സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അവരുടെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. അത്യാധുനിക വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ കൊണ്ടുവന്നുകൊണ്ടാണ് പുതിയ ഈ മാറ്റത്തിന് സിബിഎസ്ഇ ഒരുങ്ങുന്നത്. ആഗോളതലത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പഠനാനുഭവം നൽകാൻ ലക്ഷ്യമിടുന്ന ഈ സ്റ്റുഡിയോയുടെ ഉദ്ഘാടനം ഡൽഹിയിലെ സെൻ്റർ ഓഫ് എക്സലൻസിൽ നടന്നു.
സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് ഐഎഎസ്, സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത ഐഎഎസ്, ഡയറക്ടർ (ട്രെയിനിംഗ്) ഡോ രാം ശങ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചരിത്രത്തിന്റെ നാഴികക്കല്ല് ആയേക്കാവുന്ന ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ബോർഡിലെ വിവിധ വകുപ്പ് മേധാവികളും സന്നിഹിതരായിരുന്നു. ഹൈ-ഡെഫനിഷൻ ക്യാമറകൾ, നൂതന ഓഡിയോ സിസ്റ്റങ്ങൾ, ഗ്രീൻ സ്ക്രീനുകൾ, പ്രൊഫഷണൽ ലൈറ്റിംഗ് സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ.
ഈ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച വിദ്യാഭ്യാസ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങിനെ ഷൂട്ട് ചെയ്യുന്ന വിഡിയോകൾ പിഎം ഇ വിദ്യ സിബിഎസ്ഇ ഡിടിഎച്ച് ചാനലിലും മറ്റ് സിബിഎസ്ഇ ചാനലുകളിലും പോർട്ടലുകളിലും പ്രക്ഷേപണം ചെയ്യും. ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സിബിഎസ്ഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പുതിയ സംരംഭം. പുതിയ സ്റ്റുഡിയോ വൈവിധ്യമാർന്ന രീതിയിൽ പഠനം കൂടുതൽ ആക്സസ് ചെയ്യാനും വിദ്യാർത്ഥികൾക്ക് അധ്യാപകരുമായും രക്ഷിതാക്കളുമായും ഇടപഴകാനും സഹായകമാവും.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, പുതിയ അധ്യാപന രീതികൾ കൊണ്ടുവരാനും വിദ്യാർത്ഥികൾക്ക് പഠന പ്രക്രിയകളെ പിന്തുണയ്ക്കുന്ന പുതിയ മാറ്റങ്ങൾ നല്കുവാനുമാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. ഈ പുതിയ സൗകര്യം ഉപയോഗിച്ച്, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ ഉള്ളടക്കം വിശാലമായ പ്രേക്ഷകർക്ക് എത്തിക്കുവാനാണ് ബോർഡ് ശ്രമിക്കുന്നത്.
CBSE inaugurates a state-of-the-art video recording studio at its Centre of Excellence in Delhi, enhancing digital education for students, teachers, and parents worldwide.