മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാന്തി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പേയ്മെന്റ് പോളിസുകൾ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് 9 ഇന്ത്യൻ ഡെവലപ്പർമാരുടെ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തത്.
കേരള മാട്രിമോണി, ഭാരത് മാട്രിമോണി, ജോഡി എന്നിങ്ങനെ മാട്രിമോണി ഡോട്ട് കോമിന്റെ 13 ആപ്പുകൾ നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ഇൻഫോ എഡ്ജിന്റെ നൗക്കരി ഡോട്ട് കോം (Naukri.com), നാക്കറി റിക്രൂട്ടർ (Naukri Recruiter), 99 ഏക്കേഴ്സ് (99Acres) എന്നീ ആപ്പുകളും പീപ്പിൾ ഇന്ററാക്ടീവിന്റെ ഷാന്തി ഡോട്ട് കോം, ആൾട്ട് ബാലാജിയുടെ സ്ട്രീമിംഗ് സർവീസായ ആൾട്ട് എന്നിവയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആൺഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ഇതോടെ ഈ ആപ്പുകൾ ഗൂഗിളിന്റെ ഔദ്യോഗിക പ്ലേസ്റ്റോറിൽ സേർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഗൂഗിളിന്റെ നടപടിയിൽ ബാധിക്കപ്പെട്ട പല ആപ്പുകളും ഐഒഎസിൽ (iOS) പ്രവർത്തിക്കുന്നതല്ല.
വെള്ളിയാഴ്ചയാണ് ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ ഇന്റർനെറ്റിന്റെ കരിദിനം എന്നാണ് ഇതേ കുറിച്ച് ചില ഫൗണ്ടർമാർ പറഞ്ഞത്. ഇന്റർനെറ്റിലൂടെ ആളുകൾക്ക് എന്ത് ലഭിക്കണമെന്ന് ഇന്ന് ആപ്പിൾ, ഗൂഗിൾ എന്നിങ്ങനെ രണ്ട് കമ്പനികളാണ് തീരുമാനിക്കുന്നതെന്ന് മാട്രിമോണി ഡോട്ട് കോമിന്റെ സിഇഒ മുരുഗവേൽ ജാനകിരാമൻ പറഞ്ഞു. ഇന്ത്യൻ കോംപറ്റീഷൻ റെഗുലേറ്ററുടെ ആന്റി ട്രസ്റ്റ് ഓർഡർ 2022 ലംഘിച്ചാണ് ഗൂഗിൾ ഇന്ത്യൻ കമ്പനികളുടെ മേൽ ബില്ലിംഗ് സിസ്റ്റം നടപ്പാക്കുന്നതും സർവീസ് ഫീസ് ഈടാക്കുന്നതുമെന്ന് ഫൗണ്ടർമാർ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപടലുകൾ ഉണ്ടാവണമെന്നാണ് ഫൗണ്ടർമാരുടെ ആവശ്യം.
Google removes apps of Indian companies from its Play Store amidst a dispute over billing policy compliance. Learn about the reactions, accusations, and legal complexities surrounding the issue.