പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ. ഏകദേശം 8.88 ലക്ഷം കോടി രൂപ. ഇതിൽ  പ്രവാസി മലയാളികള്‍ 2023 ല്‍ കേരളത്തിലേക്ക് മാത്രം അയച്ചത് 2,16,893 കോടി രൂപ. 2018 ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ച തുകയേക്കാള്‍ 154.9 ശതമാനം വര്‍ധനവുണ്ടായി.

ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലേക്കു പ്രവാസികൾ ഈ കാലയളവിൽ അയച്ച തുക കണക്കാക്കിയാൽ കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ  നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്ഫോളിയോ നിക്ഷേപവും ചേർന്നുള്ള 54 ബില്യൺ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണിതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ  സാമ്പത്തിക വർഷം ആകെ 119 ബില്യൺ ഡോളർ പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയിരുന്നു.

നേരത്തേ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം  ഇന്ത്യയിലേക്ക് എത്തിയിരുന്നതെങ്കിൽ നിലവിൽ യുഎസിനാണ് ഒന്നാംസ്ഥാനമെന്ന് റിസർവ് ബാങ്കിന്‍റെ സർവേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 23 ശതമാനമാണ് യുഎസിന്‍റെ പങ്ക്.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023 ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായതായി 2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോർട്ട് പറയുന്നു. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്. 2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എന്‍ആര്‍ഐ പണമെങ്കില്‍ അഞ്ച് വര്‍ഷത്തിനിപ്പുറം അതില്‍ 154.9 ശതമാനം വര്‍ധനവ് കാണിക്കുന്നു.

പ്രവാസികള്‍ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വര്‍ധന 2023 ല്‍ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണ് സര്‍വേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതല്‍ ഈ കണക്കില്‍ സ്ഥിരത കാണിക്കുന്നുണ്ട്.

നാട്ടിലേക്കുള്ള എന്‍ആര്‍ഐ പണത്തിന്റെ അളവില്‍ വലിയ വര്‍ധനവുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018 ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023 ല്‍ 22 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. വിദ്യാര്‍ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോര്‍ട്ട് കാണിക്കുന്നു.  കേരളത്തില്‍ നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണ്. അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പത് ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടിലുണ്ട് .

2018 ല്‍ 1,29,763 വിദ്യാര്‍ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കില്‍ 2023 ല്‍ അത് 2,50,000 ആയി വര്‍ധിച്ചു. കേരളത്തില്‍ നിന്നു 17 വയസിന് മുന്‍പ് തന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു.

വടക്കന്‍ കേരളത്തിലെ മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെ നിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെയാണ്.

എങ്കിലും ജിസിസി രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018 ലെ 89.2 ശതമാനത്തില്‍ നിന്ന് 2023 ല്‍ 80.5 ശതമാനമായി ഇടിഞ്ഞു. വിദ്യാര്‍ഥി കുടിയേറ്റത്തില്‍ യുകെയാണ് മുന്നില്‍. ആകെ വിദേശ വിദ്യാര്‍ഥികളില്‍ 30 ശതമാനം യുകെയിലാണ് പഠിക്കുന്നത്.

സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018 ലെ 15.8 ശതമാനത്തില്‍ നിന്ന് 2023 ല്‍ 19.1 ശതമാനത്തിന്റെ വര്‍ധന കാണിക്കുന്നു. സ്ത്രീ പ്രവാസികള്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് കൂടുതലായി യൂറോപ്പ്, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണത കാണിക്കുന്നു.

2023 ല്‍ 18 ലക്ഷം മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതായാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018 ല്‍ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങള്‍, കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ എന്നിവയാണ് മടക്കത്തിന് കാരണം. കോവിഡിനെ തുടര്‍ന്നുണ്ടായ ജോലി നഷ്ടം, നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടങ്ങിയയും കാരണമായി. മടങ്ങിയെത്തിയ പ്രവാസികളില്‍ 18.4 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കെത്തിയവരാണ്.

വിദേശത്തു നിന്ന് മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടര്‍ന്ന് ഒരു എമിഗ്രേഷന്‍ ഡെവലപ്മെന്റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തില്‍ അവരുടെ പങ്ക് വര്‍ധിപ്പിക്കുന്നതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

  പ്രവാസിപ്പണം നേടുന്നതിൽ കേരളത്തിനുണ്ടായിരുന്ന ഒന്നാംസ്ഥാനം കോവിഡാനന്തരം മഹാരാഷ്ട്ര നേടിയെടുത്തു. നിലവിൽ മൊത്തം പ്രവാസിപ്പണത്തിൽ 35 ശതമാനവും നേടുന്നത് മഹാരാഷ്ട്രയാണ്. 10.2 ശതമാനമാണ് കേരളത്തിലെത്തുന്നതെന്നും സർവേ വ്യക്തമാക്കിയിരുന്നു.

ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. വർഷങ്ങളായി ഇന്ത്യ തന്നെയാണ് മുന്നിൽ. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യ 125 ബില്യൺ ഡോളർ നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള മെക്സിക്കോയ്ക്ക് ലഭിച്ചത് 66.2 ബില്യൺ ഡോളറായിരുന്നു.

ചൈന (49.5 ബില്യൺ), ഫിലിപ്പീൻസ് (39.1 ബില്യൺ), ഫ്രാൻസ് (34.8 ബില്യൺ), പാകിസ്ഥാൻ (26.6 ബില്യൺ), ഈജിപ്റ്റ് (24.2 ബില്യൺ), ബംഗ്ലദേശ് (23 ബില്യൺ), നൈജീരിയ (20.5 ബില്യൺ), ജർമനി (20.4 ബില്യൺ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

Discover the significant increase in NRI remittances to India and Kerala in 2023, according to the Kerala Migration Survey Report. Learn about the trends, key statistics, and their implications.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version