വാഹന ഇന്ധനമായി 100% എഥനോളും ഇന്ത്യയിലെ വിപണിയിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യ എഥനോൾ പമ്പ് എഥനോൾ 100 ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ 183 ഔട്ട്ലെറ്റുകളിലാണ് ഇന്ത്യയിൽ 25 % എഥനോൾ ഇന്ധനം ലഭ്യമായിരിക്കുന്നത്. ഇത് പൂർണമായും 100% എഥനോൾ ആക്കി മാറ്റുകയാണ് ലക്‌ഷ്യം.
ഫോസിൽ ഇന്ധനത്തിന് ബദലായി ഇന്ത്യ പ്രാധാന്യം നൽകുന്ന ഇന്ധനമാണ് എഥനോൾ മിശ്രിത ഇന്ധനം -Ethanol blended fuel. രാജ്യത്തെ എഥനോൾ 100 എന്ന പേരിലുള്ള ഇന്ധനം ഇന്ത്യയിലെ 183 എഥനോൾ ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാക്കും.
മഹാരാഷ്ട്ര, കർണാടക, ഉത്തർ പ്രദേശ്, ന്യൂഡൽഹി, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ എഥനോൾ 100 ലഭിക്കുക. ഏപ്രിൽ പകുതിയോടെ രാജ്യത്തെ 400 ഔട്ട്ലെറ്റുകളിൽ എഥനോൾ 100 ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തു ഇതിനോടകം തന്നെ എഥനോൾ കലർന്ന E-20 പെട്രോൾ വിപണിയിലെത്തിയിട്ടുണ്ട്. 20% എഥനോൾ കലർന്ന ഇന്ധനമാണ് E-20. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ 84 ഔട്ട്ലെറ്റുകളിൽ E-20 ഇന്ധനം വിതരണം ചെയ്യുന്നുണ്ട്. 2025 ൽ E-20 ഇന്ധനം 12000 ഫ്യുവൽ റീടെയിൽ ഔട്ട്ലെറ്റുകൾ വഴി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പെട്രോളിൽ എഥനോൾ ബ്ലെൻഡ് ചെയ്യുന്നതിനുള്ള അനുമതി സർക്കാർ നേരത്തെ നൽകിക്കഴിഞ്ഞു. നിലവിൽ സാധാരണയായി ലഭിക്കുന്ന പെട്രോളിൽ ഏകദേശം 12% എഥനോളാണ് ബ്ലെൻഡ് ചെയ്യുന്നത്. 2025-26 വർഷത്തോടെ ഇത് 20% എന്ന തോതിൽ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള 85 %ലധികം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. എഥനോൾ 100 പകരമായി വരുന്നതോടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഗണ്യമായി കുറച്ചു കൊണ്ടു വരാൻ സാധിക്കും. ഇതോടെ ഊർജ്ജമേഖലയിൽ രാജ്യത്തിന് സ്വയം പര്യാപ്തത കൈവരിക്കാനും, കാർബൺ ബഹിർഗമനം കുറയ്ക്കാനും സാധിക്കും.
കരിമ്പ് പോലെയുള്ള കാർഷിക വിളകളിൽ നിന്നെടുക്കുന്ന ഷുഗർ സിറപ്പിൽ നിന്നുമാണ് എഥനോൾ എന്ന ബയോ ഫ്യുവൽ ഉല്പാദിപ്പിക്കുന്നത്. രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് എഥനോൾ 100 എന്നും, ഇതിന്റെ ഉപയോഗം വർധിക്കുന്നതോടെ ഫോസിൽ ഇന്ധനങ്ങളോടുള്ള രാജ്യത്തിൻറെ ആശ്രിതത്വം കുറയ്ക്കാൻ സാധിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി പറഞ്ഞു
IOCL Launches Nation’s First Ethanol Pump in New Delhi.In five states – Maharashtra, Karnataka, Uttar Pradesh, New Delhi and Tamil Nadu – 183 fuel outlets will offer this fuel to vehicles that can run on ethanol. By April 15, the government plans to make “Ethanol 100” available in 400 outlets across the country.