ജീവിതത്തിലെ ഏത് ചലഞ്ചും നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ താൽക്കാലികമാണ്. അത് മാറും. ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനാകും. കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാണ്. ഇത് പറയുന്നത്, വെറും പതിനെട്ട് വയസ്സുള്ള അഭിറാമാണ്. കാസർകോഡ് കുറ്റിക്കോൽ ഗവൺമെന്റ് ഐടിഐയിലെ സെക്കന്റ് ഇയർ ഇലക്ട്രോണിക് മെക്കാനിക് വിദ്യാർത്ഥി.
ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട പെട്ടെന്ന് മണ്ണിൽ ചേരില്ല. അത് കുന്നുകൂടി കിടക്കുന്നത് പലവിധ അസൗര്യങ്ങൾ ഉണ്ടാക്കും. വരുമാനം അത്യാവശ്യമുളള അഭിറാം ചിരട്ട തന്നെ ആയുധമാക്കി. സ്വയം കലാകാരനെന്ന് ബോധ്യമുള്ളതിനാൽ അഭിറാമിന്റെ കൈവിരലുകൾ പതിഞ്ഞപ്പോൾ ചിരട്ടകൾ നല്ല ശില്പങ്ങളായി. അത് സംരംഭമായി. ക്രാഫ്റ്റ് മീഡിയ എന്ന പേരിൽ എൺപതിലധികം വിവിധ കരകൗശല പ്രൊഡക്റ്റുകൾ അഭിറാം ഉണ്ടാക്കുന്നു. നാൽപതിലധികം ഓർഡറുകളാണ് അഭിറാമിന്റെ ഉൾപ്പന്നങ്ങൾക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കിട്ടിയത്.
അഭിറാമിന്റെ അമ്മ തയ്യൽ ജോലി ചെയ്യുന്നു. അച്ഛൻ മരം വെട്ടുകാരനും. പലവിധത്തിലുള്ള വെല്ലുവിളികളുണ്ട്, എന്നാലും അഭറാമിന്റെ ആത്മവിശ്വാസവും ജീവിതത്തിലെ തിളക്കവും അതിശയിപ്പിക്കും. ഏഴാംക്ലാസ് മുതൽ പാർട്ട് ടൈം ജോലി ചെയ്ത് കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ അഭിറാം ശ്രമിക്കുന്നുണ്ട്. ഈ വർഷത്തെ യൂത്ത് ഒളിംപിക്സിൽ വടംവലിയിലെ മത്സരാർത്ഥിയാണ് അഭിറാം. മികച്ച ഫുഡ്ബോൾ കളിക്കാരമുമാണ് ഈ കൊച്ച് മിടുക്കൻ.
നമ്മൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ കളിയാക്കാനും പിന്തിരിപ്പിക്കാനും പലരുമുണ്ടാകും. മൈൻഡ് ചെയ്യരുതെന്നാണ് അഭിറാമെന്ന ഈ കൊച്ച് സംരംഭകന്റെ ഉപദേശം. മാത്രമല്ല, കൈയ്യിലൊരു ആശയമുണ്ട്, സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് തുടക്കത്തിൽ വഴികാട്ടാനും തയ്യാറാണ് അഭിറാം. ഇത്തരമൊരു ആത്മവിശ്വാസത്തിലേക്ക് തന്നെ വാർത്തെടുത്തത് ഐടിഐയിലെ ലീപ് പ്രോഗ്രാമാണെന്ന് അഭിറാം പറയുന്നു. കേരളത്തിലെ104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു. ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് LEAP ചെയ്യുന്നത്.
Explore the inspiring story of Abhiram, an 18-year-old entrepreneur from Kerala, who transforms waste coconut husks into beautiful handicrafts. Learn how the LEAP program helped him overcome challenges and build his business, Craft Media.