നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒരു തീവണ്ടി യാത്രയ്ക്ക് ഒരുങ്ങുന്നു എന്നറിയുമ്പോൾ നമ്മളിൽ പലരും അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തിട്ടുണ്ട്.  എന്നാൽ ഇത്തരത്തിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴയും തടവും ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വൈറൽ പ്രചാരണത്തിന്റെ വാസ്തവമെന്താണെന്നു നോക്കാം.

“സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ ‘സഹായങ്ങള്‍ക്ക്’ ശിക്ഷ.” എന്നാണ് ഐആർടിസിയുടെ ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന വൈറൽ പോസ്റ്റിൽ പറയുന്നത്. ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന് ഈ സന്ദേശം ലഭിച്ചത് മുതൽ പലരും അന്വേഷിക്കുകയാണ്. എന്നാൽ IRCTC വെബ്‌സൈറ്റിൽ  ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും ഇല്ല.

പ്രസക്തമായ ചില കീവേഡുകളുപയോഗിച്ച് പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട് IRCTC വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒരു ചോദ്യോത്തരം കാണാൻ കഴിയും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. പകരം യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരന്‍ സാധുവായ ഒരു ഫോട്ടോ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കണമെന്നാണ് IRCTC നൽകിയിരിക്കുന്ന മറുപടി.

ഇത് സംബന്ധിച്ച അറിയിപ്പുകൾ ഒന്നും  IRCTCയുടെ സമൂഹമാധ്യമ പേജുകളിലും നൽകിയിട്ടില്ല. IRCTC, ഇന്ത്യന്‍ റെയില്‍വെ എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജുകളില്‍  വൈറല്‍ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി പോസ്റ്റുകൾ വന്നിട്ടുണ്ട്. സതേൺ റെയിൽവേ വിഭാഗം ഔദ്യോഗിക വക്താക്കളും പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ് എന്നറിയിച്ചിട്ടുണ്ട്.

റെയില്‍വെ ടിക്കറ്റ് അനധികൃതമായി വാങ്ങുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റകരം. റെയില്‍വേ ജീവനക്കാരനോ  റെയിൽവേ ഏർപ്പെടുത്തിയ ഏജന്റോ അല്ലാതെ ആർക്കും തന്നെ ട്രെയിന്‍ ടിക്കറ്റ് വാങ്ങി വിതരണം ചെയ്യാൻ കഴിയില്ല. അനധികൃത ബിസിനസ്സ് നടത്തുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുമെന്ന് റെയില്‍വെ നിയമത്തിലെ 143-ാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കുന്നതിൽ യാതൊരു തടസവുമില്ലെന്ന് റെയിൽവേ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Recent social media posts falsely claim new IRCTC rules impose severe penalties for booking tickets for friends or relatives with different surnames. Channeliam’s fact check reveals these allegations are baseless.

Share.

Comments are closed.

Exit mobile version