കണ്ണും കാതും കയ്യും കാലും തലച്ചോറും ഒക്കെയുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നവരോട് ഒന്നു പറയട്ടെ!
ആരെങ്കിലും താഴേക്ക് തള്ളിയാൽ ഇരട്ടി ഉയരത്തിൽ തിരിച്ചുവരാനുള്ള ഉൾക്കാമ്പും, സ്വപ്നത്തെ പിന്തുടർന്ന് സ്വന്തമാക്കാനുള്ള ഇശ്ചാശക്തിയും ഉള്ള ചിലർ നമുക്ക് ചുറ്റുമുണ്ട്. അവരെ കാലം എങ്ങനെയാണ് അതിന്റെ അമ്പാസി‍ഡറായി അവതരിപ്പിക്കുന്നത് എന്ന് ആശ്ചര്യത്തോടെ കാണുക.
ജയിക്കാൻ തീരുമാനിച്ചാൽ പിന്നെ, നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കഴിവുകളുടെ അളവുകോലുകൾ മാറുകയായി. കാഴ്ചയും കേൾവിയും തുടങ്ങി ശാരീരികമായി നാം ശീലിച്ച കഴിവിന്റെ മാനദണ്ഡം അപ്രസക്തമാവും. ഉള്ളിലെരിയുന്ന അപാരമായ ധിഷണ, എനിക്ക് വേണമെന്ന അടങ്ങാത്ത ബോധം എന്നിവ ശാരീരിക കഴിവുകൾക്കുമപ്പറം നമ്മളെ എടുത്തുയർത്തും, അസാധാരണമായി…
ഇത് വെറും മുത്തശ്ശിക്കഥയല്ല, പച്ചയായ സത്യമാണ്.

കാഴ്ചയില്ല, +2 വിന് 98% മാർക്ക്

ആന്ധ്രയിലെ മച്ചിലിപട്ടണം. അവിടെ സീതാരാമപുരത്ത് പാവപ്പെട്ട കർഷ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. മകൻ വളരുമ്പോൾ ആ പാവപ്പെട്ട മാതാപിതാക്കൾ ഒരു സത്യം തിരിച്ചറിഞ്ഞു, മകന് കാഴ്ച ശക്തിയില്ല. ഏതാണ്ട് പൂർണ്ണമായ അന്ധതയാണ് മകന്. പുറം ലോകത്തിന്റെ വെളിച്ചം നിഷേധിക്കപ്പെട്ട അവൻ, ആ മാതാപിതാക്കൾക്ക്  ഒരു നൊമ്പരമായി. ‌കണ്ണിൽ പ്രകാശമില്ലെങ്കിലും പ്രകാശമാനമായ ആ മുഖം കണ്ടപ്പോൾ ആ കുട്ടിക്ക് ശ്രീകാന്ത് എന്ന് പേരിടാനേ അവർക്ക് തോന്നിയുള്ളൂ. ശ്രീകാന്ത് ബോല! ക്ലാസിൽ പോകാൻ ഉത്സാഹമായിരുന്നു ശ്രീകാന്തിന്. പത്താംക്ലാസ് പാസ്സായി. ആ ഗ്രാമത്തിലൊക്കെ കാഴ്ചപരിമിതിയുള്ള കുട്ടികൾ അത്ര തന്നെ പഠിക്കുന്നത് അപൂർവ്വം. പിന്നെ വീട്ടിനുള്ളിൽ ഒതുങ്ങും. അതാ പതിവ്. ശ്രീകാന്തിന് പക്ഷെ പഠിക്കണം. അതും സയൻസ് സ്ട്രീം എടുത്ത് തന്നെ പ്ലസ് ടുവിന് പോകണം. സ്കൂളുകാര് സമ്മതിക്കുവോ? കാഴ്ചപരിമിതിയുള്ള കുട്ടി സയൻസ് എടുത്ത് എന്തുണ്ടാക്കാനാ എന്നായിരുന്നു ചോദ്യം.

ശ്രീകാന്തിന് ഒരു സംശയവുമുണ്ടായില്ല. മുന്നോട്ട് പോകുമ്പോ ആരെങ്കിലും പിന്നോട്ട് തള്ളിയാൽ നാല് ഇരട്ടി മുന്നോട്ട് റീബൗണ്ട് ചെയ്യാനുള്ള ഒരു സോഫ്റ്റ് വെയറും ഇൻസ്റ്റോൾ ചെയ്ത് ദൈവം വിട്ട മഹാപ്രതിഭയല്ലെ?  
അയാളെ ആർക്കാണ് തടയാനാകുക. അണക്കെട്ട് പൊട്ടി പാഞ്ഞടുക്കുന്ന പ്രളയവെള്ളത്തെ ഓലപ്പായ കൊണ്ട് തടയാൻ ശ്രമിക്കുന്ന പോലൊരു മണ്ടത്തം കാണിച്ചു, സ്കൂളധികൃതർ. ശ്രീകാന്ത് മാതാപിതാക്കളുടെ സഹായത്തോടെ കോടതിക്ക് മുന്നിലെത്തി. സ്കൂളിൽ പ്രേവേശിപ്പാക്കാത്തത് ഏത് പരിമിതി പറഞ്ഞായാലും അത് ഈ മഹാരാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമല്ലെ? വിദ്യാഭ്യാസം നിഷേധിക്കാൻ സ്കൂളധികൃതർ കണ്ടെത്തിയ ന്യായങ്ങളെല്ലാം കടൽത്തിരയിലെ മണൽമതിൽ പോലെ തകർന്നു. 6 മാസം വൈകിയെന്ന് മാത്രം, ശ്രീകാന്ത് ക്ലാസിലെത്തി, അതും സയ്ൻസ്ട്രീമിൽ തന്നെ. അവന്റെ വഴിയിൽ കയറി തടയാൻ നോക്കിയ വിഢ്ഢികളായി മാറി അഡ്മിഷൻ തടഞ്ഞ സ്ക്കൂൾ അധികൃതർ. എന്നാൽ, അവർ പമ്പര വിഡ്ഡികളാകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. കാഴ്ചപരിമിതിയുള്ള ശ്രീകാന്ത് അവന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 12th ബോർഡ് എക്സാം എഴുതി. റിസൾട്ട് വന്നു! ശ്രീകാന്തിന് എത്രയെന്നറിയുമോ മാർക്ക്? 98 ശതമാനം. അവന്റെ പ്ലസ് ടു അഡ്മിഷൻ തടയാൻ ശ്രമിച്ച സ്ക്കൂളുകാർ റോഡ് റോളറിന് മുന്നിൽ പെട്ട തവളപോലെയായി. തടഞ്ഞവരും പിന്തുണച്ചവരുമെല്ലാം അനുമോദനവുമായി വന്നപ്പോൾ, ആ കൗമാരക്കാരൻ പക്ഷെ നിഷ്കളങ്കമായി ചിരിച്ചു. അവന്റെ മനസ്സ് അതുക്കും മേല ലക്ഷ്യങ്ങളുടെ ററു ഡു ലിസ്ററ് തയ്യാറാക്കുന്ന തിരിക്കിലായിരുന്നു. തുടരെ തുടരെ അടിച്ചാണ് മനോഹരമായി സ്വർണ്ണാഭരണരണമുണ്ടാക്കുന്നതെന്നും, കലിപൂണ്ട കടലാണ് കാരിരുമ്പുപോലുള്ള കപ്പിത്താനെ സൃഷ്ടിക്കുന്നതെന്നും മോട്ടിവേഷണൽ ക്ലാസിൽ കേട്ട ആളല്ല ശ്രീകാന്ത്. ജീവിതം കൊണ്ട് തൊട്ടറിഞ്ഞ താരമായിരുന്നു.

കോച്ചിംഗ് സെന്ററ്കാര് പ്രവേശിപ്പിച്ചില്ല, പിന്നെ സംഭവിച്ചത്

IIT-JEE പഠിച്ച് ഇന്നവേറ്ററോ എഞ്ചിനീയറോ ആകണമെന്നതായിരുന്നു ശ്രീകാന്ത് ബോലെയുടെ ലക്ഷ്യം. വില്ലൻ ക്യാരക്റ്ററിൽ, അടുത്ത റോൾ കോച്ചിംഗ് സെന്ററുകളുടെ ആയിരുന്നു. അന്ധനായ ഒരാൾ പ്ലസ്ടുവിന് മാർക്ക് വാങ്ങിയാലും എൻട്രൻസ് കോച്ചിംഗ് ക്ലാസിലിരുത്താൽ സമ്മതിക്കില്ല. അതായിരുന്നു നിലപാട്. ഒരു വഴിക്ക് പോകാൻ ഓട്ടോയ്ക് കൈ കാണിച്ചു, നിർത്തിയില്ലെങ്കിൽ മാനത്ത് പറക്കുന്ന വിമാനം താഴെ വന്ന് ശ്രീകാന്ത് പ്ലീസ് കയറൂ എന്ന പറയുന്ന എജ്ജാതി ഐറ്റം! ഈ മൊതലിനെ കാണാൻ അവരുടെയൊന്നും കണ്ണിനായില്ല. എൻട്രൻസിന് കോച്ചിംഗ് എടുക്കുന്ന വിഡ്ഢികൾക്കും മനസ്സിലായില്ല. ഇവര് ശ്രീകാന്തിനോട് മാറി നിൽക്കാൻ പറഞ്ഞപ്പോ, അയാൾ എവിടേക്കാ കയറി പോയതെന്ന് അറിയോ?

മസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ. അതേ ലോകത്തെ ഏറ്റവും പ്രസ്റ്റീജിയസ്സായ, ബുദ്ധിരാക്ഷസന്മാർ അഡ്മിഷന് ക്യൂ നിൽക്കുന്ന, ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് സിഇഒ മാരും ടെക്നോക്രാറ്റുകളും പഠിച്ചിറങ്ങുന്ന അമേരിക്കയിലെ സാക്ഷാൽ എം ഐ ടി.!  ശ്രീകാന്ത് പഠിക്കാൻ ആഗ്രഹിച്ച ഐഐടിയുടെ മൂത്താപ്പാ. വാസ്തവത്തിൽ മസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുന്ന ആദ്യ കാഴ്ചപരിമിതനായിരുന്നു ബോല. അഥവാ എംഐടി-ക്ക് മുമ്പിൽ അത്ര കോൺഫിഡൻസോടെ എത്താൻ ലോകത്ത് നിന്ന് നമ്മുടെ ബോലെ അല്ലാതെ ഒരു കാഴ്ചപരിമിതനും  ധൈര്യം കാണിച്ചിട്ടുണ്ടാവില്ല.

അമേരിക്കയിൽ നിന്ന് കിടിലൻ ഓഫർ, പക്ഷെ..!

ശ്രീകാന്തിനെ അവന്റെ രാജ്യത്ത് അപമാനിക്കാനും തടയാനും പിന്തിരിപ്പിക്കാനും ശ്രമിച്ച വിവരദോഷികൾ കണ്ടത് ശ്രീകാന്തിന്റെ കാഴ്ചയില്ലാത്ത കണ്ണുകളായിരുന്നു. അവന്റെ ഉൾക്കണ്ണും ഉത്സാഹവും ഉണർന്നിരിക്കുന്ന ഉയിരും അവർക്ക് കാണാനായില്ല. കാഴ്ച പരിമിതി ശ്രീകാന്തിനായിരുന്നില്ല, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത സ്കൂളധികൃതർക്കും, എൻട്രൻസ് കോച്ചിംഗ് സെന്ററിനുമായിരുന്നു. പക്ഷെ അമേരിക്കയിലെ ഇന്റലിജന്റായ ചിലർ ശ്രീകാന്തിന്റെ ശ്രീത്വവും ശക്തിയും ശരിക്കുമറിഞ്ഞു. മാസാച്ചുസെറ്റിലെ പഠനം കഴിഞ്ഞപ്പോ, അവർ ശ്രീകാന്തിന് ഓഫർ ചെയ്തത് മൾട്ടിനാഷണൽ കമ്പനിയിലെ ഉയർന്ന ജോലിയാണ്. നാട്ടിൽ അവനെ തടയാൻ ശ്രമിച്ചവനൊക്കെ ഒരാണ്ട് കഷ്ടപ്പെട്ടാൽ ഉണ്ടാക്കാവുന്നതിന്റെ എത്രയോ ഇരട്ടി മാസശമ്പളം! അതാണ് ശ്രീകാന്തിന് അമേരിക്കൻ കോർപ്പറേറ്റുകൾ ഓഫർ ചെയ്തത്.

അമേരിക്കൻ ഓഫർ സ്വീകരിച്ച്, തന്നെ പിന്തുടർന്ന് തളർത്തയവരോടുള്ള പക വീട്ടാമായിരുന്നു. പക്ഷെ ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇത് ഒരു പ്രത്യേക സോഫ്റ്റ് വെയർ പ്രാണനിൽ വെച്ച് ഇങ്ങോട്ട് വിട്ട ഐറ്റം ആണെന്ന്. ശ്രീകാന്ത് തിരികെ നാട്ടിലെത്തി. വ്യക്തമായ ലക്ഷ്യത്തോടെ. 2011 -ൽ ശ്രീകാന്ത് The Samanvai Center For Children With Multiple Disabilities തുടങ്ങി. അംഗപരിമിതരെല്ലാം തന്നെപ്പോലെ പോരാളികളാകണെമന്നില്ല. ഈ സമൂഹം ക്രൂരമായി അവരെ ഒറ്റപ്പെടുത്തും എന്നറിഞ്ഞാണ് പുതിയ സംരംഭം ശ്രീകാന്ത് തുടങ്ങിയത്. വിദ്യാഭ്യാസം, വൊക്കേഷണൽ ട്രെയിനംഗ്, സാമ്പത്തിക സഹായം തുടങ്ങിയവ നൽകി അംഗപരിമിതരെ അന്തസ്സായി ജീവിക്കാനും സ്വപ്നം കാണാനും പഠിപ്പിക്കുകയാണ് The Samanvai Center For Children With Multiple Disabilities.

ദൈവം പ്രത്യക്ഷപ്പെടുന്നു

അടുത്ത വർഷം, 2012-ൽ ശ്രീകാന്ത് Bollant Industries തുടങ്ങി. അംഗപരിമിതർക്ക് തൊഴിൽ നൽകുകയായിരുന്നു ലക്ഷ്യം. പാള കൊണ്ട് തികച്ചും ബയോഡീഗ്രെയിഡബിളായ പാത്രങ്ങൾ നിർമ്മിക്കുകയാണ് Bollant Industries. ഇന്ന് ആയിരക്കണക്കിന് അംഗപരിമിതർ സ്വന്തം വരുമാനം കണ്ടെത്തുന്നു, Bollant ഇൻഡസ്ട്രീസിലൂടെ. മുനിസിപ്പൽ വെയ്സ്റ്റുൾപ്പെടെ റീസൈക്കിൾ ചെയ്ത് പ്രൊ‍ഡക്റ്റുകളും ബോലെയും അയാളുടെ സഹപ്രവർത്തകരും നിർമ്മിക്കുന്നു. ഇന്ന് വിറ്റുവരുമാനം എത്രയെന്ന് അറിയുമോ? 150 കോടിക്കും മേലെ.

2017-ൽ ഫോബ്സ് മാഗസിന്റെ ഏഷ്യയിലെ 30 വയ്സ്സിൽ താഴെയുള്ള 30 യുവ പ്രതിഭകളെ കണ്ടെത്തുമ്പോൾ അതിലൊന്ന് ശ്രീകാന്ത് ബോലെ ആയിരുന്നു. അങ്ങനെ ആകണമല്ലോ.

അച‍ഞ്ചലമായ വിശ്വാസത്തിലൂടെ ഒരാൾ മുന്നോട്ട് പോയാൽ ദൈവത്തിന് വെറുതെയിരിക്കാനാകുമോ?
ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ആ ദൈവം പ്രത്യക്ഷപെടുക തന്നെ ചെയ്തു. സാക്ഷാൽ രത്തൻ ടാറ്റ! കണ്ണും കാതും കയ്യും കാലും തലച്ചോറും ഒക്കെയുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്ന ലോകത്ത് ഉൾക്കണ്ണ് കൊണ്ട് ഉടയോനോളം ഉയർന്ന ശ്രീകാന്ത് ബോലയെ രത്തൻ ടാറ്റ കണ്ടു. വെറുതെ ഒരു കാണലായിരുന്നില്ല, Bollant ഇൻഡസ്ട്രിയിലേക്കുള്ള തന്റെ നിക്ഷേപത്തിന്റെ ചെക്കും കൊണ്ടാണ് രത്തൻ ടാറ്റ ശ്രീകാന്തിനെ കണ്ടത്. ടാറ്റ അങ്ങനെ ബോലെയ്ക്ക് നിക്ഷേപകനായി.

ഞെട്ടിച്ചുകളഞ്ഞ ഉത്തരം

ഇനി കഥയുടെ വാലറ്റം, ശ്രീകാന്ത് സ്കൂളില് പഠിക്കുമ്പോഴാണ് 2006 കാലം. ആന്ധ്രയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അന്നത്തെ രാഷ്ട്രപതി സാക്ഷാൽ എപിജെ അബ്ദുൾ കാലം എത്തി. ഗ്രാമത്തിലെ സ്കൂളുകളിൽ നിന്ന് വന്ന ഒരു സംഘം കുട്ടികൾ അദ്ദേഹവുമായി ആശയവിനിമയത്തിന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പതിവ് പോലെ അദ്ദേഹം കുട്ടികളോട് ചോദിച്ചു. നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹം. പല പല ഉത്തരങ്ങൾ. പതിവ് പോലയുള്ള മറുപടികൾ. പക്ഷെ ഒരുത്തരം അദ്ദേഹത്തെ ഞെട്ടിച്ച് കളഞ്ഞു. അത് എപിജെ പിന്നീട് കുറിക്കുകയുണ്ടായി. ഒരു കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു, എനിക്ക് രാജ്യത്തെ ആദ്യ കാഴ്ചപിരമിതയുള്ള പ്രസിഡന്റാകണം. അത് ശ്രീകാന്ത് ബോലെ ആയിരുന്നു. ഇനി കൂടുതൽ പറയണ്ടല്ലോ….

ഓർക്കുക എവിടെ നിന്നാണ് ശ്രീകാന്ത് തുടങ്ങിയത്. പത്താം ക്ലാസ് കഴിഞ്ഞപ്പോ തുടർ പഠനത്തിന്റെ വാതിലുകൾ അവന് മുന്നിൽ കൊട്ടിയടച്ച ആ സ്കൂൾ അധികുതരെവിടെ? എൻട്രൻസ് കോച്ചിംഗിന് പ്രവേശിപ്പിക്കില്ല എന്ന ശഠിച്ച ആ കോച്ചിംഗ് സെന്റർകാര് എവിടെ? മസാച്ചുസെറ്റിൽ അഡ്മിഷൻ കിട്ടിയപ്പോ ശ്രീകാന്തിനെ തടഞ്ഞവരെവിടെ? ഇതാണ് കാലം എന്ന ചക്രത്തിന്റെ അസാധാരണമായ സസ്പെൻസ്. ഈ തടയാൻ വന്ന ആരെയെങ്കിലും ശ്രീകാന്ത് ഭയപ്പെട്ടിരുന്നുവെങ്കിൽ അയാൾ മച്ചിലിപട്ടണത്തെ സീതാരാമപുരത്ത് ഒരു അന്ധനായ മനുഷ്യനായി ഒടുങ്ങുമായിരുന്നു. തനിക്ക് ഈ പ്രപഞ്ചത്തോളം ശക്തിയുണ്ടെന്നും അത് കേവലം ശരീരത്തിന്റെ കഴിവുമല്ലെന്ന് മനസ്സിലാക്കിയ ശ്രീകാന്ത് ബോലെ, ലോകത്തിന്റെ ആരാധ്യപുരുഷനായി! തടയാനും തളർത്താനും ശ്രമിച്ചവർ ഒന്നുകിൽ മണ്ണിനടിയിലോ അല്ലെങ്കിൽ ആ മച്ചിലിപട്ടണത്തെവിടെയോ ഇനി ആരെ തളർത്താം എന്ന ഗവേഷണത്തിലോ ആകും. എന്താല്ലേ?

ശ്രീകാന്ത് ബോളിവുഡിൽ

മഹത്തായ ജീവിതങ്ങൾ മറ്റുള്ളവരിലേക്ക് എത്തണം, കഥയും ചരിത്രവുമായി അത് രേഖപ്പെടുത്തണം.  ശ്രീകാന്ത് ബോളിവുഡിലെത്തുകയാണ്. Tushar Hiranandani സംവിധാനം ചെയ്യുന്ന ശ്രീകാന്തിൽ, ശ്രീകാന്ത് ബോലയായി അഭിനയിക്കുന്നത് Rajkummar Rao ആണ്. മലയാളിക്ക് സുപരിചിതയായ ജ്യോതികയും സുപ്രധാന വേഷം ചെയ്യുന്നു. അല്ലങ്കിലും ശ്രീകാന്തിനെപ്പോലെയുള്ളവരുടെ ജീവതമല്ലേ നമ്മൾ ആഘോഷിക്കേണ്ടത്? അത് കണ്ടെങ്കിലും, കണ്ണും കാതും കയ്യും കാലും തലച്ചോറും ഒക്കെയുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നവർ എന്തെങ്കിലുമൊക്കെ ചെയ്ത് തുടങ്ങിയാലോ?

The inspiring story of Srikanth Bolla, a visually impaired individual who overcame obstacles to achieve academic excellence and success, becoming the first visually impaired person to study at the Massachusetts Institute of Technology (MIT).

Share.

Comments are closed.

Exit mobile version