ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ പണം സംഭാവന നൽകിയ ആദ്യ 10 പത്തിൽ സുനിൽ മിത്തലും എയർടെല്ലിന്റെ ഭാരതി മിത്തലും വേദാന്തയും ഐടിസിയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് ഇലക്ഷൻ കമ്മീഷനാണ് ഇലക്ടറൽ ബോണ്ടിന്റെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
ആദ്യ പത്തിലെ മൂന്ന് കമ്പനികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ആദായ നികുത വകുപ്പിന്റെയും അന്വേഷണം നേരിടുന്നവരാണ്. 2019 ഏപ്രിൽ-2024 ജനുവരി വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയും മെഗാ എൻജിനിയറിംഗ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഉൾപ്പെടുന്നു.
ഇലക്ടറൽ ബോണ്ട് പട്ടികയിലെ മറ്റു കമ്പനികളെ അപേക്ഷിച്ച് അത്ര പ്രശസ്തമല്ലാത്ത ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് 1,350 കോടി രൂപയ്ക്കും മെഗാ എൻജിനിയറിംഗ് കമ്പനി 980 കോടി രൂപയ്ക്കും ഇലക്ടറൽ ബോണ്ട് വാങ്ങി.
ലോട്ടറി കിംഗ്
ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് 2020 ഒക്ടോബർ 21 മുതൽ 2024 ജനുവരി 9 വരെയുള്ള കാലഘട്ടത്തിൽ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് വാങ്ങിയത് 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ്. ഓരോ തവണയും 1 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങിയിരുന്നത്.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗെയിമിംഗ് കമ്പനി രാജ്യത്തെ തന്നെ ഏറ്റവും വലിയ ലോട്ടറി കമ്പനികളിലൊന്നാണ്. കമ്പനിയുടെ ഫൗണ്ടർ സാന്റിയാഗോ മാർട്ടിൻ അറിയപ്പെടുന്നത് പോലും ലോട്ടറി കിംഗ് എന്നാണ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ രണ്ടാമതാണ് മെഗാ എൻജിനിയറിംഗ് ഇൻഫ്രാസ്ട്രക്ചർ. 2019 ഏപ്രിൽ 12 മുതൽ 2023 ഒക്ടോബർ 12 വരെയുള്ള കാലഘട്ടത്തിൽ 980 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് ഈ കമ്പനി വാങ്ങിയത്. ഹൈദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ആഗോളതലത്തിൽ ഉയർന്ന് വരുന്ന കമ്പനി എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പിവി കൃഷ്ണ റെഡ്ഡി, പിപി റെഡ്ഡി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനി ജലസേചനം, വാട്ടർ മാനേജ്മെന്റ്, വൈദ്യുതി, ഹൈഡ്രോകാർബൺസ് എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. 18 സംസ്ഥാനങ്ങളിലായി പൊതു-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. ഏറ്റവും അധികം ഇലക്ടറൽ ബോണ്ട് വാങ്ങിയ അധികം പ്രശസ്തമല്ലാത്ത കമ്പനികളുടെ കൂട്ടത്തിൽ ക്വിക് സപ്ലൈ ചെയിൻ (410 കോടി രൂപ), ഹൽദിയ എനർജി (377 കോടി രൂപ) എന്നിവയും ഉൾപ്പെടും. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് എസ്ബിഐയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇലക്ടറൽ ബോണ്ടിന്റെ വിവരങ്ങൾ കൈമാറിയത്.
വേദാന്ത മാത്രമല്ല
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ തുടക്കം മുതൽ കേൾക്കുന്ന വേദാന്ത ആദ്യ പത്തിൽ അഞ്ചാം സ്ഥാനത്താണ്. ഇലക്ടറൽ ബോണ്ട് നടപ്പാക്കുന്നതിന് വേണ്ടി സാമ്പത്തിക ബില്ലിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ മുതൽ വേദാന്തയുടെ പേരും ചേർത്തുവായിച്ചിരുന്നു. ബിജെപിക്കും കോൺഗ്രസിനും വേദാന്ത നൽകിയ സംഭാവനയെ സാധൂകരിക്കാനാണ് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിൽ ഭേദഗതി കൊണ്ടു വന്നത് എന്നു പോലും പറഞ്ഞിരുന്നു. 375.65 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വേദാന്ത ആകെ വാങ്ങിയത്. 2022 ജനുവരി 10ന് മാത്രം 1 കോടി രൂപയുടെ 73 ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നു. അനിൽ അഗർവാളിന്റെ വേദാന്ത 376 കോടി രൂപ വാങ്ങിയപ്പോൾ സുനിൽ മിത്തലിന്റെ 3 കമ്പനികൾ ചേർവ്വ് 246 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. സ്റ്റീൽ വ്യവസായത്തിലെ കുലപതി ലക്ഷ്മി നിവാസ് മിത്തൽ സ്വന്തം നിലയിൽ 35 കോടി രൂപ സംഭാവന നൽകി.
സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗ്രാസിം ഇൻഡസ്ട്രീസ്, പിരാമൽ എന്റർപ്രൈസ്, ടോറന്റ് പവർ, ഡിഎൽഎഫ് കൊമേർഷ്യൽ ഡെവലപ്പേഴ്സ്, അപ്പോളോ ടയേഴ്സ്, ഈഡൽവീസ്, പിവിആർ, കെവെന്റർ, സുല വൈൻസ്, വെൽസ്പുൺ, സൺ ഫാർമ, വർദമാൻ ടെക്സ്റ്റൈൽസ്, ജിൻഡൽ ഗ്രൂപ്പ്, ഫിലിപ്പ്സ് കാർബൺ ബ്ലാക്ക്, സിഇഎടി ടയേഴ്സ്, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഐടിസി, കെപീ, സിപ്ല, അൾട്രാടെക് സിമെന്റ് തുടങ്ങിയ കമ്പനികളും പട്ടികയിലെ ഏറ്റവും കൂടുതൽ സംഭാവന നൽകിയ കമ്പനികളാണ്.
പട്ടികയിൽ ഒരു ആശുപത്രിയും ഉൾപ്പെടുന്നുണ്ട്. ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 1 കോടി വില മതിക്കുന്ന 162 ബോണ്ടുകളാണ് വാങ്ങിയത്.
നേട്ടമുണ്ടാക്കി പാർട്ടികൾ
10 കോടിക്ക് മുകളിൽ ആകെ 213 പേരാണ് ഇലക്ടറൽ ബോണ്ട് വാങ്ങിയത്.
ബിജെപി, കോൺഗ്രസ്, എഐഎഡിഎംകെ (AIADMK), ബിആർഎസ്, ശിവ സേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ജെഡി-എസ്, എൻസിപി, തൃണമൂൽ കോൺഗ്രസ്, ജെഡിയു, ആർജെഡി, എഎപി, സമാജ്വാദി പാർട്ടി, ജമ്മു ആൻഡ് കാശ്മീർ നാഷണൽ കോൺഫറൻസ്, ബിജെഡി, ഗോവ ഫോർവേർഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, സിക്കിം ക്രാന്തികാരി മോർച്ച, ജെഎംഎം, സിക്കിം ഡെമോക്രാറ്റിക് ഫ്രോണ്ട്, ജെഎസ്പി തുടങ്ങിയ പാർട്ടികളെല്ലാം തന്നെ സംഭാവന സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടി ബിജെപിയാണ്.
top contributors to political parties through electoral bonds, including prominent names like Sunil Mittal, Vedanta, and Mahindra & Mahindra. Learn about the investigations by enforcement agencies and the significant contributions made by companies like Future Gaming and Hotel Services and Mega Engineering Infrastructure Limited.