നമ്മൾ നമ്മുടെ മക്കളെ വളർത്തുന്നത് നമ്മുടെ എല്ലാ സ്നേഹവും കരുതലും സർവസവ്വും നൽകിയല്ലേ. സാമ്പത്തിക സാഹചര്യമേതായാലും മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രീമിയമായ ജീവിതം നൽകാൻ ശ്രമിക്കും. അത് എത്ര ത്യാഗം സഹിച്ചാണെങ്കിലും.
കാരണം നാളെയ്ക്കുള്ള നമ്മുടെ എല്ലാ സ്വപ്നത്തിലും നേട്ടത്തിലും നമ്മുടെ മക്കൾ പങ്കാളിയാണ്. നമ്മളേക്കാൾ വിദ്യാഭ്യാസവും ചുറ്റുപാടുകളും സൗകര്യവും മക്കൾക്ക് ഉണ്ടാകണമെന്ന് നമ്മൾ വാശിപിടിക്കുന്നത് അതുകൊണ്ടാണ്, അത് നമ്മുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമാണെങ്കിൽ പോലും. മക്കളുടെ ഭാവിയിൽ കോംപ്രമൈസുകൾക്ക് നമ്മൾ ആരും തയ്യാറാകില്ല. ലോകത്ത് എവിടെയായാലും അത് അങ്ങനെയാണ്.
ഒരു സംരംഭകനും അങ്ങനെയാണ്. യൗവനത്തിലെ എല്ലാ നല്ല സമയവും മക്കൾക്കായി നീക്കിവെക്കുന്നപോലെ സംരംഭത്തിന് വേണ്ടിയും മാറ്റിവെയ്ക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. ബിസിനസ്സിന്റെ ഓരോ വളർച്ചയും അഭിമാനത്തോടെ കാണും. മക്കളെപ്പോലെ. സംരംഭത്തിനായി ചിലവഴിക്കുന്ന പണം നാളേക്കുള്ള നിക്ഷേപമായി കാണും. മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസം പോലെ. ഒരു അവധിയോ, സ്വകാര്യ സന്തോഷങ്ങളോ, എന്തിന് കുടുംബത്തിലെ മറ്റ് കാര്യങ്ങൾ പോലുമോ മറ്റിവെച്ച് സംരംഭം വളർത്താൻ അധ്വാനിക്കും, ആരോഗ്യം പോലും നോക്കാതെ. മക്കളെ നോക്കുന്ന അതേ ത്യാഗത്തോടെ. എന്നാൽ ചുരുക്കം ചില സംരംഭങ്ങൾ ഒഴിച്ച്, ഭൂരിപക്ഷം സംരംഭകർക്കും റിട്ടേൺ എന്താണ് കിട്ടുന്നതെന്ന് അറിയാമോ? അത്രമധുരമല്ലാത്ത അനുഭവങ്ങൾ, ചിലപ്പോൾ അതീവ കയ്പേറിയതും.
മക്കളും സംരംഭവും ഒരുപോലെയാണ്. ഓമനിച്ചും താലോലിച്ചും വളർത്തുന്ന ഈ രണ്ടും നിങ്ങളുദ്ദേശിക്കുന്ന റിട്ടേൺ തരണമെന്നില്ല. എന്നു വെച്ച് വളർത്തേണ്ട ഘട്ടത്തിൽ നിസ്സംഗനായി മാറിനിൽക്കാനും കഴിയില്ല. രണ്ടും കൈകാര്യം ചെയ്യാൻ വളരെ നല്ല പ്രാക്റ്റീസ് വേണം. മക്കളായാലും സംരംഭമായാലും അവരെ വളർത്തിക്കൊണ്ടു വരുന്ന സമയത്ത് എന്താണ് നൽകേണ്ടത്, ഒരുഘട്ടമായാൽ നമ്മൾ എങ്ങനെ ഒരു സ്റ്റെപ് പിന്നിലേക്ക് മാറണം, അവർക്ക് സമ്പത്തിന്റെ എത്രമാത്രം വിട്ട് നൽകാം എന്നൊക്കെ അറിയുന്നത് പിന്നീട് മനോവേദന ഉണ്ടാകാതിരിക്കാൻ നല്ലതാണ്.
പട്ടിണികിടന്ന് സംരംഭം വളർത്തരുത്, മക്കളേയും..
സംരംഭത്തേയും കുഞ്ഞുങ്ങളേയും നമ്മുടെ അറിവിന്റേയും സൗകര്യത്തിന്റേയും പരിമിതിയിൽ നിന്ന് തുറന്ന് വിടാനാകണം. അവർക്ക് അവരുടെ ജീവിതവും സ്വതന്ത്രമായ സ്വപ്നങ്ങളും ഉണ്ടെന്ന് അറിയണം. ഇല്ലെങ്കിൽ വല്ലാത്ത മാനസിക വേദനയും പിരിമുറുക്കവും നാളെ വന്നുപെടാം. കാരണം പറയാം, മക്കളുടെ കാര്യം ആദ്യം പറയാം. നമ്മുടെ പണവും ആരോഗ്യവും എല്ലാം മാറ്റിവെച്ച്, നമ്മുടെ സ്വകാര്യ സന്തോഷങ്ങളെ ബലികഴിച്ച് മക്കൾക്കായി ജീവിക്കുന്ന മാതാപിതാക്കളുണ്ട്.
യൗവനം കഴിഞ്ഞ് വാർദ്ധക്യം വരുമ്പോ, ഒരു കൈത്താങ്ങ് ആകണം. ശരീരവും മനസ്സും കൊണ്ട് മക്കളോട് ത്യാഗം ചെയ്യുന്നത് അതിനാലാണ്. കൗമാരം മുതൽ മക്കളുടെ സ്നേഹവും ഇഷ്ടവുമെല്ലാം മാറി തുടങ്ങും. യൗവനത്തിൽ അവരുടെ കരുതൽ അവരുടെ പങ്കാളിയോടാകും, അതുകഴിഞ്ഞ് അവരുടെ ജീവിതം അവരുടെ കുടുംബത്തിനുവേണ്ടിയാകും. അപ്പോ, ഞാൻ എല്ലാ നൽകി വളർത്തിയിട്ട് ഇപ്പോ ഒരു നിലയായപ്പോൾ നീ മറന്നു, എന്നെ നോക്കുന്നില്ല എന്ന് പരിതപിക്കുന്നവരെയാണ് കൂടുതലും കാണാൻ കഴിയുക. അതേപോലെ സംരംഭത്തിൽ, ഇല്ലായ്മയുടെ കാലത്ത് പട്ടിണി കിടന്നും സംരംഭം വളർത്തും. അതിൽ നിന്ന് ഒരു ചില്ലിക്കാശ് അവനവന്റെ ആവശ്യത്തിന് എടുക്കില്ല. മര്യാദയ്ക്ക് ഒന്നു ഭക്ഷണം കഴിക്കുകപോലുമില്ല. ഒടുവിൽ സംരംഭം വളരും. പെട്ടെന്ന് കയറിവരുന്ന ചിലർ നമ്മുടെ സംരംഭത്തിന്റെ ചുക്കാൻ പിടിക്കും. അവർ നമ്മുടെ അധ്വാനത്തിന്റെയും ത്യാഗത്തിന്റേയും ചിലവിൽ ആഡംബര ജീവിതം നയിക്കും. ഫൗണ്ടർ കറിവേപ്പില പോലെ ആകും. സ്ഥാപക സംരംഭകന്റെ ഹൃദയം തകരും.
സംരംഭവും മക്കളും ഒരുപോലെ പണികൊടുത്ത ഒരു കോടീശ്വരൻ
ഒരുകാലത്ത് അംബാനിയേക്കാൾ കോടീശ്വരൻ. ഇന്ത്യയുടെ ലെജന്ററിയായ 100 വർഷം പഴക്കമാർന്ന അഭിമാനമായ ബ്രാൻഡ്. ഇന്ത്യ മുഴുവൻ ആഡംബരത്തിന്റെ അവസാന വാക്കായി കണ്ട പ്രൊഡക്റ്റ്. റെയ്മണ്ട്!
1925-ൽ മിലിറ്ററി യൂണിഫോം തുന്നുന്ന ഒരു ടെക്സ്റ്റൈൽ മിൽ ആയി തുടങ്ങിയതാണ് റെയ്മണ്ട്. ആദ്യ റെയ്മണ്ട് ഷോറൂം തുറന്നത് 1958-ൽ മുംബൈയിലും. ബിസിനസ്സ് പാരമ്പര്യമുള്ള സിംഖാനിയ ഫാമിലിയുടേതായിരുന്നു റെയ്മണ്ട്. 1980ൽ കൈലാസ്പത് സിംഖാനിയ (Kailashpat Singhania) തന്റെ അനന്തരവനെ ബിസിനസ് ഏൽപ്പിച്ചു.
വിജയ്പത് സിംഘാനിയ (Vijaypat Singhania) അങ്ങനെ റെയ്മണ്ടിന്റെ തലവനായി. വിജയ്പത് അസാധ്യമായ ബിസിനസ് അക്യുമെനുള്ള വ്യക്തിയായിരുന്നു. വിജയ്പത് , റെയ്മണ്ടിനെ ആഗോള ബ്രാൻഡാക്കി വളർത്തി. മിക്ക ഇന്ത്യക്കാരും കരുതിയതും റെയ്മണ്ട് ഒരു ഫോറിൻ ബ്രാൻഡാണെന്നാണ്. അത്ര മികച്ചതായിരുന്നു അവരുടെ ബ്രാൻഡിംഗും പ്ലെയിസിംഗും. 2000 ആയപ്പോഴേക്കും വിജയ്പത് സിംഘാനിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കോടീശ്വരനായ വ്യക്തി എന്ന പദവി നേടി. ഇപ്പോൾ പറഞ്ഞത് ഒന്ന് ഓർത്ത് വെച്ചേക്കണേ, കുറച്ച് കഴിയുമ്പോൾ ആവശ്യം വരും.
സ്വത്തെല്ലാം മകന് നൽകി, ജീവിതം പെരുവഴിയിലായി
റെയ്മണ്ട് കുടുംബം താമസിച്ചിരുന്നത് സൗത്ത് മുംബൈയിലെ 36-നിലകളുള്ള JK House എന്ന ആഡംബര വീട്ടിലാണ്. 2015-ൽ വിജയ്പത് സിംഘാനിയ റെയ്മണ്ടിന്റെ ചുമതല ഇളയമകൻ ഗൗതം സിംഘാനിയയെ (Gautam Singhania) ഏൽപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നു. അതായത് വിജയ്പതിന്റെ കൈവശം ഉണ്ടായിരുന്ന 37.17 ശതമാനം ഷെയറുകളും ഗൗതമിന് ട്രാൻസ്ഫർ ചെയ്തു. അന്ന് 1000 കോടിരൂപ വിലയുള്ള ഷെയറാണ് മകന് നൽകിയത്. റെയ്മണ്ടിലെ ഷെയറ് മാത്രമല്ല, മറ്റ് പ്രോപ്പർട്ടികളും താമസിച്ചിരുന്ന ജെകെ ഹൗസും ഉൾപ്പടെ എല്ലാം. അതുവരെ വളരെ സ്മൂത്തായി പോയിരുന്നതെല്ലാം തകിടം മറിയുകയാണ്. സമ്പത്തിന്റേയും പ്രോപ്പർട്ടിയുടേയും പേരിൽ അച്ഛനും മകനും കൊച്ചുമക്കളും യുദ്ധം ആരംഭിച്ചു.
വാസ്തവത്തിൽ വിജയ്പതിന് മൂത്ത മകനുണ്ട് മധുപതി സിംഘാനിയ (Madhupati Singhania). പിതാവ് വിജയ്പതിനോടും സഹോദരൻ ഗൗതമിനോടും അവരുടെ ബിസിനസ് രീതികളോടും എതിർപ്പുണ്ടായിരുന്ന മധുപതി സ്വത്തിന്മേലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ച് 1998-ൽ സിംഗപ്പൂരിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.
ഷെയറും വീടും സമ്പത്തും അധികാരവും കൈയിൽ വന്നതോടെ ഗൗതം സിംഘാനിയ പിതാവ് വിജയ്പതിനെ വീട്ടിൽ നിന്ന് പുറത്താക്കി. വിജയ്പതിന്റെ ഭാഷയിൽ പറഞ്ഞാൽ ചവിട്ടി പുറത്താക്കി.
ഓമനിച്ച മകൻ തന്നെ വഴിയാധാരമാക്കി
പിതാവിന് അയാൾ വളർത്തിയ റെയ്മണ്ടും അയാൾ കെട്ടിപ്പൊക്കിയ സാമ്രാജ്യവും അന്യമായി. എന്തിന് സ്വന്തം വീട്ടിൽ കയറാൻ ചെന്നാൽ സെക്യൂരിറ്റി പിടിച്ച് പുറത്താക്കും. അതൊക്കെ ചെയ്യിക്കുന്നതോ ജനിച്ചസമയം തന്നെ കൈയിലേക്ക് വാങ്ങി ഓമനിച്ച് വളർത്തി, സ്പ്നം പോലെ കണ്ട് താലോലിച്ച്, സ്വന്തമായി ഉള്ളതെല്ലാം നൽകിയ മകനും.
എന്താ അല്ലേ? ഇതിനിടയിൽ ഗൗതം സിഘാനിയ ഭാര്യയുമായി പിരിഞ്ഞു. നവാസ് മോഡി എന്നായിരുന്നു അവരുടെ പേര്. അവർ പാഴ്സിയായിരുന്നു. നവാസ് മോദി കൊണ്ടുപോയി കേസ് കൊടുത്തു. ഗൗതമിന്റെ സ്വത്തിൽ 75% ആണ് ജീവനാംശം ചോദിച്ചിരിക്കുന്നത്. അങ്ങനെ പിതാവിനെ പുറത്താക്കി റെയ്മണ്ടിൽ അധികാരം പിടിച്ച ഗൗതം ഇപ്പോൾ പിതാവിന്റേയും ഭാര്യയുടേയും സഹോദരന്റെ മക്കളുടേയും കേസുകളുടെ നടുവിലാണ്.
നോക്കൂ, നേരത്ത ഞാൻ ഓർത്ത് വെക്കാൻ പറഞ്ഞ വരിയില്ലേ, 12,000 കോടി സ്വത്തിന്റെ അധിപനായി രാജ്യത്തെ ഏറ്റവും നമ്പർ വൺ കോടീശ്വരനായിരുന്ന വിജയ്പത്. ആഡംബരത്തിന്റേയും ആഘോഷത്തിന്റേയും അവസാന വാക്ക്. ആ മനുഷ്യന് ഇന്ന് കയറിക്കിടക്കാൻ ഒരു ചായ്പില്ല. വാടകവീട്ടിൽ കഴിയുന്നു. മരുന്ന് വാങ്ങാൻ പോലും വിജയ്പത് സുഹൃത്തുക്കളുടെ സഹായം തേടുന്നു എന്നാണ് മുംബൈ പപ്പരാസികൾ പറയുന്നത്. ഇതിനിടയിൽ വിജയ്പത് തുറന്നുപറഞ്ഞു- എനിക്ക് തെറ്റ് പറ്റിപ്പോയി. ഉള്ളതെല്ലാം എടുത്ത് മകന് കൊടുത്തത് എന്റെ മണ്ടത്തരമാണ്. ചെയ്യരുതായിരുന്നു. കുറച്ച് പൈസ കൈയ്യിൽ കരുതിയ കാരണം റോഡിന്റെ സൈഡിൽ കിടക്കേണ്ടി വന്നില്ല- ഒരുകാലത്തെ ഇന്ത്യയിലെ ബില്യണഴേസ് ലിസ്റ്റിൽ ഒന്നാം നമ്പര്കാരൻ ആണ് ഈ പറയുന്നത്.
ഈ യാത്രയിൽ സന്തോഷം കണ്ടെത്തണം
മക്കളും സംരംഭവും ഒരുപോലെയാണ്. രണ്ടിലും പാഠം ഒന്നുതന്നെ, യുവസംരംഭകരോട് പറയട്ടെ, നമ്മുടെ പ്രയത്‌നങ്ങളുടെ ഫലം വരുമാനത്തിന്റേയോ സമ്പത്തിന്റേയോ പ്രതീക്ഷയിലല്ല കെട്ടിപ്പൊക്കേണ്ടത്, മറിച്ച് നാം കടന്നപോകുന്ന ആ യാത്രയിലാണ്. കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്താൻ ശീലിച്ചേ മതിയാകൂ. മുന്നോട്ടുള്ള ജീവിത്തിന്റെ സുരക്ഷിതത്വവും മാന്യതയും ഇപ്പോഴേ നിർവ്വചിക്കാൻ കഴിയണം. വിവേകപൂർവ്വം നമ്മുടെ കഴിവും പരിമിതിയും അളക്കാനാകണം.
ഇനി റെയ്മണ്ട് കഥയുടെ വാലറ്റം കൂടി
കഴിഞ്ഞദിവസം ഗൗതം സിംഘാനിയ എക്സ് പ്ലാറ്റ്ഫോമിൽ ഒരു ഫോട്ടോ ഷെയറ് ചെയ്തു. എല്ലാവരേയും അമ്പരപ്പിക്കുന്ന ഒരൊന്നൊന്നര ഫോട്ടോ. നേരെ കണ്ടാൽ കടിച്ചുകീറുമെന്ന് കരുതിയ അച്ഛനും മകനും ചായകുടിച്ചുകൊണ്ട് ഒന്നിച്ച് നിൽക്കുന്നു. Happy to have my father at home today and seek his blessings. Wishing you good health Papa always. ഫോട്ടോയ്ക്ക് ഒപ്പം ഗൗകതമിന്റെ സെന്റി കമന്റും…
തൊട്ട് പിന്നാലെ പിതാവ് വിജയ്പത് സിംഘാനിയയുടെ വിശദീകരണം. ജെകെ ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം പറഞ്ഞ്തീർക്കാൻ മീഡിയേറ്ററെ വിട്ട് ഗൗതം വിളിച്ചിരുന്നു. മകന്റെ കുബുദ്ധി അറിയാവുന്നതുകൊണ്ട് അത് നിരസിച്ചു. നിർബന്ധിച്ച് കൊണ്ടുപോയതാണ്. ഈ ഫോട്ടോ എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം. മാധ്യമങ്ങളേയും ആളുകളേയും തെറ്റ്ദ്ധരിപ്പിക്കുക. അതിനാണ് ഗൗതം ഈ കളിച്ചത്. അയാളുടെ ഉദ്ദേശം മറ്റെന്തൊക്കെയോ ആണ്. വിജയ്പത് വിദശീകരിക്കുന്നു.
ഈ സമയമാണ് വിലപ്പെട്ടത്!
നമ്മുടെ മക്കളും ബിസിനസ്സും നാളെ അവരുടേതായ വഴികൾ സ്വീകരിച്ചേക്കാം, പലപ്പോഴും നമ്മുടെ നിയന്ത്രണത്തിനും ആഗ്രഹത്തിനും അപ്പുറം അവർ സഞ്ചരിക്കാം. എന്നാലും നമ്മൾ കൊടുത്ത സ്നേഹവും ത്യാഗവും കാലം അടയാളപ്പെടുത്തിയിട്ടുണ്ടാകും. നാളെ മറ്റുള്ളവർ അവരുടേതായി അവകാശപ്പെട്ടാലും നമ്മുടെ കൈകളിൽ വളർന്നതാണ് രണ്ടും. ഏറ്റവും മികച്ചത് നൽകി, ആത്മാർത്ഥതയോടെ വളർത്തി, അത് തന്നെയാണ് നമ്മുടെ വിജയത്തിൻ്റെ യഥാർത്ഥ അളവുകോൽ.
ആത്യന്തികമായി നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്ന സ്നേഹവും പാഷനും ആസ്വദിക്കാനാകണം. ഇന്ന് ഈ സമയം, ഈ സമയമാണ് വിലപ്പെട്ടത്. നാളേക്ക് വെക്കുന്ന പ്രതീക്ഷകളല്ല!
Vijaypat Singhania and the sacrifices he made for his family and business. Learn valuable lessons about balancing love, ambition, and the importance of securing your future. Raymond
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.