വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് 2026-27 കേന്ദ്ര ബജറ്റ്. വനിതാ സ്വയംസഹായ സംഘങ്ങളെയും സംരംഭകരെയും ലക്ഷ്യമിട്ട് ‘ഷീ മാർട്ട്സ്’ (She MARTS) എന്ന പുതിയ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. വായ്പയെടുത്ത് ജീവികച്ചെലവുകൾ നടത്തുന്ന അവസ്ഥയിൽ നിന്നും സ്ത്രീകൾ സ്വന്തം സംരംഭങ്ങളുടെ ഉടമകളായി മാറുന്ന രീതിയിലേക്കുള്ള മാറ്റമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.

വനിതാ സ്വയംസഹായ സംഘങ്ങളിലെ സംരംഭകർ നടത്തുന്നതും കമ്മ്യൂണിറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് ഷീ മാർട്ട്സ്. ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി ഉറപ്പാക്കുക, പ്രാദേശിക ബ്രാൻഡുകളെ പ്രമുഖ കമ്പനികളോട് മത്സരിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ലക്ഷ്യം. ക്ലസ്റ്റർ തലത്തിലുള്ള ഫെഡറേഷനുകൾക്ക് കീഴിലായിരിക്കും ഈ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുക.
സാധാരണ ബാങ്ക് വായ്പകൾക്ക് പുറമെ, നൂതനമായ സാമ്പത്തിക സഹായ പദ്ധതികളിലൂടെ (Innovative Financing) ഈ സംരംഭങ്ങൾക്ക് മൂലധനം ഉറപ്പാക്കും. ‘ലഖ്പതി ദീദി’ പദ്ധതിയുടെ വൻ വിജയമാണ് ഇത്തരമൊരു വലിയ പ്രഖ്യാപനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഗ്രാമീണ സ്ത്രീകൾക്ക് പ്രതിവർഷം ചുരുങ്ങിയത് 1 ലക്ഷം രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ‘ലഖ്പതി ദീദി’. ഡ്രോൺ റിപ്പയറിംഗ്, എൽ.ഇ.ഡി ബൾബ് നിർമ്മാണം, പ്ലംബിംഗ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾക്ക് ഇതിലൂടെ പരിശീലനം നൽകുന്നു.
യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ലോകത്തെ സാമ്പത്തിക മാറ്റങ്ങളെ പ്രതിരോധിക്കാൻ പ്രാപ്തമായ രീതിയിൽ രാജ്യത്തെ വളർത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർ പാർലമെന്റിൽ പറഞ്ഞു.
Finance Minister Nirmala Sitharaman introduces ‘She MARTS’ in Budget 2026, a revolutionary retail chain owned and operated by women SHGs. Moving beyond loans, this scheme aims to transform rural women into successful enterprise owners.