് ജോയിൽ സംവിധാനമുണ്ട്. വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് മാനസികാരോഗ്യ വിദഗ്ദന്റെ സേവനവും ലഭ്യമാണ്.
ഒറ്റപ്പെടുന്നവർക്ക് കൂട്ടാവുകയും രോഗങ്ങൾ പരിചരിക്കുകയും മാത്രമല്ല ഇത്തരം സ്റ്റാർട്ടപ്പുകൾ ചെയ്യുന്നത്. വയോജനങ്ങളെ പുതിയ സാങ്കേതിക വിദ്യ പഠിപ്പിക്കാനും യാത്രയിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും ജീവിതം കൂടുതൽ ആസ്വാദകരമാക്കി തീർക്കാനും ഈ സ്റ്റാർട്ടപ്പുകൾ ശ്രദ്ധിക്കുന്നുണ്ട്.
India catering to the needs of the aging population, ensuring their well-being and quality of life. From SeniorWorld to GetSetUp, discover organizations addressing various aspects of elderly care.