ഒരു നഗരത്തിനുള്ളിലെ നഗരം : അങ്ങനെ അണിഞ്ഞൊരുങ്ങുകയാണ് ദുബായ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് . മികച്ച ഗതാഗത സംവിധാനം, മിനി-വനങ്ങൾ, ഗ്രീൻ സോണുകൾ, വിനോദ കേന്ദ്രങ്ങൾ, ഭക്ഷണം, തുടങ്ങിയ സൗകര്യങ്ങളോടെ മികച്ച എയർപ്പോർട്ടാകാൻ ഉള്ള ഒരുക്കത്തിലാണ് അൽ മക്തൂം.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ട്വീറ്റിൽ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപകൽപന കഴിഞ്ഞ മാസം അവസാനത്തോടെ വെളിപ്പെടുത്തിയിരുന്നു .
128 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പുതിയ പാസഞ്ചർ ടെർമിനലിൻ്റെ നിർമാണം ഉടൻ ആരംഭിക്കും. DWC പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെയും 12 ദശലക്ഷം ടൺ ചരക്കുകളും പ്രോസസ്സ് ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
DWC-യിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപകൽപ്പന ചുമതലയുള്ള ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്സ് (DAEP) ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എങ്ങനെയായിരിക്കുമെന്നതിൻ്റെ കൂടുതൽ വിശദമായ പ്രിവ്യൂ എയർപോർട്ട് ഷോയിൽ സന്ദർശകർക്ക് നൽകി.
DWC-യുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് എലിവേറ്റഡ് റെയിൽ എന്ന ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) സംവിധാനമാണ്. അത് ടെർമിനലുകൾക്കിടയിൽ ഒരു ഇൻഡോർ വനത്തിലൂടെ യാത്രക്കാരെ കൊണ്ട് പോകും. വിവിധ ഭൂപ്രകൃതികളും സമുദ്ര ആവാസ വ്യവസ്ഥകളും പ്രദർശിപ്പിക്കുന്ന കൂറ്റൻ എൽഇഡി സ്ക്രീനുകളും സജ്ജീകരിക്കും.
യാത്രക്കാർക്ക് ഏറ്റവും ഉയർന്ന തലത്തിൽ ആശ്വാസവും വിനോദവും നൽകുന്ന DWC രൂപകൽപ്പന ചെയ്തിരിക്കുന്നത് പാരമ്പര്യവും സംസ്കാരവും പുതുമയും സംയോജിപ്പിച്ചാണ്. അതിവേഗ റെയിൽ (ഇത്തിഹാദ് റെയിൽ), പുതിയ മെട്രോ ലൈൻ, എയർ ടാക്സി, സ്വയംഭരണ വാഹനങ്ങൾ എന്നിവയിലൂടെ DWC യെ ദുബായിലെ മറ്റ് ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കും .
എയർപോർട്ടിൽ വരുന്നതിന് മുമ്പ് തന്നെ യാത്രക്കാർക്ക് ഹോട്ടലിലോ സിറ്റി ഡെസ്കിലോ വീട്ടിൽ നിന്നോ അവരുടെ ലഗേജ് പരിശോധിക്കാം. പുതിയ വിമാനത്താവളത്തിലേക്ക് മൾട്ടി-ലെവൽ ഹൈവേകൾ ഉണ്ടാകും.
ദുബായുടെ സീറോ കാർബൺ ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്ന വിശാലമായ ഗ്രീൻ സോൺ ടെർമിനലിനുള്ളിൽ യാത്രക്കാരെ സ്വാഗതം ചെയ്യും.
പാസഞ്ചർ ടെർമിനലുകളിൽ മരങ്ങൾ അണിനിരക്കും. യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരു ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ ഉൾപ്പെടെ വിശാലമായ ഗ്രീൻ സോണുകൾ ഉണ്ടാകും.
ബോർഡിംഗ് ഗേറ്റുകൾക്ക് തുറസ്സായ സ്ഥലങ്ങളുണ്ട്, കൂടാതെ DWC യിൽ ആകെ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും 70 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഉണ്ടായിരിക്കും.
വലിയ ഇടങ്ങൾ ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ, എന്നിവ കൂടാതെ വിനോദത്തിനും വിശ്രമത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകൾ മുകളിലെ തലത്തിൽ സജ്ജീകരിക്കും, കൂടാതെ ഒന്നിലധികം ബോർഡിംഗ് ബ്രിഡ്ജുകളിലൂടെ വിമാനത്തിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കുന്ന ബോർഡിംഗ് ഗേറ്റുകൾ ക്രമീകരിക്കും.
നിർമാണം പൂർത്തിയാകുമ്പോൾ DWC നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ (DXB) അഞ്ചിരട്ടി വലുതായിരിക്കും. ഡിപ്പാർച്ചർ ഗേറ്റിൽ പ്രവേശിക്കുമ്പോൾ ക്യൂ ഒഴിവാക്കാനുള്ള ആധുനിക മുഖം തിരിച്ചറിയൽ പോലുള്ള വ്യോമയാന മേഖലയിൽ ഒരിക്കലും ഉപയോഗിക്കാത്ത സാങ്കേതികവിദ്യകളും പുതിയ വിമാനത്താവളത്തിൽ ഉപയോഗിക്കും.
മണിക്കൂറിൽ 30,000 ബാഗുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഭൂഗർഭ ശൃംഖലയിലൂടെ ബാഗേജ് പ്രോസസ്സ് ചെയ്യും. ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും നൂതന സ്ക്രീനിംഗ് ടെക്നിക്കുകളും ഉപയോഗിച്ച് കർശനമായ സുരക്ഷയും ഒരുക്കും . എയർഫീൽഡിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് പ്രവർത്തനങ്ങളിൽ ഇടപെടുന്നത് തടയുന്ന പോപ്പ് അപ്പ് ഹാച്ചുകൾ വഴി ബാഗുകൾ നേരിട്ട് എയർക്രാഫ്റ്റ് സ്റ്റാൻഡുകളിലേക്ക് എത്തിക്കും.
ഭാരമേറിയതും നീളമേറിയതുമായ B747-800, A-380 വിമാനങ്ങൾക്കായി അഞ്ച് സമാന്തര റൺവേകൾ ഉണ്ടാകും, അവയിൽ നാലെണ്ണം 1,500 മീറ്ററിലധികം അകലമുള്ളതാണ് .
4.5 കിലോമീറ്റർ ദൈർഘ്യമുള്ള റൺവേകളിൽ അത്യാധുനിക എയർക്രാഫ്റ്റ് ഗൈഡിംഗ് സിസ്റ്റം സജ്ജീകരിക്കും.അതിവേഗ എക്സിറ്റുകൾ, ഇരട്ട ടാക്സിവേകൾ, വലിയ ഗ്രൗണ്ട് സർവീസ് ഉപകരണ റോഡുകൾ എന്നിവ നടപ്പാക്കും. എയർഫീൽഡിൻ്റെ മധ്യഭാഗത്ത് രണ്ടാമത്തെ കൺട്രോൾ ടവർ സ്ഥാപിക്കും.
സോളാർ പോലുള്ള സുസ്ഥിര ഊർജ്ജ സ്രോതസ്സുകളെ പൂർണമായും ആശ്രയിക്കും. ദുബായ് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് റീസൈക്ലിംഗ് ടെക്നോളജി, സീറോ വേസ്റ്റ് ലാൻഡ്ഫിൽ ചെയ്യാൻ പ്രാപ്തമാക്കും. ഗ്രേ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ, കണ്ടൻസേഷൻ, മഴവെള്ള ശേഖരണം എന്നിവയുടെ സഹായത്തോടെ 70 ശതമാനത്തോളം ജല ഉപഭോഗം വിമാനത്താവളത്തിനുള്ളിൽ കുറയ്ക്കും.
The ambitious expansion of Al Maktoum International Airport will transform Dubai’s aviation landscape, featuring cutting-edge technology, sustainability, and luxury travel experiences.