സാമൂഹിക സാഹചര്യവും ചുവപ്പുനാടയും കാരണം ഒരു സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട്, ഈ കഥാതന്തുവുമായി വന്ന എല്ലാ സിനിമകളും മലയാളി പ്രേക്ഷകനെ പിടിച്ചിരുത്തിയിട്ടുണ്ട്. മിഥുനത്തിലെ സേതുമാധവനും ദാക്ഷായാണി ബിസ്ക്കറ്റ്സും വരവേൽപ്പിലെ മുരളീധരനും ഗൾഫ് മോട്ടോഴ്സും ഓർക്കാത്തവരുണ്ടാകില്ല.

നർമത്തിൽ പൊതിഞ്ഞാണെങ്കിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപ്പാടുകളിൽ ഒരു സംരംഭം വളരാൻ പെടുന്ന പാട് ഈ ചലച്ചിത്രങ്ങൾ കാണിച്ചു തരും. ഈ കൂട്ടത്തിലെ മറ്റൊരു ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്.
വേറിട്ട ബിസിനസ് ഐഡിയയുമായി ജീവിതം മെച്ചപ്പെടുത്താൻ ഇറങ്ങി പുറപ്പിട്ട ജോയ് താക്കോൽക്കാരൻ എന്ന എന്റർപ്രണർ. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നുള്ള ജോയിക്ക് അഗർബത്തി ബിസിനസിന്റെ സ്കോപ്പിനെ പറ്റി ഒരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ചന്ദനത്തിരിയല്ല, പ്രകൃതിക്ക് ദോഷം ചെയ്യാത്ത ആനപിണ്ഡത്തിൽ നിന്നുള്ള ചന്ദനത്തിരി. പക്ഷേ, കാര്യങ്ങൾ ജോയ് വിചാരിച്ച ട്രാക്കിൽ കൂടിയല്ല പോയത്  എന്നുമാത്രം.
ജയസൂര്യ നായികനായ പുണ്യാളൻ അഗർബത്തീസ് എന്ന സറ്റൈറിക്കൽ കോമഡി ചിത്രം 2013ലാണ് തിയേറ്ററുകളിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രം ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിലാണ് പുറത്തിറങ്ങിയത്. നൈല ഉഷ, അജു വർഗീസ്, രചന നാരായണൻകുട്ടി, ഇന്നസെന്റ്, ശ്രീജിത്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് സംഗീതം നിർവഹിച്ചത് ബിജിബാൽ ആണ്. രഞ്ജിത്ത് പ്രോഡ്യൂസ് ചെയ്ത ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ കൂടിയാണ് ജയസൂര്യ.

എന്റർപ്രണർമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പുണ്യാളൻ അഗർബത്തീസ് പറഞ്ഞു തരും

1) സ്വപ്നങ്ങൾ ഉണ്ടായിരിക്കണം:
തൃശ്ശൂരുക്കാരനായ ജോയ് കണ്ടതെല്ലാം ‘കളറായിട്ടുള്ള’ സ്വപ്നങ്ങളാണ്. അങ്ങനെ സ്വപ്നങ്ങൾ കാണുക മാത്രമല്ല അതിന് വേണ്ടി പരിശ്രമിക്കാനും ജോയ് മടിച്ചു നിൽക്കാറില്ല. മനസിൽ കണ്ട എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമായി കൊള്ളണമെന്നില്ല. പക്ഷേ, അതിന് വേണ്ടി പരിശ്രമിക്കുക എന്നത് അത്യാവശ്യമാണ്.

2) പുതിയ ആശയങ്ങളോട് മുഖം തിരിക്കണ്ട:
ആനപിണ്ഡം കൊണ്ട് ചന്ദനത്തിരി, ഈ ബിസിനസ് ആശയം ജോയിയുടെ തലയിൽ ഉദിച്ചപ്പോൾ തന്നെ എതിർപ്പുകളായിരുന്നു ചുറ്റും. അഗർബത്തീസ് ബിസിനസിലേക്ക് തിരിയുന്നതിന് മുമ്പ് മറ്റ് നിരവധി ബിസിനസുകളും ജോയ് പരീക്ഷിച്ചിട്ടുണ്ട്. ഓരോന്നിലും ഏറ്റ പരാജയം അഗർബത്തീസ് ബിസിനസിലേക്ക് ജോയിയെ എത്തിച്ചു.

3) തിരിച്ചടികളിൽ വീണുപോകരുത്:
നിരവധി ബിസിനസുകൾ പരീക്ഷിച്ച് പരാജയപ്പെട്ട ജോയ് ഏറ്റവും അധികം പ്രതീക്ഷ അർപ്പിച്ച ഒന്നായിരുന്നു ആനപിണ്ഡത്തിൽ നിന്ന് അഗർബത്തി ഉണ്ടാക്കി മാർക്കറ്റിലെത്തിക്കുക എന്നത്. തുടക്കത്തിൽ എല്ലാം നല്ല രീതിയിൽ തന്നെയായിരുന്നു പോയിരുന്നത്. അഗർബത്തി നിർമാണത്തിന് ആവശ്യമായ ആനപിണ്ഡം വാങ്ങാൻ ദേവസ്വം ബോർഡുമായി കരാറുണ്ടാക്കി. എന്നാൽ ദേവസ്വത്തിൽ പുതിയ ചെയർമാൻ വന്നതോടെ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. കരാർ റദ്ദാക്കി, കൃത്യസമയത്ത് അസംസ്കൃത വസ്തുക്കൾ കിട്ടിയില്ലെങ്കിൽ ബിസിനസ് തന്നെ പൂട്ടി പോകുന്ന അവസ്ഥയിലും എത്തി. ഇത്തരം തിരിച്ചടികളിൽ പലപ്പോഴും പതറുന്നുണ്ടെങ്കിലും ജോയ് പൂർണമായി വീണ് പോകുന്നില്ല. പരാജയപ്പെടാൻ തയ്യാറുമല്ല.

4) നമ്മളെ പിന്തുണയ്ക്കുന്ന കുറച്ചു പേരെയെങ്കിലും കൂടെ നിർത്തുക:
അഗർബത്തീസ് ബിസിനസ് തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പല പ്രതിസന്ധികളും ജോയ് നേരിടുന്നുണ്ട്. രാഷ്ട്രീയക്കാരിൽ നിന്നും പരിചയക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നുമെല്ലാം ജോയിക്ക് തിരിച്ചടികളുണ്ടാകുന്നുണ്ട്. അഗർബത്തി നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തിക്കാൻ കോടതി കൊടുത്ത അവസാന ദിവസവും ഹർത്താലും ഒരേ തീയതിയിൽ ആയതോടെ ജോയ് ശരിക്കും കുടുങ്ങി. എന്നാൽ ഇത്തരം ഘട്ടങ്ങളിലെല്ലാം ജോയ്ക്ക് കൂട്ടാവുകയാണ് അജു വർഗീസിന്റെ കഥാപാത്രമായ ഗ്രീനു ശർമ. ഗ്രീനു ശർമ മാത്രമല്ല ഇത്തരത്തിൽ ജോയിൽ വിശ്വാസം അർപ്പിച്ച് ഒരുപിടി സുഹൃത്തുക്കളും കുടുംബവും ജോയ്ക്കൊപ്പമുണ്ട്. യാഥാർഥ്യം കാണിച്ചു തരികയും അതേസമയം നമ്മളോടുള്ള വിശ്വാസം നിലനിർത്തുകയും ചെയ്യുന്ന സുഹൃത്ത്‌വലയങ്ങൾ ബിസിനസിലും അത്യാവശ്യമാണ്.

5) ശുഭാപ്തി വിശ്വാസം വേണം:
 ഒന്നും രണ്ടുമല്ല നിരവധി തവണയാണ് ജോയ് താക്കോൽക്കാരൻ ബിസിനസിൽ പ്രതിസന്ധിയിലൂടെ കടന്നു പോയത്. ഒരുഘട്ടത്തിൽ ചിലർ ചേർന്ന് ജോയിയുടെ ഫാക്ടറി ഗോഡൗൺ അടിച്ചു തർക്കുകയും അഗർബത്തി നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ പൂർണമായി നശിപ്പിക്കുകയും ചെയ്തു. ജോയിയെ മാനസികമായി തകർക്കാനും ആർഐപി പാർട്ടിക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനോടെല്ലാം ജോയ് പോരാടുന്നത് ശുഭാപ്തി വിശ്വാസം കൊണ്ടാണ്. സിനിമ അവസാനിക്കുന്നത് പോലും ‘നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുന്നെങ്കിൽ ഈ ലോകം തന്നെ കീഴടക്കാൻ സാധിക്കും’ എന്ന ടാഗ് ലൈനോടെയാണ്.

The entrepreneurial lessons depicted in the Malayalam movie “Punyalan Agarbatis,” highlighting the importance of dreaming big, embracing new ideas, resilience in the face of setbacks, maintaining a supportive circle, and the power of optimism and belief.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version