യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും രാത്രി യാത്ര കൂടുതൽ സുഖകരമാക്കുവാനും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ ബർത്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ പരിഷ്കരിച്ചു കൊണ്ടാണ് റെയിൽവേ ഈ പുതിയ മാറ്റത്തിന് ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ട്രെയിനിൽ ഉറങ്ങാനുള്ള സമയം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എല്ലാ യാത്രക്കാരുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ ഉൾക്കൊള്ളുന്നതാണ് ഈ മാറ്റം.
പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ആണ് സ്ലീപ്പർ ബർത്തുകൾ ഉപയോഗിക്കാൻ കഴിയുന്നത്. അതായത് 8 മണിക്കൂർ ആണ് ഈ സമയം. മുൻപ് 9 മണിക്കൂർ ബർത്ത് സീറ്റുകൾ ഉപയോഗിക്കാമായിരുന്നു എന്നത് ഒരു മണിക്കൂർ കുറച്ചു. ഈ മാറ്റം ട്രെയിനുകളിലുടനീളമുള്ള സ്ലീപ്പർ സീറ്റുകൾക്കും ബാധകമാണ്. യാത്രക്കാർ രാവിലെ 6 മണിക്ക് ബർത്ത് ഒഴിയുന്നുവെന്ന് ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്.
നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ ആണ് യാത്രക്കാർക്ക് ഉറങ്ങാൻ അനുമതി. ഇത് മാറ്റി രാത്രി 10 മണിക്ക് ആരംഭിക്കുന്ന രീതിയിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്. ഉറക്കം ആവശ്യമുള്ളവരുടെ സുഖസൗകര്യങ്ങളും പകൽ നേരങ്ങളിൽ താഴ്ന്ന ബർത്തുകളിൽ ഇരിക്കാനും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യവും ഒരുപോലെ മാനിച്ചാണ് ഈ ക്രമീകരണം.
ലോവർ ബർത്തുകളിലെ യാത്രക്കാരുടെ നിരന്തര പരാതികൾ കണക്കിലെടുത്താണ് ഈ മാറ്റം കൊണ്ടുവന്നത്. മിഡിൽ ബർത്തിലെ യാത്രക്കാർ നേരത്തെ ഉറങ്ങുകയോ, സമയം കഴിഞ്ഞാലും എഴുനേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ ഈ സീറ്റുകൾ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് യാത്രക്കാർ പലപ്പോഴും റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത്തരം തർക്കങ്ങൾ പരമാവധി കുറയ്ക്കാനും എല്ലാവർക്കും സുഖകരമായ യാത്ര ഉറപ്പാക്കാനുമാണ് പുതിയ മാറ്റം ലക്ഷ്യമിടുന്നത്.
മിഡിൽ ബർത്തുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഒരു നിശ്ചിത സമയം നടപ്പിലാക്കുന്നതിലൂടെ യാത്രക്കാർക്ക് യാത്രാനുഭവം മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നു. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള സമയം ആണ് ഉറക്കത്തിന് ഏറ്റവും അനുയോജ്യമെന്നു കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ രീതിയിലേക്ക് സമയം ക്രമീകരിച്ചത് എന്നാണ് റെയിൽവേ അഭിപ്രായപ്പെടുന്നത്.
യാത്രക്കാർ ഉറക്കസമയം കർശനമായി പാലിക്കണം, മധ്യ ബർത്ത് രാവിലെ 6 മണിക്ക് താഴ്ത്തണം, ലോവർ ബർത്ത് യാത്രക്കാർക്ക് ഇരിക്കാൻ സീറ്റുകൾ അനുവദിക്കണം എന്നിവ ഈ നിയമത്തിൽ കർശനമായി അനുശാസിക്കുന്നുണ്ട്. കൂടാതെ യാത്രക്കാർ ഈ നിയമങ്ങൾ ലംഘിച്ചാൽ, റെയിൽവേ നടപടികൾ നേരിടേണ്ടിവരും.
Indian Railways has updated its sleeper berth rules, reducing the sleeping hours to 10 PM – 6 AM to enhance passenger comfort and reduce disputes. This new regulation aims to balance the needs of all travelers, ensuring a more harmonious journey.