പശ്ചിമഘട്ടമലനിരകളിലെ നീലഗിരി കുന്നുകൾക്ക് താഴെയായി ഭവാനി നദിയുടെ ഉത്ഭവസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ ഒരു പർവത താഴ്‌വരയാണ് അട്ടപ്പാടി. കേരളത്തിലെ ഏക ആദിവാസി താലൂക്കാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായി സർക്കാർ തന്നെ കണ്ടെത്തിയിട്ടുള്ള അട്ടപ്പാടി പക്ഷെ, ഇന്ന് വാർത്തകളിൽ ഇടം നേടുന്നത് നേട്ടത്തിന്റെ കഥകൾ കൊണ്ടാണ്. കടുത്ത പ്രതിസന്ധികളെ അവഗണിച്ചും അട്ടപ്പാടി സർക്കാർ ഐടിഐ-യിലെ വിദ്യാർത്ഥികൾ വിജയിപ്പിച്ചെടുത്ത സംരംഭക ആശയങ്ങളാണ് ഇന്ന് ശ്രദ്ധേയമാകുന്നത്.
ഐടിഐയിലെ മില്ലറ്റ് സംരംഭം
അട്ടപ്പാടിയുടെ കാർഷിക സംസ്ക്കാത്തിന്റെ ചുവടുപിടിച്ച് ഐടിഐ വിദ്യാർത്ഥികളായ കാർത്തിക്കും റോഷ്നി ജോസും പുറത്തിറക്കുന്ന വട്ടലക്കി മില്ലെറ്റ്സ് അതിന്റെ ആദ്യ ഉദാഹരണമാണ്. കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും വെള്ളത്തിന്റെ ദൗർലഭ്യവും ഒക്കെ കർഷകർക്ക് വെല്ലവിളിയാകുന്നിടത്താണ് പുതിയ സംരംഭക ശൈലി പിന്തുടർന്ന് വട്ടലക്കി മില്ലെറ്റ്സ് അതിന്റെ മാർക്കറ്റ് കണ്ടെത്തുന്നത്
അട്ടപ്പാടിയിലെ കാർഷിക കുടുംബത്തിലെ കാർത്തിക്കിനെ പോലെയുള്ള പുതിയ തലമുറയ്ക്ക് പിന്തുണയുമായി വിദ്യാർത്ഥികളും അധ്യാപകരും ഉണ്ട്. അങ്ങനെ സർക്കാർ ഐടിഐ-യിലെ സംരംഭത്തിന് പ്രൊഫഷണലായ മാർക്കറ്റിംഗിനും ബ്രാൻഡിങ്ങിനും തുറക്കാനായി.
മുഹമ്മദ് ജാബിറിന്റെ ഭവാനി അഗർബത്തീസ്
പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് ക്ലാസിൽ വരാൻ പോലും ആകാതെ പഠനം നിറുത്തേണ്ടി വരുന്ന സഹപാഠികളുടെ സാഹചര്യം കണ്ടപ്പോഴാണ് വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്യാൻ ഐടിഐ വിദ്യാർത്ഥിയായ മുഹമ്മദ് ജാബിർ തീരുമാനിച്ചത്. കൂടെ ബഞ്ചിലിരുന്ന് പഠിക്കുന്നവരുടെ ദൈന്യത കണ്ടപ്പോൾ, ജാബിറിന് വെറുതെ ഇരിക്കാനായില്ല. അങ്ങനെ ക്ലാസ് മുഴുവൻ ഒരു സംരംഭത്തിന് പിന്നിൽ നിന്നു.
19 വിദ്യാർത്ഥികളാണ് ഭവാനി അഗർബത്തീസ് നിർമ്മിക്കുന്നത്. വിദ്യാർത്ഥികൾ അട്ടപ്പാടിയിൽ നിന്ന് കോയമ്പത്തൂരേക്ക് വിട്ടു. റോമെറ്റീരിയൽ വാങ്ങി..ഭവാനി അഗർബത്തീസ് എന്ന സംരംഭം പിറന്നു. കൂടെ പഠിക്കുന്ന പ്രിയപ്പെട്ടവരുടെ സാമ്പത്തിക ക്ലേശത്തിന് കാരുണ്യം പോലെ ഒരു സംരംഭം.
അട്ടപ്പാടിയുടെ സുഗന്ധം എന്നാണ് ഭവാനി അഗർബത്തീസിന്റെ ടാഗ് ലൈൻ. പ്രാദേശിക ഉത്സവങ്ങളുടെ സമയത്ത് പ്രത്യേക ഡിസൈനിൽ അട്രാക്റ്റീവായ പായ്ക്കറ്റിൽ ചന്ദനത്തിരികൾ വിൽപ്പനയ്ക്ക് വെയ്ക്കുന്നത് ഉൾപ്പെടെ വിവിധ മാർക്കറ്റിംഗ് സ്ട്രാറ്റജികളും ജാബിറും ഭവാനി അഗർബത്തീസും പരീക്ഷിക്കുന്നു.
അട്ടപ്പാടിയിൽ നിന്ന് ഇലക്ട്രിക് വണ്ടി- റിവൈവ്
കോട്ടത്തറ ആശുപത്രിയിൽ പ്രവർത്തനരഹിതമായി കിടന്ന ഒരു വാഹനം. അത് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട്, തുരുമ്പെടുത്ത്, ആക്രി വിലയ്ക്ക് വിൽക്കാൻ മാത്രം പറ്റും എന്ന അവസ്ഥയിൽ, ഈ അട്ടപ്പാടി സർക്കാർ ഐടിഐയിലെ ഒരു കൂട്ടും വിദ്യാർത്ഥികൾ ഒരു അവസരം കണ്ടു.
ഐടിഐ- പ്രൊജക്റ്റിന്റ ഭാഗമായി ആ നിശ്ചലമായ വണ്ടിയെ ഇലക്ട്രിക് വണ്ടിയായി പരിവർത്തനം ചെയ്യാമെന്ന ആശയം വിദ്യാർത്ഥികൾ പ്രാവർത്തികമാക്കി. അങ്ങനെ റിവൈവ് എന്ന ഈ വാഹനം ഇനി വരുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സ്റ്റഡി മെറ്റീരിയലായി കൂടി മാറി.
സർക്കാർ ഐടിഐ-യിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികളാണ് അവരുടേതായ ചുറ്റുപാടിൽ നിന്നുകൊണ്ട് വിവിധങ്ങളായ സംരംഭക ആശയങ്ങളെ യാഥാർത്ഥ്യമാക്കി വിജയിപ്പിക്കുന്നത്. കേരളത്തിലെ ഒരു ട്രൈബൽ മേഖലയിൽ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച് വരുന്ന സംരംഭത്തിന്റെ മാതൃകകളാണിത്. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിന്റേയും ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റേയും നേതൃത്തിൽ നടക്കുന്ന ലീപ് എന്ന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് ആശത്തെ സംരംഭമാക്കാൻ വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകുന്നത്.
