കണ്ണൂർ ഗവൺമെന്റ് വിമൺസ് ഐടിഐയിലെ വിദ്യാർത്ഥിയായ റിഷാന സംരംഭകയായത് കരവിരുതിലൂടെയാണ്. ഹുക്കുള്ള സൂചിയും നൂലുംകൊണ്ട് വളരെ വേഗം റിഷാന വിവിധ പ്രൊഡക്റ്റുകൾ നെയ്ത് എടുക്കുന്നു. അതിൽ പേഴ്സും, ഡ്രസും മുതൽ ബാഗും സ്ത്രീകളുടെ ഹെയർ അക്സസറികൾ വരെ ഉൾപ്പെടുന്നു.
പഠനത്തോടൊപ്പം ഒരു വരുമാനം വേണമെന്ന് റിഷാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. കൈകൊണ്ട് തുന്നിയെടുത്ത തുണിത്തരങ്ങളും അലങ്കാരവസ്തുക്കളും ഇൻസ്റ്റയിൽ കണ്ടതായിരുന്നു പ്രചോദനം. ഓൺലൈനിൽ തെരഞ്ഞപ്പോൾ കോഴ്സ് കണ്ടെത്തി. പഠിച്ചു. റിഷാന തുന്നിയെടുത്ത ചെറിയ പേഴ്സുകളും മറ്റും ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം ഇൻസ്റ്റ അക്കൗണ്ടിൽ താൻ നെയ്ത പ്രൊഡക്റ്റുകൾ പോസ്റ്റ് ചെയ്തപ്പോൾ വലിയ പ്രോത്സാഹനമാണ് കിട്ടുന്നതെന്ന് റിഷാന പറയുന്നു.

ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രേഗ്രാം അസിസ്റ്റന്റ് കോഴ്സാണ് റിഷാന ചെയ്യുന്നത്.ഐടിഐയിലെ ലീപ് പ്രോഗ്രാമിലൂടെയാണ് റിഷാനയ്ക്ക് സംരംഭത്തിലൂടെ സ്വന്തം വരുമാനം എന്ന ലക്ഷ്യം നേടാനായത്. കേരളത്തിലെ104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു.

ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് LEAP ചെയ്യുന്നത്. അങ്ങനെയാണ് റിഷാന എന്ന വിദ്യാർത്ഥി സ്വയം സംരംഭകയായതും.