ഇലക്ട്രിക് ത്രീ-വീലറുകൾക്കായി ഇതാദ്യമായി ബാറ്ററി സബ്സ്ക്രിപ്ഷൻ മോഡലുമായി പിയാജിയോ (Piaggio). പിയാജിയോ ഗ്രൂപ്പിൻ്റെ അനുബന്ധ
സ്ഥാപനമായ പിയാജിയോ വെഹിക്കിൾസ്, Apé Elektrik, ഇലക്ട്രിക് ത്രീ വീലറുകൾക്ക് ‘Battery subscription’ മോഡൽ പദ്ധതി ആവിഷ്കരിച്ചു. ഇലക്ട്രിക് ത്രീ വീലറുകൾ സബ്സ്ക്രിപ്ഷൻ മോഡലിൽ 2.59 ലക്ഷം രൂപയിൽ വാങ്ങാം. രാജ്യത്തെ 30 നഗരങ്ങളിലാണ് ഇപ്പോൾ ഈ സൗകര്യം ഉള്ളത്.
Apé Elektrik 2.59 ലക്ഷം രൂപയ്ക്ക് വാങ്ങുകയും ഡീലർഷിപ്പ് മുഖേന പ്രതിമാസ ചാർജ്ജിൽ ഉയർന്ന നിലവാരമുള്ള Piaggio-അംഗീകൃത ബാറ്ററി പാക്ക് സബ്സ്ക്രൈബും ചെയ്യാം. 30,000 രൂപ ഡൗൺ പേയ്മെൻ്റ് കൊടുത്ത് പ്രതിമാസം 8,000 രൂപയുടെ EMI അടച്ച് ഇലക്ട്രിക് ത്രീ വീലർ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് സബ്സ്ക്രിപ്ഷൻ മോഡലിന് കീഴിൽ അധിക ഡോക്യുമെൻ്റേഷനുകളൊന്നും നൽകേണ്ടതില്ല, കൂടാതെ അവർക്ക് എപ്പോൾ വേണമെങ്കിലും കരാർ റദ്ദാക്കാനോ അവരുടെ വാഹനം വിൽക്കാനോ കഴിയും. വാഹന ചേസിസും പവർട്രെയിനും ഉപഭോക്താവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്യും. NBFC-കൾ വഴി ഹൈപ്പോതെക്കേറ്റഡ് ലോണുകൾ അനുവദിക്കും. ഉപഭോക്താക്കൾക്ക് ബാറ്ററി മെയിന്റൻസ്, ആയുസ്സ്, പുനർവിൽപ്പന എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്ന പദ്ധതിയാണിത്.
ചരക്ക് വാഹനങ്ങൾക്ക് 1,20,000 കിലോമീറ്റർ അല്ലെങ്കിൽ എട്ട് വർഷവും പാസഞ്ചർ വാഹനങ്ങൾക്ക് 1,50,000 കിലോമീറ്റർ അല്ലെങ്കിൽ എട്ട് വർഷവുമാണ് പിയാജിയോ ബാറ്ററി പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത പരിധിയിൽ എത്തിയതിന് ശേഷം പ്രതിമാസ വാടക ഇല്ലാതാകും. ബാറ്ററി റീപ്ലേസ്മെൻ്റുകളും സബ്സ്ക്രിപ്ഷനിൽ ഉൾപ്പെടുന്നു.
“ഇൻഡസ്ട്രിയിലെ ആദ്യത്തെ ‘ബാറ്ററി സബ്സ്ക്രിപ്ഷൻ മോഡൽ’ പിയാജിയോ അവതരിപ്പിക്കുകയാണ്. ബാറ്ററി പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഇലക്ട്രിക് വാഹനം വാങ്ങാനുള്ള അവസരമാണിത്.” പിയാജിയോ വെഹിക്കിൾസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറയുന്നു.
Piaggio Vehicles introduces a groundbreaking Battery Subscription Model for its electric three-wheelers in India, reducing upfront costs and addressing concerns about battery maintenance and resale value.