ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കാർ കയറ്റുമതിക്കാരൻ ഹ്യുണ്ടായ് ആണോ…അല്ല… ഹോണ്ടയോ കിയയോ ആണോ…അല്ല, അപ്പോൾ പിന്നെ ടാറ്റയോ മഹീന്ദ്രയോ ആകും ..അല്ലേയല്ല . അത് നമ്മുടെ ഇന്ത്യയുടെ സ്വന്തം മാരുതിയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ മികച്ച വർധനയുണ്ടായിട്ടുണ്ട് എങ്കിൽ അതിനു കാരണക്കാരൻ നിലവിൽ 100 രാജ്യങ്ങളിലേക്ക് 15 മോഡലുകൾ കയറ്റുമതി ചെയ്യുന്ന മാരുതി തന്നെയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ മാരുതി ഇന്ത്യയിൽ നിന്നും കയറ്റി അയച്ചത് 280,712 യൂണിറ്റുകൾ.
2023 സാമ്പത്തിക വർഷത്തിലും 255,439 യൂണിറ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരനായിരുന്നു മാരുതി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിൻ്റെ (SIAM) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് ഏപ്രിൽ, മെയ് മാസങ്ങളിൽ മാരുതി 39,205 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.
2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നു മൊത്തം വാഹന കമ്പനികൾ 577,875 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചപ്പോൾ, 2023 സാമ്പത്തിക വർഷത്തിൽ ഇത് 662,703 യൂണിറ്റായും 2024 സാമ്പത്തിക വർഷത്തിൽ 672,105 യൂണിറ്റായും വർദ്ധിച്ചു.
2023 സാമ്പത്തിക വർഷത്തിൽ 153,019 യൂണിറ്റുകളും 2024 സാമ്പത്തിക വർഷത്തിൽ 163,155 യൂണിറ്റുകളും ഏപ്രിൽ-മെയ് കാലയളവിൽ 27,900 യൂണിറ്റുകളും കയറ്റുമതി ചെയ്ത ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
മാരുതി 1987 സെപ്റ്റംബറിൽ 500 കാറുകളുടെ ആദ്യത്തെ വലിയ ചരക്ക് ഹംഗറിയിലേക്ക് അയച്ചുകൊണ്ടാണ് കയറ്റുമതിക്ക് തുടക്കം ഇട്ടത്. ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നൂറോളം രാജ്യങ്ങളിലേക്ക് സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ഫ്രോങ്ക്സ്, ബ്രെസ്സ, ജിംനി, ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെ 15-ലധികം മോഡലുകൾ മാരുതി നിലവിൽ കയറ്റുമതി ചെയ്യുന്നു.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ-പസഫിക് എന്നിവയിലുടനീളമുള്ള 90 ഓളം രാജ്യങ്ങളിലേക്കാണ് ഹ്യുണ്ടായ് തങ്ങളുടെ കാറുകൾ കയറ്റുമതി ചെയ്യുന്നത്. അതിൻ്റെ മുൻനിര കയറ്റുമതി മോഡലുകളിൽ i20, ഔറ, വെർണ, വെന്യു, അൽകാസർ എന്നിവ ഉൾപ്പെടുന്നു.