ഇത്തവണ പദ്മാഷ്ട്രീ പുരസ്കാരം ഏറ്റുവാങ്ങിയവരിൽ ഇന്ത്യയുടെ “ട്രാക്ടർ ക്വീൻ” എന്നറിയപ്പെടുന്ന,10,000 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു സംരംഭകയുമുണ്ടായിരുന്നു.
നിലവിൽ 2.84 ബില്യൺ ഡോളർ (ഏകദേശം 23727 കോടി രൂപ) ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ സംരംഭകരിൽ ഒരാളാണ് മല്ലിക ശ്രീനിവാസൻ . ടിവിഎസ് മോട്ടോഴ്സിൻ്റെ എമിരിറ്റസ് ചെയർമാൻ വേണു ശ്രീനിവാസൻ്റെ ഭാര്യയാണ്. ഏകദേശം 29241 കോടി രൂപയാണ് വേണു ശ്രീനിവാസൻ്റെ സമ്പാദ്യം.
ട്രാക്ടർ ആൻഡ് ഫാം എക്യുപ്മെൻ്റ് ലിമിറ്റഡ് (TAFE) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസൻ തൻ്റെ കമ്പനിയെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലിലേക്ക് നയിച്ചു. അസാധാരണമായ നേതൃത്വവും തന്ത്രപരമായ മിടുക്കും കമ്പനിയെ 10,000 കോടി രൂപയുടെ വിറ്റുവരവിലേക്ക് അവരെ നയിച്ചു.
1959ൽ ജനിച്ച മല്ലിക ശ്രീനിവാസൻ മദ്രാസ് സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്, യുഎസിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടി. 1986-ൽ, ചെന്നൈയെ ‘Detroit of India’ ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യവസായി എസ് അനന്തരാമകൃഷ്ണൻ സ്ഥാപിച്ച കുടുംബ ബിസിനസിൽ ചേരാൻ മല്ലിക ശ്രീനിവാസൻ തീരുമാനമെടുക്കുകയായിരുന്നു.
64 കാരിയായ മല്ലിക TAFE-യിൽ സാങ്കേതിക വിദ്യയുടെ പരിവർത്തനത്തിലൂടെ ഒരു വലിയ മാറ്റത്തിനു തുടക്കമിട്ടു. കോടിക്കണക്കിന് രൂപയുടെ നിർമ്മാണ സാമ്രാജ്യം സ്ഥാപിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും വിജയിച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് അവർ. മല്ലികയുടെ അർപ്പണബോധം 10,000 കോടി രൂപയിലധികം വിറ്റുവരവ് സൃഷ്ടിച്ചുകൊണ്ട് ലോകത്തെ ‘മൂന്നാമത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാവ്’ എന്ന സ്ഥാനത്തേക്ക് TAFE നെ എത്തിച്ചു.
ചെന്നൈയിലെ ഐഐടിയിലെ ഗവേണിംഗ് ബോർഡിലും ഐഎസ്ബി ഹൈദരാബാദിലെ എക്സിക്യൂട്ടീവ് ബോർഡിലും എജിസിഒ, ടാറ്റ സ്റ്റീൽ, ടാറ്റ ഗ്ലോബൽ ബിവറേജസ് തുടങ്ങിയ പ്രമുഖ കോർപ്പറേഷനുകളിലും മല്ലിക ശ്രീനിവാസൻ സേവനമനുഷ്ഠിക്കുന്നു. അടുത്തിടെ, ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി ബോർഡിൻ്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് മല്ലിക ഒഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
Mallika Srinivasan, the Padma Shri honoree and Chairman of TAFE, hailed as India’s Tractor Queen, with a net worth of $2.84 billion.