കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ് തികയുന്നതിനൊപ്പം ഈ കാലയളയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് കരാർ നൽകിയ മുഴുവൻ ബോട്ടുകളും കിട്ടുന്നതോടെ കൊച്ചിയിൽ വാട്ടർ മെട്രോ കൂടുതൽ ഉഷാറാകും.
19.72 ലക്ഷത്തിൽ അധികം ആളുകളാണ് ഇതുവരെ വാട്ടർ മെട്രോയുടെ സേവനം നേടിയത്. ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കും വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കും രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച വാട്ടർ മെട്രോ സർവീസ് ഇന്ന് 14 ബോട്ടുകളുമായി അഞ്ചു റൂട്ടുകളിലേക്ക് എത്തി.
കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. ആകെ 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്.
20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം.
ഇപ്പോൾ പ്രതിദിനം 6500പേർ വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നു. ഏറ്റവും അവസാനം തുടങ്ങിയ ഹൈക്കോടതി- ഫോർട്ട് കൊച്ചി റൂട്ടിലാണ് ഏറ്റവും തിരക്ക്. നഗരത്തിരക്കിൽ ഒന്നര മണിക്കൂർ വരെ വേണ്ടിവരുന്ന യാത്രക്ക് 20 മിനിറ്റ് മതി എന്നത് തന്നെ കാരണം. ടെർമിനൽ നിർമാണം തുടരുന്ന വെല്ലിങ്ഠൺ ഐലൻഡ്, കടമക്കുടി തുടങ്ങിയ ഇടങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുമ്പോള് യാത്രികർക്ക് കൂടുതൽ സൗകര്യവും ആകുമെന്ന് ഉറപ്പ്.
ഇന്ത്യയിൽ സമഗ്ര വാട്ടർ മെട്രോ തുടങ്ങിയ ആദ്യനഗരമാണ് കൊച്ചി. രാജ്യത്തെ കൂടുതൽ നഗരങ്ങൾ വിജയമാതൃക പിന്തുടരാനെത്തിയിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോ പൂർണ്ണതോതിലാകുമ്പോൾ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്.