ആനന്ദ് അംബാനി-രാധികാ മർച്ചന്റ് എന്നിവരുടെ 3 ദിവസത്തെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ അവസാനിച്ചു. എങ്കിലും ആഘോഷത്തിന്റെ പുതിയ പുതിയ വിശേഷങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും മാർക്ക് സക്കർബർഗ്, ബിൽഗേറ്റ്സ് അടക്കമുള്ള ലോക കോടീശ്വരന്മാരും പങ്കെടുത്ത മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്കായി ഏകദേശം 1260 കോടി രൂപയാണ് ചെലവഴിച്ചത്.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈൻ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളിൽ തിളങ്ങിയാണ് അംബാനി കുടുംബം ചടങ്ങിനെത്തിയത്. എന്നാൽ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ ആനന്ദ് അംബാനിയുടെ വാച്ചിലും നിത അംബാനിയുടെ നെക്ലേസിലുമാണ്.
മാർക്ക് സക്കർബർഗിനൊപ്പമുള്ള ആനന്ദ് അംബാനിയുടെ ഒരു വീഡിയോ വൈറലായിരുന്നു. ആനന്ദിന്റെ കൈയിലുള്ള അപൂർവ ആഡംബര വാച്ച് ആദ്യം ശ്രദ്ധിക്കുന്നത് സക്കർബർഗിന്റെ ഭാര്യ പ്രിസില്ലയാണ്. പ്രീവെഡ്ഡിംഗിന്റെ രണ്ടാം ദിവസത്തെ ജംഗിൾ വിസിറ്റിനിടെയാണ് സക്കർബർഗും പ്രിസില്ലയും ആനന്ദിനെ കണ്ടുമുട്ടുന്നത്. സംസാരത്തിനിടയിൽ ആനന്ദിന്റെ വാച്ച് കൂളാണെന്ന് പ്രിസില്ല പറയുന്നുണ്ട്. ആരാണ് വാച്ചുണ്ടാക്കുന്നത് എന്ന് ചോദിച്ച് ആനന്ദിന്റെ കൈ പിടിച്ച് പ്രിസില്ല നോക്കുന്നുമുണ്ട്.
ആഡംബര വാച്ച് ബ്രാൻഡായ റിച്ചാർഡ് മില്ലേയുടെ RM 56-02 വൈറ്റ് സഫയർ വാച്ചാണ് ആനന്ദ് അംബാനിയുടെ കൈയിലുള്ളത്. ലോകത്ത് ആകെ 10 വാച്ചുകൾ മാത്രമാണ് ഈ മോഡലിൽ റിച്ചാർഡ് മില്ലേ നിർമിച്ചിട്ടുള്ളു. ഒരു വാച്ചിന്റെ വില ഒരു റോൾസ് റോയസിനേക്കാൾ കൂടുതലാണ്. 18.2 കോടി രൂപയാണ് ഈ വാച്ചിന്റെ വില.
ആനന്ദിന്റെ അമ്മ നിതയുടെ മരതക കല്ലുകൾ പതിപ്പിച്ച ഡയമണ്ട് നെക്ലേസും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രീവെഡ്ഡിംഗിൻെറ അവസാന ദിവസമാണ് നിത അംബാനി ഡയമണ്ട് നെക്ലേസ് അണിഞ്ഞ് വന്നത്. വലിയ മരതക കല്ലുകൾ പതിപ്പിച്ച നെക്ലേസ് പൂർണമായും വജ്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. നെക്ലേസിന് പെയർ ചെയ്ത് ഡയമണ്ട് കമ്മലും മോതിരവും നിത ധരിച്ചു. 400-500 കോടി രൂപയാണ് ഈ നെക്ലേസിന്റെ വില എന്നാണ് റിപ്പോർട്ട്.
Fashion choices of Nita Ambani and Anant Ambani during the pre-wedding celebrations, featuring stunning jewellery and an exclusive timepiece.