ചരിത്രത്തിന്റെ താളുകളിലേക്ക് ഇനി കോഴിക്കോടും. യുനെസ്കോയുടെ സാഹിത്യ നഗരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മന്ത്രി എംബി രാജേഷ് ആണ് ലോകത്തെ 54-ാമതെയും രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരമായും കോഴിക്കോടിനെ പ്രഖ്യാപിച്ചത്. സാംസ്കാരിക പ്രമുഖരെയും നിറഞ്ഞ സദസിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. സാഹിത്യനഗരം ലോഗോയും വെബ്സൈറ്റും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു. 2023 ഒക്ടോബറിലാണ് സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്.
തുടർച്ചയായി നാലുവർഷത്തേക്ക് സാഹിത്യ സാംസ്കാരിക പരിപാടികൾ കൊണ്ട് ഈ അംഗീകാരം ആഘോഷിക്കുവാൻ ആണ് തീരുമാനം. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്. ലോകത്തിലെ 53 സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്കാണ് കോഴിക്കോടും ഇടം പിടിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള പത്ത് നഗരങ്ങളാണ് യുനസ്കോ പട്ടികയിൽ പുതുതായി പേരെഴുതി ചേർത്തത്. പട്ടികയിലെ ഏക ഇന്ത്യൻ നഗരം കോഴിക്കോടാണ്.
യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ കോഴിക്കോട് നഗരം പ്രശസ്ത സാഹിത്യകാരന്മാരെ സ്മരിക്കുന്ന ശിൽപങ്ങളാൽ അലങ്കരിച്ചിരുന്നു. മാനാഞ്ചിറ അൻസാരി പാർക്കിൽ സ്ഥിതി ചെയ്യുന്ന നാടകകൃത്ത് കെ ടി മുഹമ്മദിന്റെയും വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന വിഖ്യാത കഥയിലെ പ്രിയപ്പെട്ട ആടിനും ശിൽപങ്ങൾ നഗരത്തിൻ്റെ സാഹിത്യ പാരമ്പര്യം തെളിയിക്കുന്നവയാണ്.
തുഞ്ചത്ത് എഴുത്തച്ഛൻ്റെ തിരൂർ മുതൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബേപ്പൂർ വരെയുള്ള സാഹിത്യത്തിൻ്റെ പ്രധാന നാഴികക്കല്ലുകളെ ബന്ധിപ്പിച്ച് സാഹിത്യ വഴികൾ വിപുലീകരിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്. യുനെസ്കോയുടെ സാഹിത്യ നഗരമെന്ന പദവി കോഴിക്കോട് നഗരം മുൻകാല മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുക മാത്രമല്ല ചെയ്യുന്നത്. സാഹിത്യ മേഖലയുടെ ഭാവിയിലെ വളർച്ചയ്ക്കും സാഹിത്യ കലകളിലെ അന്താരാഷ്ട്ര സഹകരണത്തിനും കളമൊരുക്കുകയും ചെയ്യുന്നുണ്ട്.
ഇത് ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പണ്ഡിതന്മാരെയും സാഹിത്യ പ്രേമികളെയും ആകർഷിക്കുമെന്നും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും നഗരത്തിൻ്റെ സാംസ്കാരിക മേളയെ സമ്പന്നമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.കോഴിക്കോടന്‍ മണ്ണില്‍ സാഹിത്യത്തിന്റെ വേരുകള്‍ പടര്‍ത്തിയ എഴുത്തുകാര്‍ അനവധിയാണ്. പുസ്തകപ്രസാധകരുടെ ഈറ്റില്ലമാണ് കോഴിക്കോട്. ചെറുതും വലുതുമായ മുന്നൂറോളം പ്രസാധകര് ഈ മേഖലയില്‍ പതിറ്റാണ്ടുകളുടെ സേവനങ്ങള്‍ നടത്തിവരുന്നുണ്ട്. പിന്നീട് നാടകമാണ് കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്ന്.
Kozhikode, Kerala’s vibrant city on the Malabar Coast, celebrates its designation as India’s first UNESCO City of Literature. Explore the rich literary heritage and upcoming cultural festivities in this historic city.