മുതൽമുടക്ക് വെറും 5000 രൂപ, ഇന്ന് വിറ്റുവരവ് 12000 കോടി,കോഴിക്കച്ചവടം കോടിക്കച്ചവടമാക്കിയ സഹോദരങ്ങൾ!

ഐഐടി-യിൽ പഠിച്ചിട്ടില്ല, ഐഐഎമ്മി പോയിട്ടുമില്ല. അറിയാതെ പോലും ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിലിരിക്കുന്നത് കേൾക്കാൻ പോയി ഇരുന്ന് കൊടുത്തിട്ടില്ല. എന്തിന് പത്താം ക്ലാസിനപ്പുറം ഒരു പഠിപ്പിനും പോയില്ല. പക്ഷെ പന്ത്രണ്ടായിരം കോടി രൂപയുടെ ബിസിനസ്സ് ടേൺഓവറുണ്ടാക്കി രാജ്യത്തെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ രണ്ടുപേർ. സോഫ്റ്റ് വെയറോ, സോഷ്യൽ മീഡിയയോ, സ്റ്റോക്ക് മാർക്കറ്റിലെ ഇടപാടോ ഒന്നുമല്ല ഈ സംരംഭക സഹോദരങ്ങളെ പന്ത്രണ്ടായിരം കോടി ബിസിനസ്സിലെത്തിച്ചത്, വെറും കോഴിക്കച്ചവടം!. അതെ കോഴിയിറച്ചി വിറ്റുണ്ടാക്കിയ ആ കോടികളുടെ സാമ്രാജ്യമാണ് സുഗുണ! കേരളത്തിലും ഗൾഫിലുമടക്കം മലയാളികൾ മനസ്സറിഞ്ഞ് കഴിക്കുന്ന മാംസ ബ്രാൻഡായ സുഗുണ.

ഇന്ന് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി 15,000 ഗ്രാമങ്ങളിൽ 40,000 -ത്തോളം ഫാമുകൾ. കെനിയ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നീണ്ട സംരംഭം. ഗൾഫ് നാടുകളിലേക്ക് വ്യാപിച്ച കയറ്റുമതി!

വിജയത്തിനും വിദ്യാഭ്യാസത്തിനും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഒരുകാര്യം ഉറപ്പാണ്, വിദ്യാഭ്യാസം കൊണ്ട് മാത്രം വിജയമുണ്ടാകും എന്ന് പറയാനാകില്ല. 1978-ൽ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങിയ സൗന്ദരരാജനോട് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ പിതാവ് നിർദ്ദേശിച്ചു. കുടുംബത്തിനുണ്ടായിരുന്ന സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങി.

പക്ഷെ പച്ച പിടിച്ചില്ല. മാത്രമല്ല സാമ്പത്തിക ബാധ്യതയുയായി.  ഹൈദരാബാദിലെ അമ്മാവൻ മോട്ടോർ ഉണ്ടാക്കുന്ന ചെറിയ ബിസിനസ്സ് ചെയ്യുന്നു. അവിടെ പോയി നിന്നു, പക്ഷെ എന്തെങ്കിലും സ്വന്തമായി തുടങ്ങണമെന്ന മോഹം കലശലായി. അപ്പോഴേക്ക് വർഷം 1986 ആയിരുന്നു. എല്ലാം മാറി മറിഞ്ഞ വർഷം. സഹോദരൻ സുന്ദരരാജനുമായി ചേർന്ന് കോയമ്പത്തൂരിൽ സൗന്ദരരാജൻ ഒരു ചെറിയ സംരംഭം തുടങ്ങി. പോൾട്രി ഫാമുകൾ പലരും തുടങ്ങുന്ന കാലമായിരുന്നു അത്. കോഴി വളർത്തലിന് വേണ്ട കോഴിക്കൂട്, കോഴി തീറ്റ, കോഴിക്കുള്ള മരുന്ന്, കോഴിക്കുഞ്ഞുങ്ങൾ എന്നിവ നൽകുന്ന ഒരു ചെറിയ സ്ഥാപനം. സുഗുണ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റ‍ഡ്.

പക്ഷെ സ്ഥാപനം തുടങ്ങി വൈകാതെ ഇരുവരും ഒരു സത്യം മനസ്സിലാക്കി. കോഴിവളർത്തലിൽ നിന്ന് കർഷകർ പിൻവാങ്ങുകയാണ്. അതിന് കാരണം ഏത് കർഷകനും അനുഭവിക്കുന്ന പ്രശ്നം തന്നെ. കോഴിയെ ഇടനിലക്കാർ വില്‌ക്കാൻ വാങ്ങും, പക്ഷെ പണം കിട്ടാൻ വളരെ താമസിക്കും. സ്വാഭാവികമായും “പലിശ രാജ”മാരിൽ നിന്ന് വട്ടിപലിശയ്ക്ക് വായ്പ എടുത്തിട്ടുണ്ടാകും. ദിവസേനയുള്ള പലിശ തിരിച്ചടയ്ക്കാനാതെ കടം കയറും. ഒടുവിൽ വീടും സ്ഥലവും പോലും പലർക്കും നഷ്ടമാകുന്നു.

താമസിയാതെ നമ്മൾ തുടങ്ങിയ ബിസിനസ്സിന്റെ കസ്റ്റമേഴ്സ് ഇല്ലാതാകും- ഈ സഹോദരങ്ങൾ തിരിച്ചറിഞ്ഞു! കോഴി ഫാമുകൾ പൂട്ടിയാൽ സുഗുണയുടെ കച്ചോടം നിൽക്കും. സ്വതവേ എല്ലാ സംരംഭവും ഇങ്ങനെയൊരു ടേണിംഗ് പോയിന്റിൽ അവസാനിക്കാറാണ് പതിവ്. പക്ഷെ സൗന്ദരരാജനും സുന്ദരരാജനും ഗിയറ് മാറ്റി റൂട്ടൊന്ന് മാറ്റിപ്പിടിച്ചു. അപ്പോഴേക്ക് കാലം 1990 ആയിരുന്നു. സംരംഭം തുടങ്ങി 4-ാം വർഷം! കച്ചവടത്തിന് ഷട്ടറിടാൻ നിന്ന കോഴി കർഷകരെ  കണ്ട് സൗന്ദരരാജനും സുന്ദരരാജനും ഒരു പ്ലാൻ B അവതരിപ്പിച്ചു. കോഴിക്കുഞ്ഞ്, മരുന്ന്, തീറ്റ എല്ലാം തരും. കോഴിയെ വളർത്തി തിരികെ തരണം. ഇടനിലക്കാര് നൽകുന്നതിനേക്കാൾ മികച്ച ലാഭവും തരാം. ഇതൊന്നും നടക്കില്ല പോടേയ് എന്ന് മിക്ക കര്ഷകരും നല്ല ചെന്തമിഴിൽ പറഞ്ഞു. പക്ഷെ 3 കർഷകർ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. എന്തായാലും ഫാം പൂട്ടാൻ പോവുകയല്ലേ, അതിന് മുമ്പ് ഒന്ന് ട്രൈ ചെയ്യാം അത്രയേ കരുതിയുള്ളൂ.  അങ്ങനെ രാജ്യത്തെ ആദ്യത്തെ കോൺട്രാക്റ്റ് പോൾട്രി ഫാമിംഗ് അവിടെ തുടങ്ങുകയായി.  

ഈ പരിപാടി തുടങ്ങി ആദ്യസമയങ്ങളിൽ സുഗുണ സഹോദരങ്ങളേയും അവരുടെ കൂടെ കൃഷി ചെയ്യാൻ തീരുമാനിച്ച 3 കർഷകരേയും കണ്ടാൽ നാട്ടുകാർ ചിരിക്കുക പതിവായി. വെറും ചിരിയല്ല, നല്ല പരിഹാസത്തിന്റെ ചിരി. ഇവനൊക്കെ കൂടുതൽ കടത്തിൽ മുങ്ങാൻ പോകുകയാണല്ലോ എന്നോർത്തുള്ള ചിരി. ആദ്യ വർഷം കഴിഞ്ഞപ്പോൾ, മൂന്ന് കർഷകരും ജീവനോടെ തന്നെയുണ്ട്. ആത്മഹത്യ ചെയ്തിട്ടില്ല. നാട്ടുകാർ മറ്റൊന്ന് കൂടി ശ്രദ്ധിച്ചു, ഫാമിലെ കോഴികളുടെ എണ്ണം കൂടുന്നുണ്ട്.

ആ 3 കർഷകരുടെ നടപ്പിലും ഡ്രസിലും ഒക്കെ മാറ്റം വരുന്നുണ്ട്. നാട്ടുകാരുടെ പരിഹാസ ചിരി പതിയെ മായുന്നു, മൂന്ന് കർഷകരുടെയും അവരുടെ കുടുംബാങ്ങളുടേയും ചുണ്ടിൽ പതിയ ഒരു ചിരി വന്നു തുടങ്ങുന്നു. വരുമാനം വന്ന് തുടങ്ങുമ്പോഴുള്ള ഒരു പുഞ്ചിരിയുണ്ടല്ലോ, ബാധ്യതയുടെ കയത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ എവിടെയോ ഒരു ഉറച്ച പാറയിൽ ചിവിട്ടി നിൽക്കാൻ പറ്റുമ്പോഴുള്ള ഒരുചിരി. അതായിരുന്നു ആ കർഷകരുടെ മുഖത്ത്. 1990 അങ്ങനെ 1997 ആകുന്നു. സുഗുണ സഹോദരങ്ങൾ പുതിയ ശീലം പഠിപ്പിക്കാൻ തുടങ്ങിയിട്ട് 7 വർഷം. ഒപ്പം ചേർന്ന കർഷകർ മൂന്നിൽ നിന്ന് 40 ആയി! ഉദുമൽപേട്ടിൽ നിന്ന് കോയമ്പത്തൂരെത്തി സംരംഭം തുടങ്ങിയ സൗന്ദരരാജനും സുന്ദരരാജനും ആ ഏഴാം വർഷം കണക്കു നോക്കി. 7 കോടിയുടെ വിറ്റുവരവ്. ഒപ്പം കൂടിയ കർഷകർക്കാകട്ടെ അവരുടെ അത്രയും കാലത്തെ ജീവിതത്തിനിടയിലുണ്ടായ എല്ലാം സാമ്പത്തിക ബാധ്യതയും തീർക്കാൻ കഴിഞ്ഞിരിക്കുന്നു.  അവരുടെ കുട്ടികൾ മികച്ച സ്ക്കൂളിൽ പഠിക്കുന്നു. പെൺമക്കളെ നല്ല നിലയ്ക്ക് കെട്ടിച്ച് അയച്ചിരിക്കുന്നു. 1990കളുടെ അവസാനമാകുമ്പോഴേക്ക് വിറ്റുവരവ് 100 കോടി!

അതെ കോഴിക്കച്ചവടത്തെ കോടിക്കച്ചവടമാക്കിയ അത്ഭുതകരമായ സംരംഭത്വം!

കേവലം 5000 രൂപയായിരുന്നു 1990-കളിൽ കോഴിക്കച്ചവടിത്തിനായി ഇവർ മുതൽ മുടക്കിയത്. ആ 5000 രൂപയിൽ തുടങ്ങുമ്പോൾ ശരിക്കുമുള്ള മൂലധനം ചങ്കിലെ ഉറപ്പ് മാത്രമായിരുന്നു. ഒരു പ്രൊജക്റ്റ് റിപ്പോർട്ടോ, പ്രോഫിറ്റ് ആന്റ് ലോസിന്റെ കണക്കുകളോ ഒന്നും അവർ തയ്യാറാക്കി കയ്യിൽ വെച്ചിരുന്നില്ല. ഓരോ സാഹചര്യത്തിലും അപ്പപ്പോൾ വെട്ടിയൊരുക്കിയ സാധ്യതകളുടെ കണക്കിലാണ് സംരംഭം കേവലം 5000 രൂപയിൽ നിന്ന് കോടികളിലേക്ക് വളർന്നത്.

നോക്കൂ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത രണ്ട് സഹോദരങ്ങൾ. അതും ഒരു ഉൾഗ്രാമത്തിൽ നിന്ന് വന്ന സാധാരണക്കാരായവർ. തമിഴല്ലാതെ മറ്റൊരു ഭാഷയും വശമില്ലാതിരുന്ന അവർ സൈക്കിളിന്റെ പിന്നിൽ കോഴിക്കൂടുമായി കച്ചവടം തുടങ്ങിയതാണ്. അവർ സ്വയം വളർന്നു, ഒപ്പം ഇടനിലക്കാരുടെ ചൂഷണത്തിൽ സർവ്വവും നശിച്ച പാവങ്ങളായ കർഷകരുടെ ജീവിതത്തിൽ മാറ്റത്തിന്റെ, മുട്ട വിരിയിച്ചെടുത്തു.
ഇന്ന് രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 15,000 ഗ്രാമങ്ങളിൽ 40,000 -ത്തോളം ഫാമുകളിലായി ലക്ഷക്കണക്കിന് കർഷരാണ് സുഗുണയുടെ കോഴി ബിസിനസ്സിൽ പങ്കാളിയായിരിക്കുന്നത്. കൂടാതെ കെനിയ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സംരംഭം പന്തലിച്ച് നിൽക്കുന്നു.

കോഴിക്കർഷകരുടെ എണ്ണം കൂടിയതോടെ സുഗുണ നൂതനമായ ടെക്നോളജി പ്ലാറ്റ്ഫോമുകളിൽ കർഷകരേയും മാർക്കറ്റിനേയും കണക്റ്റ് ചെയ്തു. ഒറാക്കിളിന്റെ ERP ഉപയോഗിച്ച് സെൻട്രൽ ഡാറ്റ ബെയിസിലേക്ക് സപ്ലൈചെയിൻ, ലോജിസ്റ്റിക്സ് ഉൾപ്പെടെ എല്ലാം ബന്ധിപ്പിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഡയറി പ്രൊ‍ഡക്റ്റുകൾ, ഫിനാൻസ്, പോൾട്രി-കന്നുകാലി എന്നിവയ്ക്കുള്ള മരുന്നുകളുടെ നിർമ്മാണം, കോഴി-കന്നുകാലി തീറ്റയുടെ പ്രൊഡക്ഷൻ ഇങ്ങനെ സുഗുണ അവരുടെ സംരംഭത്തെ  വൈവിദ്ധ്യവത്കരിച്ചു.

നമ്മുടെ നാട്ടിലും കോഴികൃഷി ചെയ്യുന്ന എത്രയോ പേരുണ്ട്? അവർക്കറിയാം അതിന്റെ വെല്ലുവിളി. മികച്ച വരുമാനമല്ലേ എന്നുകരുതി തുടങ്ങിയ പല ഫാമുകളും കോഴിക്ക് രോഗം വന്നും തീറ്റയ്ക്കും മറ്റുമുള്ള ചിലവ് കാരണവും തുടങ്ങിയ അതേ വേഗത്തിൽ അടച്ചുപൂട്ടിയിട്ടുണ്ട്. ഇനി കോഴികൃഷി കാലങ്ങളായി ചെയ്യുന്നവർക്കാകട്ടെ അവരുടെ നിശ്ചിത ഫാമിനപ്പുറം സ്കെയിലപ് ചെയ്യാൻ കഴിയാറുമില്ല. സൗന്ദരരാജൻ സഹോദരങ്ങളുടെ കൂടെ കൃഷി ചെയ്ത കർഷകരാകട്ടെ, അവർ കാര്യമായ മാറ്റം അവരുടെ കോഴികൃഷിയിൽ കൊണ്ടുവന്നിട്ടല്ല, പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് വഴി വെട്ടിയത്. സംരംഭകന്റെ പരീക്ഷണ ബുദ്ധി സൗന്ദരരാജനും സുന്ദരരാജനും പ്രയോഗിച്ചിടത്താണ് ആ മേഖല അപ്പാടെ അടിമുടി വിജയത്തിലേക്ക് മറിഞ്ഞത്. അതായത് ഒരു സംരംഭത്തിന്റെ പ്രയോഗത്തിലുള്ള ചെറിയ ഒരു കറക്ഷൻ!

Breeding Farms

സുഗുണ 30 വർഷം മുമ്പ് തുടങ്ങിവെച്ച – കോൺട്രാക്റ്റ് പോൾട്രി ഫാമിംഗ് – ഒരു ചെറിയ ആശയമായിരുന്നില്ല. ലോകത്തെ വമ്പൻ കോർപ്പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും മൾട്ടി നാഷണൽ കമ്പനികളും കൊതിക്കുന്ന, താഴേത്തട്ടിലേക്ക് ഇറങ്ങുന്ന മൈക്രോ ഇൻഫ്ലുവൻസിംഗ് പരിപാടി! മൂന്ന് കോഴിഫാമിൽ തുടങ്ങി മുപ്പത് വർഷം കൊണ്ട് മുപ്പതിനായിരത്തിലധികം ഫാമുകളിലേക്ക് പടർന്നിറങ്ങിയ സുഗുണ, സായിപ്പിന്റെ കണ്ണുതള്ളിച്ചു. ഒരു കോർപ്പറേറ്റ് ബുദ്ധിയിലുമല്ല ഈ ബില്യൺ ഡോളർ മൂല്യം ഉദുമൽപേട്ടയിലെ ബ്രദേഴ്സ് നേടിയത്.  വിയർക്കാനും, വിശ്വാസം നേടാനും, വളരാനും, വലുതായാലും ഒപ്പമുള്ളവരെ ചേർത്ത് പിടിക്കാനുമുള്ള തമിഴന്റെ കേവലബുദ്ധി! വേൾഡ് ബാങ്കിന്റെ ഭാഗമായ International Finance Corporation (IFC) പുറത്ത് പറയാത്ത അത്ര തുക സുഗുണയിൽ പ്രിഫറൻസ് ഷെയറായി നിക്ഷേപിച്ചു. തീർന്നില്ല, Asian Development Bank (ADB) സുഗുണയുമായി
12,000 കോടിയുടെ ഡീൽ ആയി.. ഓർക്കണം കേരളം ഉൾപ്പെടെയുള്ള സർക്കാരുകൾ കടം വാങ്ങാൻ ക്യൂ നിൽക്കുന്ന ലോക ധനകാര്യ സ്ഥാപനങ്ങളാണ് സുഗുണയിൽ നിക്ഷേപകരായത്.

ലോകത്തെ ആകെ സ്തംഭിച്ചുകളഞ്ഞ കൊറോണ വൈറസിന്റെ ഭയപ്പെടുത്തിയ നാളുകൾ. ബിസിനസ്സുകളും വ്യവസായ സംരംഭങ്ങളും സ്തംഭിച്ചുപോയ സമയം. പോൾട്രി ഫാം സെക്ടറും മറ്റെല്ലാ മേഖലയും എന്ന പോലെ നിശ്ചലമായി. ‌സുഗുണയുടെ ചെയർമാൻ ബി സൗന്ദരരാജന്റെ (B Soundararajan) ന്റെ വാക്കുകളിൽ ജീവിത്തിലാദ്യമായി പകച്ചുപോയ സമയം. സുഗുണയുടെ പതിനായിരക്കണക്കിന് കോഴിക്കർഷകർ എന്ത് ചെയ്യണമെന്നറിയാതെ മെയിൻ ഓഫീസിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു. ഇറച്ചിയിലൂടെ കൊറോണ വയറസ് പകരുമെന്ന ഭയവും ഊഹാപോഹവും വ്യാപകമായി. പ്രത്യേകിച്ച് കോഴി ഇറച്ചിയിലൂടെ. കിലോയ്ക്ക് 80 രൂപയായിരുന്ന കോഴി വില ലോക്ഡൗൺ വന്ന് ദിവസങ്ങൾക്കുള്ളിൽ 10 രൂപ. വളർന്ന് പാകമായ പതിനായിരക്കണക്കിന് കോഴികളെ കൊന്നുകളയേണ്ടി വരുമെന്ന ഭയം. ഭീമമായ ധന നഷ്ടത്തിന്റെ ആശങ്ക. പതിനായിരം കോടിയ്ക്കടുത്ത് വിറ്റുവരവ് ഉള്ള ഒരു സംരംഭത്തിന്റെ തലവനാണ്. പക്ഷെ പകച്ചുപോയി! എന്നിട്ടും ആ ദിവസങ്ങളിൽ പിടിച്ചുനിൽക്കാനായതും കൂടെയുള്ള കർഷകരെയും ജീവനക്കാരേയും ആശ്വസിപ്പിക്കാനായതും ഒരൊറ്റ കാരണം കൊണ്ടാണ്. മുപ്പത് വർഷം മുമ്പ് തുടങ്ങിയ ആ നാളുകളിൽ നിന്ന് ഈ നിലയിലേക്ക് വളർന്നപ്പോൾ കിട്ടിയ പാഠം! പുറത്തുള്ള ഒരു സാഹചര്യവും ഒരു സംരംഭകനെ ഇല്ലാതാക്കില്ല, സംരംഭമോ സംരംഭകനോ അവസാനിക്കണമെങ്കിൽ ആത്മധൈര്യം ചോർന്ന് സ്വയം പിൻവാങ്ങണം. ഉള്ളിലുള്ള കനൽ കെടണം.  പക്ഷെ ഇത് രണ്ടും സംഭവിക്കില്ലെന്ന് ഈ മനുഷ്യന് ഉറപ്പുണ്ടായിരുന്നു.

അതിന് കാരണം ബിസിനസ്സ് മോട്ടിവേഷൻ ക്ലാസിൽ കോട്ടിട്ട മോട്ടിവേറ്റുടെ മൊഴികൾ കേട്ട് വളർന്ന സംരംഭകനായിരുന്നില്ല സൗന്ദരരാജൻ!   എസി മുറിയുടെ ഉള്ളിൽ കൂളിംഗിന്റെ കുളിരിലിരുന്നുണ്ടാക്കിയ ലാഭക്കണക്കായിരുന്നില്ല സുഗുണയുടേതും!  തമിഴ്നാട്ടിലെ കനത്ത വെയിലിൽ കോഴിയുടേയും കോഴിക്കാഷ്ടത്തിന്റേും മടുപ്പിക്കുന്ന ഗന്ധത്തിന് നടുവിൽ വർഷങ്ങളോളം വിയർത്തുകുളിച്ച് വളർന്ന സംരംഭകനാണ്. ലോക്ഡൗൺ തുടങ്ങി കാര്യങ്ങൾ കൈവിട്ട് പോകുംമുന്നേ Indian Council of Medical Research (ICMR) ഇടപെട്ടു. പാകം ചെയ്ത മാംസം ഭക്ഷിക്കുന്നത് കൊണ്ട് കൊറോണ വൈറസ് പകരില്ല! ആ പ്രസ്താവനയോടെ വിപണി ഉണർന്നു. സുരക്ഷിതമായ ലോജിസ്റ്റിക്സ് ഒരുക്കിക്കൊണ്ട് ആ ആപത്തിനെ സുഗുണ അവസരമാക്കി.

ലോകത്തെ ഏറ്റവും വലിയ കോഴിയിറച്ചി, കോഴമുട്ട ഉൽപ്പാദകരാകുകയാണ് സുഗുണയുടെ ലക്ഷ്യം! അതായത് പ്രതിവർഷം നടക്കുന്ന 80,000 കോടി രൂപയുടെ കോഴിയിറച്ചി-കോഴിമുട്ട ബിസിനസ്സിന്റെ നിയന്ത്രണം പിടിക്കുക!

Hatcheries

ഒരു ബിസിനസ്സിന്റെ വിജയത്തിലുള്ള  ആദ്യ പങ്ക് പണത്തിനാണോ, പരിശ്രമത്തിനാണോ എന്ന് ചോദിച്ചാൽ ഞാൻ പറയും പരിശ്രമത്തിനാണെന്ന്, പണം രണ്ടാമതാണ്- 12,000 കോടിയുടെ വിറ്റുവരവിൽ നിന്ന് സൗന്ദരരാജൻ പുതു സംരംഭകരോട് പറയുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സൗന്ദരരാജനെ പിതാവ് കോളേജിൽ വിട്ടിരുന്നുവെങ്കിൽ ഒന്ന് ആലോചിച്ച് നോക്കൂ, സൂഗുണ പിറക്കുമായിരുന്നോ? പതിനായിരക്കണക്കിന് കർഷകർക്ക് ഗുണം ഉണ്ടാകുമായിരുന്നോ? 

Discover how the Soundararajan brothers turned a small poultry business into Suguna Foods, a multi-billion dollar empire, without formal education or high-tech solutions. Learn about their journey and the impact on farmers and the industry.

മുന്നറിയിപ്പ്

എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Share.

Comments are closed.

Exit mobile version