ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഭാഗമായി 30,600 കിലോമീറ്റർ വരുന്ന ഹൈവേ വികസന പദ്ധതി ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു വലിയ ഉത്തേജനം എന്ന നിലയിൽ ആണ് ഈ പദ്ധതി തയ്യാറാവുന്നത്. 2031-32 ഓടെ ഏകദേശം 30,600 കിലോമീറ്റർ വരുന്ന ഒരു സമഗ്ര ഹൈവേ വികസന പദ്ധതിയിൽ 22 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കാബിനറ്റ് അനുമതി തേടിയിരിക്കുന്നത്.

അടുത്തിടെ ധനമന്ത്രാലയത്തിന് ഈ പദ്ധതി വിവരങ്ങൾ സമർപ്പിച്ചിരുന്നു.18,000 കിലോമീറ്റർ എക്‌സ്പ്രസ് വേകളുടെയും അതിവേഗ ഇടനാഴികളുടെയും നിർമ്മാണം, നഗരങ്ങൾക്ക് ചുറ്റുമുള്ള 4,000 കിലോമീറ്റർ ദേശീയ പാതകളുടെ തിരക്ക് കുറയ്ക്കുക, തന്ത്രപരവും അന്തർദ്ദേശീയവുമായ റോഡുകളുടെ വികസനം എന്നിവയാണ് നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ഈ നിക്ഷേപത്തിൻ്റെ 35 ശതമാനവും സ്വകാര്യമേഖലയിൽനിന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈവേ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് ഘട്ടങ്ങളിലായി ആണ് നടപ്പാക്കുന്നത്. റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി അനുരാഗ് ജെയിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഇൻ്റർ മിനിസ്റ്റീരിയൽ മീറ്റിംഗിൽ, 2028-29 ഓടെ ആദ്യഘട്ടം പ്രകാരമുള്ള എല്ലാ പ്രോജക്‌ടുകളും ടെൻഡർ ചെയ്യുകയും 2031-32 ഓടെ പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള അന്തിമ റോഡ്‌മാപ്പ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. 22 ലക്ഷം കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യഘട്ടത്തിലെ പദ്ധതികൾക്കുള്ളത്.

പദ്ധതി നടത്തിപ്പിനുള്ള ബജറ്റ് വിഹിതത്തിൽ 10 ശതമാനം വാർഷിക വർധനവാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടക്കാല ബജറ്റിൽ സർക്കാർ മന്ത്രാലയത്തിന് 278,000 കോടി രൂപ വകയിരുത്തി, മുൻ സാമ്പത്തിക വർഷത്തേക്കാൾ 2.7 ശതമാനം വർധന രേഖപ്പെടുത്തി. 28,400 കിലോമീറ്റർ അധികമായി വികസിപ്പിക്കുന്ന രണ്ടാം ഘട്ടത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾ പിന്നീട് തീരുമാനിക്കും. 2036-37 ഓടെ നിർമ്മാണം പൂർത്തിയാക്കി 2033-34-ഓടെ സ്ട്രെച്ചുകളുടെ അനുമതിയും വിതരണവും പൂർത്തിയാക്കുമെന്ന് പ്ലാൻ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും 100-150 കിലോമീറ്ററിനുള്ളിൽ പ്രവേശനക്ഷമത ഉറപ്പാക്കാൻ അതിവേഗ ഇടനാഴികൾ വേണം എന്ന് പദ്ധതി പറയുന്നു. ഗതാഗത ആവശ്യങ്ങൾ ഫലപ്രദമായി നേരിടാൻ ഇന്ത്യയ്ക്ക് ആത്യന്തികമായി ഏകദേശം 50,000 കിലോമീറ്റർ അതിവേഗ ഇടനാഴികൾ വേണ്ടിവരുമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ സൂചിപ്പിക്കുന്നു.

നിലവിൽ, രാജ്യത്ത് 3,900 കിലോമീറ്റർ അതിവേഗ ഇടനാഴികൾ മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. 2026-27 ആകുമ്പോഴേക്കും ഇത് 11,000 കിലോമീറ്ററായി ഉയരുമെന്നാണ് തീരുമാനങ്ങൾ. 2021-22ൽ ചരക്ക് കയറ്റുമതിയുടെ 73 ശതമാനവും റോഡ് വഴിയാണ്. റെയിൽവേയുടെ പങ്ക് 23 ശതമാനമാണ്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ദേശീയ പാത ശൃംഖലയിലെ ട്രക്കുകളുടെ ശരാശരി യാത്രാ വേഗത നിലവിലെ 47 കിലോമീറ്ററിൽ നിന്ന് 85 കിലോമീറ്ററായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹൈവേകളിലെ ശരാശരി യാത്രാ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ ആണ്. ചൈനയിൽ ഇത് മണിക്കൂറിൽ 90 കിലോമീറ്ററാണ്. ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 9-10 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ശരാശരി വേഗത വർദ്ധിപ്പിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

The Ministry of Road Transport and Highways in India proposes a Rs 22 lakh crore investment for a comprehensive highway development plan covering 30,600 km by 2031-32, enhancing infrastructure and logistics.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version