ഇഷ്ടികയുടെ ഭംഗിയും, പരിസ്ഥിതിക്കിണങ്ങിയ നിർമിതിയും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന കേരളത്തിലെ ആദ്യ നെറ്റ്-സീറോ ഹോം ശ്രീജിത് ശ്രീനിവാസ് ആർക്കിടെക്റ്റ്സിന്റെ സംഭാവനയാണ്, അത് തിരുവനന്തപുരത്താണ്.
പാരിസ്ഥിതിക ആശയം രൂപപ്പെടുത്തി നടപ്പിലാക്കിയ കെൻസ് ഹൗസ് ( Kenz House ) എന്ന വസതി പരമാവധി വായുവും വെളിച്ചവും പച്ചപ്പും ഉറപ്പാക്കും വിധം രൂപകൽപ്പന ചെയ്തിരിക്കുന്നു.
40 സെൻ്റ് സ്ഥലത്താണ് 8,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെൻസ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് തന്റെ കുടുംബത്തിന് വേണ്ടി ഇത്തരമൊരു വീട് രൂപകൽപ്പന ചെയ്യാൻ ഒരു പ്രൊഫഷണൽ ഡോക്ടർ, ചീഫ് ആർക്കിടെക്റ്റ് ശ്രീജിത്ത് ശ്രീനിവാസിനെ സമീപിക്കുകയായിരുന്നു .അങ്ങനെ പഴയ മരങ്ങളാൽ ചുറ്റപ്പെട്ട, പരന്ന മേൽക്കൂരയുള്ള വീട് 8,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇഷ്ടിക വിസ്മയമായി രൂപാന്തരപ്പെട്ടു. പഴയ വൃക്ഷങ്ങൾ അടക്കം നിലനിർത്തിക്കൊണ്ടാണ് നിർമ്മാണം.കൂടാതെ പ്ലോട്ടിൽ 400 പുതിയ ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
കെൻസ് ഹൗസ് രണ്ട് നിലകളുള്ള ഒരു ചതുരാകൃതിയിലുള്ള ഘടനയാണ്. ത്രികോണാകൃതിയിലുള്ള മേൽക്കൂര സവിശേഷ ഡിസൈൻ നൽകുന്നു. ലോഡ് ബെയറിംഗിൻ്റെ മെറ്റീരിയൽ, തുറന്നിരിക്കുന്ന ഇഷ്ടികകൾ എന്നിവ വീടിനു ഒരു പരമ്പരാഗത സ്പർശം നൽകുന്നു,ഒപ്പം അത് വീടിനെ തണുപ്പിക്കാൻ സഹായിക്കുന്നു.
പ്രകാശത്തിൻ്റെയും നിഴലിൻ്റെയും ഷെയ്ഡുകൾ ലാറ്റിസ് പോലുള്ള സുഷിരങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുണ്ട്. ഇത് അകത്തളങ്ങളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്നു.
വെള്ളം വേഗത്തിൽ ഒഴുകി പോകുകയും, ചൂട് കുറയ്ക്കുകയും ചെയ്യുന്നതിനാൽ ചരിഞ്ഞ മേൽക്കൂര കാലാവസ്ഥാ സൗഹൃദ വാസ്തുവിദ്യയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതായി ശ്രീനിവാസ് പറയുന്നു.
മേൽക്കൂരയുടെ ചരിവിൽ സോളാർ പാനലുകൾ ചേർക്കുന്നത് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. സർക്കാർ ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 KWP സോളാർ പാനലുകൾ ഇവിടെ ഉണ്ട്. വീട്ടുമാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ്, ഔട്ട്ഹൗസിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഊർജ സംരക്ഷണം ഉറപ്പാക്കുന്ന വീട്ടുപകരണങ്ങൾ, പാസീവ് കൂളിംഗ് സംവിധാനങ്ങൾ, സോളാർ വാട്ടർ ഹീറ്റിംഗ്, എന്നിങ്ങനെയുള്ള സംവിധാനങ്ങൾ കേരളത്തിലെ തീവ്രമായ ചൂടിൽ നിന്ന് വീടിനെ ഇൻസുലേറ്റ് ചെയ്യുകയും നെറ്റ് സീറോ പാർപ്പിടമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പച്ചപ്പും കുളങ്ങളും നിറഞ്ഞ അകത്തെ മുറ്റങ്ങൾ വീടിനെ തണുപ്പിക്കുന്നു. കിടപ്പുമുറികൾ ഉൾപ്പെടെ 13 മുറികൾ, ബാൽക്കണികൾക്കും നടുമുറ്റങ്ങൾക്കും പുറമേ ഒരു സ്പാ, ഇവയെല്ലാം ഗ്രൗണ്ടിലും ഫസ്റ്റ് ഫ്ലോറുകളിലുമായി പരന്നുകിടക്കുന്ന ആഡംബര ഭവനത്തിൽ ഉണ്ട്. ഇറ്റാലിയൻ മാർബിൾ പടികൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഒരു ഗോവണിയാണ് രണ്ട് ലെവലുകളും ബന്ധിപ്പിച്ചിരിക്കുന്നത്. വീടിൻ്റെ ചില ഭാഗങ്ങളിലുള്ള സ്കൈലൈറ്റുകളും ഡബിൾ ഹൈറ്റും സ്വാഭാവിക തണുപ്പ് സൃഷ്ടിക്കുന്നു.
ഫാമിലി റൂമും, സ്വകാര്യ കിടപ്പുമുറി സ്യൂട്ടുകൾ , വീടിൻ്റെ ഇൻ്റീരിയർ, ഫർണ്ണിച്ചർ ഇവയെല്ലാം തേക്ക് കൊണ്ടാണ്.
ശ്രീജിത് ശ്രീനിവാസ് ആർക്കിടെക്റ്റ്സ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ കേരളത്തിലെ ഈ വീട് ആഡംബരവും പച്ചപ്പും ഇഴചേർന്ന സുസ്ഥിര മോഡലിന്റെ പ്രതീകമാണ്.
Kenz House is Kerala’s first net-zero home by Shrijith Sreenivas Architects. It’s eco-friendly, spacious, and filled with natural light. With solar panels and green features, it’s a blend of modern comfort and sustainability.