പരമ്പരാഗത ഇന്ത്യൻ പാദരക്ഷയായ കോലാപുരി ചെരുപ്പിന്റെ ഡിസൈൻ തങ്ങളുടെ പുതിയ ശേഖരത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ (Prada) വിവാദത്തിൽ പെട്ടിരുന്നു. ഇപ്പോൾ കമ്പനിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തതോടെ കോലാപുരി ചെരുപ്പുകളെച്ചൊല്ലിയുള്ള തർക്കം വീണ്ടും തലപൊക്കുകയാണ്.
ചെരുപ്പുകളുടെ ഡിസൈൻ പകർത്തിയതിന് പ്രാഡ കോലാപുരി കരകൗശല വിദഗ്ധർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മിലാനിൽ നടന്ന സ്പ്രിംഗ് സമ്മർ ശേഖരത്തിൽ പ്രദർശിപ്പിച്ച 1.2 ലക്ഷം രൂപ മുതൽ വിലവരുന്ന ചെരുപ്പുകൾ മഹാരാഷ്ട്രയിലെയും കർണാടകയിലെയും പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രാഡ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ വിഷയത്തിൽ കമ്പനി ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല. അർഹമായ നഷ്ടപരിഹാരം അടക്കമുള്ളവയ്ക്കായാണ് ഇപ്പോൾ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്.
ഇന്റലക്ച്വൽ പ്രോപ്പർട്ടി അഭിഭാഷകനായ ഗണേഷ് ഹിങ്മെയറാണ് കമ്പനിക്കെതിരെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കോലാപുരി ചെരുപ്പുകൾ മഹാരാഷ്ട്രയുടെ സംസ്കാരത്തിൽ തന്നെ പ്രത്യേക സ്ഥാനം വഹിക്കുന്നവയാണ്. ചെരുപ്പിന്റെ ഡിസൈൻ ഇന്ത്യൻ കരകൗശല വിദഗ്ധരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് ബ്രാൻഡ് സ്വകാര്യമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കോലാപുരി ചെരുപ്പിന്റെ നിർമ്മാതാക്കളോടോ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ റജിസ്ട്രിയോടോ സർക്കാരിനോടോ കമ്പനി വിശദീകരണം നൽകിയിട്ടില്ല എന്ന് ഹർജിയിൽ പറയുന്നു.
അതേസമയം, ഡിസൈൻ കോപ്പിയടിച്ചു എന്നു സമ്മതിച്ച സ്ഥിതിക്ക് കോലാപുരി വിദഗ്ധർക്ക് പ്രാഡ നഷ്ടപരിഹാര തുക നൽകണമെന്നും ഒരു ചെരുപ്പിന് 1.2 ലക്ഷം വെച്ച് വാങ്ങുന്ന കമ്പനിക്ക് അതൊക്കെ നിസ്സാരമാണെന്നും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്. ഇന്ത്യക്കാരുടെ ഡിസൈൻ വെച്ച് പണം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ പണം ഇന്ത്യക്കാർക്ക് തിരികെ നൽകണം എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്
Italian fashion brand Prada faces a PIL in Bombay High Court for allegedly copying Kolhapuri chappal designs without credit or compensation. The petition seeks legal action for cultural appropriation of the GI-tagged Indian traditional footwear, demanding collaboration and revenue sharing for local artisans.