രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് തെലുങ്ക് ദേശം പാർട്ടിയുടെ അമരക്കാരനായ ചന്ദ്രബാബു നായിഡുവിലേക്കും, ജെഡി-യു വിന്റെ ബുദ്ധികേന്ദ്രമായ നിതീഷ് കുമാറിലേക്കും ആണ്. കിംഗ് മേക്കർ എന്ന റോളിലേക്ക് മാറിയ ഇരുവരും ഇപ്പോൾ ബി ജെ പി ക്കും ഇന്ത്യ മുന്നണിക്കും ഒരു പോലെ പ്രിയപെട്ടവരാണ്. കാരണം കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഇവരുടെ സുസ്ഥിരമായ പിന്തുണ കൂടിയേ തീരു.
ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരു പോലെ വിജയക്കൊടി പാറിച്ച ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വിളിച്ചു അഭിനന്ദിച്ചത്. അതും മോദിയുടെ ഒരു ഡിപ്ലോമാറ്റിക് നീക്കം തന്നെയാണ്.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയിൽ നിന്ന് പിരിഞ്ഞ് യുപിഎയിൽ ചേരാനുള്ള തൻ്റെ തീരുമാനം അബദ്ധമായിപ്പോയി എന്ന് കണ്ട ചന്ദ്ര ബാബു നായിഡു ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി എത്തിയത് വീണ്ടും എൻ ഡി എ ക്യാമ്പിൽ തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നായിഡു തൻ്റെ പാർട്ടിയെയും എൻഡിഎയെയും നേതൃസ്ഥാനത്തേക്ക് നയിച്ചു.
1995ലാണ് നായിഡു ആദ്യമായി പഴയ ഐക്യ ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയായത്. 1995 മുതൽ 2004 വരെ 2 തവണ ആ സ്ഥാനം വഹിച്ചു. പിന്നീട് 10 വർഷം മുമ്പ് ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന സംസ്ഥാനം വിഭജിക്കപ്പെട്ടതിന് ശേഷമായിരുന്നു നായിഡുവിന്റെ മുഖ്യമന്ത്രിയായുള്ള മൂന്നാമത്തെ ടേം.
ആധുനിക ഹൈദരാബാദിനെ ഒരു പ്രധാന ടെക് ഹബ്ബാക്കി മാറ്റുന്നതിൽ നായിഡു ഒരു പ്രധാന വ്യക്തിയായിരുന്നു. സിഇഒ-മുഖ്യമന്ത്രി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2014-മുതൽ 2019 വരെ ആന്ധ്രാപ്രദേശിൻ്റെ ആദ്യ മുഖ്യമന്ത്രിയായി നായിഡു സേവനമനുഷ്ഠിച്ചു. അദ്ദേഹം അമരാവതിയെ തലസ്ഥാന നഗരമാക്കി. പക്ഷേ അദ്ദേഹത്തിൻ്റെ പിൻഗാമിയായി മുഖ്യമന്ത്രിയായ വൈഎസ്ആർസിപി നേതാവ് ജഗൻ മോഹൻ റെഡ്ഡി ആ തീരുമാനം മരവിപ്പിച്ചു .
വൈഎസ്ആർസിപി സർക്കാർ നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ 2023-ൽ നായിഡുവിനെ അറസ്റ്റ് ചെയ്തതോടെ രണ്ട് മാസത്തോളം ജയിൽവാസം അനുഭവിച്ചു. ജഗന്മോഹനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പിന്നിങ്ങോട്ടു കഠിനാദ്ധ്വാനം ചെയ്ത ഫലമാണ് നായിഡുവിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന കിംഗ് മേക്കർ പദവി. നായിഡുവിന്റെ ടി.ഡി.പി ബി.ജെ.പി, ജനസേന എന്നിവയ്ക്കൊപ്പം എൻ.ഡി.എ സഖ്യത്തിൽ വീണ്ടും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് വെറുതെയായില്ല എന്നു വ്യക്തം. 2019ൽ നിലവിലെ പാർട്ടിയായ ടിഡിപിക്ക് 23 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ, സഖ്യകക്ഷികളായ ജനസേനയ്ക്ക് ഒരെണ്ണം മാത്രമാണ് നേടാനായത്.
സീറ്റ് വിഭജന കരാറിൻ്റെ ഭാഗമായി ടിഡിപി 144 നിയമസഭ സീറ്റിലും 17 ലോക്സഭാ സീറ്റുകളിലും മത്സരിച്ചപ്പോൾ ബിജെപി ആറ് ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ചെടുത്തു. ജനസേന പാർട്ടി രണ്ട് ലോക്സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും മത്സരിച്ചു. നല്ല ഭരണം, വികസനം, സ്ഥിരത എന്നിവയെക്കുറിച്ചുള്ള നായിഡുവിൻ്റെ വാഗ്ദാനം വോട്ടർമാരിൽ സാരമായ മാറ്റമുണ്ടാക്കി. പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേനയുമായും ബിജെപിയുമായും അദ്ദേഹത്തിൻ്റെ പാർട്ടിയുടെ സഖ്യം അദ്ദേഹത്തിൻ്റെ നില കൂടുതൽ ശക്തിപ്പെടുത്തി.
ഇനി അടുത്ത എൻ ഡി എ യുടെ കിംഗ് മേക്കർ ഹിന്ദി ഹൃദയ ഭൂമിയിലാണ്.
ബി.ജെ.പിക്ക് നിർണായക തട്ടകമായിരുന്നു എന്നും ബിഹാർ. അവിടെ ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള തീരുമാനത്തിന്റെ പേരിൽ മാസങ്ങൾക്കു മുമ്പ് ഏറെ വിമർശിക്കപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാർ പക്ഷെ എൻ ഡി എ ക്കു നൽകുന്നത് നിർണായക പിന്തുണയാണ്.
എൻഡിഎ കൺവീനർ പദവി വാഗ്ദാനം ചെയ്ത് നിതീഷിനെ ബിജെപിയും, ഇന്ത്യ മുന്നണി കൺവീനർ സ്ഥാനവുമായി കോൺഗ്രസും ഇപ്പോൾ നിതീഷിന്റെ പിന്നാലെയാണ്. ഒമ്പത് തവണ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് അങ്ങനെ ഇപ്പോൾ വീണ്ടും ശ്രദ്ധയാകർഷിക്കാനൊരുങ്ങുകയാണ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ 40ൽ 39 സീറ്റും നേടി എൻഡിഎ തൂത്തുവാരി. ബിജെപി 17 സീറ്റും ജെഡിയു 16 സീറ്റും എൽജെപി 6 സീറ്റും നേടി. കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ, ഇത്തവണ ബി ജെ പിക്കും, ജെ ഡി യുവിനും 12 സീറ്റുകളുമായി എൻ ഡി എ ക്കു 30 സീറ്റു നേടാനായി.
തൻ്റെ പാർട്ടി എൻഡിഎയിൽ തുടരുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കിങ്മേക്കർമാർക്ക് വലിയ സ്വാധീനമുണ്ടെന്ന് നായിഡുവും നിതീഷും വീണ്ടും തെളിയിച്ചു.
എല്ലാവരും ഉറ്റുനോക്കുന്നത് ഇരുവരും സർക്കാരിലെ സ്ഥാനങ്ങൾക്കും പദവികൾക്കും ചെലുത്താൻ പോകുന്ന സമ്മർദ്ദമാണ്. ക്യാബിനറ്റിലടക്കം പങ്കാളിയായാൽ നായിഡുവും നിതീഷും മോദിയുടെ ചൊൽപ്പടിക്ക് നിൽക്കുമോ? മോദിക്ക് സ്വസ്ഥമായി ഭരിക്കാനാകുമോ?
Explore the pivotal roles of Nara Chandrababu Naidu and Nitish Kumar in the formation of the government following the 2024 elections. Discover how their political clout and strategic alliances shape India’s political direction.