2000-ൽ വിപണിയിലേക്കുള്ള വരവ് അവസാനിപ്പിച്ചതാണ്. എന്നിട്ടും കൃഷിയിടങ്ങളിലും ചെമ്മൺ പാതകളിലുമൊക്കെ പൊടിപറത്തിക്കൊണ്ട് ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ കുടുംബത്തിലെ വിശ്വസ്തരിൽ ഒരാളായി വിലസുകയാണിപ്പോഴും ലൂണ മൊപെഡുകൾ. തന്റെ യുഗം അവസാനിച്ചിട്ടില്ല, ലൂണ വീണ്ടും കടന്നുവരികയാണ്.
ഇത്തവണ നിശബ്ദമായും പെഡലുകളില്ലാതെയും ആണ് ലൂണയുടെ വരവ്. അതെ, ലൂണ മോപെഡ് ഇനി ചവിട്ടികറക്കി വിഷമിക്കേണ്ട. ഇലക്ട്രിക് രൂപത്തിലെത്തി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങുകയാണ് ഇ-ലൂണ. ഇപ്പോൾ പെഡലുകൾ ഇല്ലാത്തതിനാൽ ഇതിനെ മോപെഡ് എന്ന് വിളിക്കാനാവില്ല എന്ന മാത്രം.പക്ഷെ പെർഫോമൻസ് പഴയ ലൂണയ്ക്കൊപ്പം നിൽക്കും .കിലോമീറ്ററിന് 10 പൈസ മാത്രം ഈടാക്കുന്ന ബൈക്ക്, പെട്രോളിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു. 69,990 രൂപയ്ക്കും 74,990 രൂപയ്ക്കും ഇടയിൽ വിലയുള്ള ഇ-ലൂണ ബ്രാൻഡ് ഒരു ഇന്ത്യൻ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ വർഷം ഫെബ്രുവരിയിൽ വിപണിയിൽ എത്തിയത് മുതൽ, 5,000 യൂണിറ്റുകൾ വിറ്റഴിച്ചതായി നിർമാതാക്കളായ കൈനറ്റിക് ഗ്രീനിൻ്റെ ഉടമകളായ ഫിറോഡിയ ഗ്രൂപ്പ് അവകാശപ്പെട്ടു .അനുബന്ധ സ്ഥാപനമായ കൈനറ്റിക് ഗ്രീൻ വഴി, 2024-25ൽ 100,000 യൂണിറ്റുകൾ വിൽക്കുകയാണ് ലക്ഷ്യം.
കൈനറ്റിക് ഗ്രൂപ്പ് 1972-ൽ പുറത്തിറക്കി, ഹിറ്റായി മാറിയ ലൂണ മോപ്പഡ് സൈക്കിളുകളിൽ നിന്ന് മോട്ടോർ സൈക്കിളുകളിലേക്ക് സാധാരണ ഇന്ത്യൻ ജനതയെ സാവധാനം മാറ്റുകയായിരുന്നു. രാജ്യത്തെ ഗ്രാമീണ റോഡുകൾ മെച്ചപ്പെടുകയും ഹൈവേകൾ വരികയും ചെയ്തതിനൊപ്പം സാങ്കേതികവിദ്യ വികസിച്ചപ്പോൾ, ലൂണയ്ക്ക് പിടിക്കാൻ കഴിഞ്ഞില്ല. ഡിമാൻഡ് കുറഞ്ഞതോടെ 2000-ൽ കമ്പനി മോപ്പഡുകളുടെ നിർമ്മാണം നിർത്തി.
ഇ-ലൂണയുടെ നേട്ടം അതിൻ്റെ ലോഡ് കപ്പാസിറ്റിയും ചെറിയ പട്ടണങ്ങളിലും ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമാണ്. ഓലയും ആതറും (OLA,ATHER) ഉയർന്ന വേഗതയും ഉയർന്ന പ്രകടനവുമുള്ള ബ്രാൻഡുകളാണ്. മോപ്പഡ് വിഭാഗത്തിൽ, പ്രധാന മത്സരക്കാരില്ല. ഈ മൂല്യം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് കൈനറ്റിക് എഞ്ചിനീയറിംഗിൻ്റെ മാനേജിംഗ് ഡയറക്ടർ അജിങ്ക്യ ഫിറോഡിയ പറഞ്ഞു,
കൈനറ്റിക് ഗ്രീനിനെ കൂടാതെ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൈനറ്റിക് വാട്ട്സ് & വോൾട്ട്സ് എന്ന കമ്പനിയും ഗ്രൂപ്പിനുണ്ട്.
മോട്ടോറുകൾ, കൺട്രോളറുകൾ, ബാറ്ററികൾ എന്നിവ പോലുള്ള പ്രധാന ഘടകങ്ങൾ വാഗ്ദാനം ചെയ്യുന്ന സംയോജിത നിർമാണങ്ങളിൽ കൈനറ്റിക് വാട്ട്സ് & വോൾട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
E-Luna is a hit among electric two-wheelers. With a price range between Rs 69,990 and Rs 74,990, the E-Luna brand is considered one of the most affordable electric two-wheelers from an Indian manufacturer.