കോവിഡ് വാക്സിനായ കോവിഷീൽഡ് അപൂർവമായ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമ കമ്പനി ആസ്ട്രസെനെക്ക (AstraZeneca )
കോവിഷീൽഡ് ഉപയോഗിച്ചവരിൽ ചില സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക യുകെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ പറഞ്ഞു.
കോവിഡ് സമയത്ത് ആസ്ട്രസെനെക്കയും ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച് രാജ്യത്ത് നൽകിയിരുന്നു.
വാക്സിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെ ഹൈക്കോടതിയിൽ കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. 100 മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ കോടതിയിൽ നൽകിയ രേഖകളിലൊന്നിൽ കോവിഷീൽഡിന് വളരെ അപൂർവമായ കേസുകളിൽ ടിടിഎസിന് കാരണമാകുമെന്ന് പറഞ്ഞിരുന്നു. ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) മനുഷ്യരിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകും.
ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോവിഷീൽഡ് കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. വാക്സീൻ ഇത്തരം അവസ്ഥയ്ക്ക് കാരണമാകില്ലെന്നായിരുന്നു 2023ൽ കമ്പനിയുടെ നിലപാട്.
യുകെ സ്വദേശിനി ജാമി സ്കോട്ട് ആണ് അസ്ട്രാസെനകക്കെതിരെ കോടതിയെ സമീപിച്ചത്. 2021 ഏപ്രിലിൽ തനിക്ക് വാക്സിൻ ലഭിച്ചെന്നും രക്തം കട്ടപിടിച്ചതിനെത്തുടർന്ന് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കിയെന്നും ജാമി സ്കോട്ട് കോടതിയിൽ പറഞ്ഞു. ജോലി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇത് തന്നെ എത്തിച്ചെന്നും, മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ടെന്നും ജാമി സ്കോട്ട് പറഞ്ഞു.
ആസ്ട്രസെനെക്ക ആദ്യം ഇതിനെയെല്ലാം എതിർത്തെങ്കിലും പിനീട് കോടതി മുമ്പാകെ രേഖാമൂലം കുറ്റസമ്മതം നടത്തുകയായിരുന്നു.
AstraZeneca’s admission that its COVID-19 vaccine may lead to rare blood clotting side effects, sparking legal battles and concerns over vaccine safety.